
കുട്ടനാട്: മൂന്ന് വര്‍ഷമായി പിരിഞ്ഞു കഴിയുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തലവടി കളങ്ങര പറമ്പടി കുന്നേല്‍ വീട്ടില്‍ ഷീബ (30) യാണ് വെട്ടേറ്റത്. മാതാപിതാക്കളോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ചെറുതന ചിറയില്‍ വീട്ടില്‍ ജയന് വര്‍ഗീസ് (41)നെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ഷീബയുടെ വീട്ടിലെത്തിയ പ്രതി സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിന് പിറകില്‍ ആഞ്ഞ് വെട്ടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കുതറി ഓടിയ ഷീബയെ റോഡിലൂടെ പിന്തുടര്ന്ന് ഇടതു തോളില്‍ വെട്ടി. പിന്നീട് താഴെ വീണ ഷീബയുടെ വലത് തോളിലും പ്രതി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആയുധവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ജയനെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഭാര്യയോടുള്ള സംശയമാണ് സംഭവത്തിന് കാരണമെന്ന് കേസെടുത്ത് അന്വേഷണം നടത്തുന്ന എടത്വാ പൊലിസ് പറഞ്ഞു.