2021 February 27 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഭരണ ഇടനാഴിയിലെ അധികാര ദല്ലാള്‍


ബി.ജെ.പി സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുമായി റിപ്പബ്ലിക് ടി.വിയിലൂടെ വര്‍ഗീയവിഷം ചീറ്റുന്ന അര്‍ണബ് ഗോസ്വാമിയെ മാത്രമേ ഇതുവരെ പൊതുസമൂഹം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍, റിപ്പബ്ലിക് ടി.വിയുടെ ഉടമയായ അര്‍ണബ് ഗോസ്വാമി ഭരണ ഇടനാഴിയിലെ അധികാര ദല്ലാളായിരുന്നുവെന്ന വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ചാനല്‍ റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) മുന്‍ സി.ഇ.ഒ പാര്‍ഥോദാസുമായി അര്‍ണബ് നടത്തിയ ഓണ്‍ലൈന്‍ സംഭാഷണമാണ് ഇതിനാധാരമായി പുറത്തുവന്നിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണമുണ്ടായപ്പോള്‍ അര്‍ണബ് സന്തോഷിച്ചുവെന്നും ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സംബന്ധിച്ച് അര്‍ണബിനു മുന്‍കൂട്ടി വിവരം കിട്ടിയിരുന്നുവെന്നുമാണു പാര്‍ഥോദാസുമായി നടത്തിയ ചാറ്റിങ്ങില്‍ അര്‍ണബ് വ്യക്തമാക്കുന്നത്.

500 പേജ് വരുന്ന ചാറ്റില്‍ പാര്‍ഥോദാസ് താന്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ചെയ്തുകൊടുത്ത സഹായങ്ങള്‍ വിവരിക്കുന്നുണ്ട്. പ്രത്യുപകാരമായി പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പദവി തനിക്കു വാങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും അര്‍ണബ് അതു സമ്മതിക്കുന്നുമുണ്ട്. ചാറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്ര സര്‍ക്കാരിലുമുള്ള അര്‍ണബിന്റെ സ്വാധീനം പ്രകടമാക്കുന്ന വിവരങ്ങളാണുള്ളത്.
ചാനല്‍ റേറ്റിങ്ങിലെ അശാസ്ത്രീയത ഡിജിറ്റല്‍ റേറ്റിങ് നടപ്പാക്കിയാല്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന ട്രായ് നിലപാടിനു കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കാത്തത് അര്‍ണബ് ഗോസ്വാമിമാരെ സഹായിക്കുന്നതിന്റെ ഭാഗമാണോയെന്ന സംശയം ഇവിടെ ഉയരുന്നു. ചാണകചികിത്സയിലൂടെയും ഗോമൂത്ര സേവയിലൂടെയും കൊറോണ വൈറസിനെ ഓടിച്ചുവിടാമെന്നു റിപ്പബ്ലിക് ടി.വിയിലൂടെ വീരവാദം പറഞ്ഞ ഗോസ്വാമിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രതിഫലം സര്‍ക്കാരിന്റെ സുരക്ഷാവഴികളില്‍ യഥേഷ്ടം മേഞ്ഞുനടക്കാനുള്ള സ്വാതന്ത്ര്യമാണ്.
2019 ഫെബ്രുവരി 14നാണു കശ്മിരിലെ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. അത് ഇന്ത്യയിലെ ഓരോ പൗരനെയും ഞെട്ടിച്ചതും ദുഃഖിപ്പിച്ചതുമായ സംഭവമാണ്. എന്നാല്‍, തനിക്ക് ഇഷ്ടപ്പെടാത്തവരെ മുഴുവന്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന അര്‍ണബിന് പുല്‍വാമ ആക്രമണം സന്തോഷമുളവാക്കിയെന്നത് അത്ഭുതപ്പെടുത്തുന്നു.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ സന്തോഷിക്കുന്ന മനസ് ഒരിക്കലും രാജ്യസ്‌നേഹിയുടേതല്ല, രാജ്യദ്രോഹിയുടേതാണ്. പുല്‍വാമ ആക്രമണത്തില്‍ അര്‍ണബിനെപ്പോലൊരാള്‍ സന്തോഷിക്കണമെങ്കില്‍ അതിനു സങ്കല്‍പ്പിക്കാനാവുന്നതിലും അപ്പുറത്തെ അര്‍ഥതലമുണ്ട്. അര്‍ണബിന്റെ വെളിപ്പെടുത്തലിലൂടെ പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ചു ആരിലെങ്കിലും സംശയം ഉയര്‍ന്നാല്‍ കുറ്റം പറയാനാകില്ല.
കശ്മിരിനു പ്രത്യേകപദവി നല്‍കുന്ന 370 ാം വകുപ്പ് എടുത്തു കളയുന്ന തീരുമാനം മോദി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും മുന്‍കൂട്ടി അറിഞ്ഞതാണെന്നു വിശ്വസിക്കാന്‍ കഴിയില്ല. തികച്ചും നാടകീയമായാണ് അമിത്ഷാ കൈയിലൊരു കടലാസുകഷണത്തില്‍ എഴുതിക്കൊണ്ടുവന്ന കുറിപ്പു പാര്‍ലമെന്റില്‍ വായിക്കുന്നത്. ആ തീരുമാനവും താന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നാണ് അര്‍ണബ് അവകാശപ്പെടുന്നതുന്നത്. രാജ്യത്തെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങള്‍പോലും ഭരണകൂടത്തിലെ ഉന്നതര്‍ വെറുമൊരു മാധ്യമപ്രവര്‍ത്തകനുമായി കൂടിയാലോചിച്ചിരുന്നുവെന്നു വരുമ്പോള്‍ അധികാരത്തിന്റെ അകത്തളത്തിലെ ദല്ലാളന്മാരുടെ ശക്തിയും സ്വാധീനവും എത്ര ഭീകരമാണെന്നു വരുന്നു.

മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ ആത്മകഥയില്‍ നോട്ട് നിരോധനത്തെക്കുറിച്ചു പറയുന്ന ഭാഗം ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചാനലില്‍ പ്രഖ്യാപിക്കുമ്പോഴാണ് നോട്ടു നിരോധനത്തെക്കുറിച്ചു ഇന്ത്യയിലെ ഏതു പൗരനെയും പോലെ താനും അറിഞ്ഞത് എന്നാണു പ്രണബ്കുമാര്‍ മുഖര്‍ജി എഴുതിയത്. അദ്ദേഹം അടിമുടി മാന്യനായതിനാല്‍ ആ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന സ്വരം പോലും ഉള്‍ച്ചേര്‍ത്തില്ല. ഇത്തരം സുപ്രധാനമായ സന്ദര്‍ഭങ്ങളില്‍ രഹസ്യം സൂക്ഷിക്കേണ്ടത് അനിവാര്യമായിരിക്കാം എന്നു സ്വയം സമാധാനപ്പെടുകയാണ് മുഖര്‍ജി. അതിപ്രധാനരഹസ്യം എന്ന നിലയില്‍ നോട്ടുനിരോധന തീരുമാനം ഇന്ത്യയുടെ പ്രഥമപുരുഷനില്‍ നിന്നുപോലും മറച്ചുവച്ച മോദി സര്‍ക്കാരിന് അര്‍ണബ് എല്ലാ രഹസ്യങ്ങളും കൈമാറാവുന്ന വ്യക്തിയായതിനു പിന്നിലെ രഹസ്യമെന്താണ്.
രാജ്യത്തിന്റെ മതേതര സ്വഭാവം പൊളിച്ചെഴുതാന്‍ അണിയറയില്‍ ചുട്ടെടുക്കുന്ന സി.എ.എ നിയമങ്ങള്‍ക്കു സ്തുതിഗീതം പാടാനും ലോകശ്രദ്ധ പിടിച്ചുപറ്റിയ കര്‍ഷകസമരത്തെ ഭീകരവാദ ചാപ്പകുത്തി ഇകഴ്ത്തിക്കാട്ടാനും തയാറാകുന്ന ചാനല്‍ മേധാവികള്‍ക്കു പ്രതിഫലമായി ഇന്ത്യയുടെ സുരക്ഷാ വാതിലുകള്‍ മലര്‍ക്കെ തുറന്നുകൊടുത്ത ഭരണസിരാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളാണ് അര്‍ണബ്-പാര്‍ഥോദാസ് സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കില്‍ വധശിക്ഷ വരെ കിട്ടാവുന്ന രാജ്യദ്രോഹക്കുറ്റമാണിത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.