2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭരണഘടനാ ഉത്തരവ് പാർലമെന്റിനും മുകളിൽ: പാക് സുപ്രിംകോടതി സഭ പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമാണെന്ന സൂചന നൽകി കോടതി;

   

വാദം ഇന്നും തുടരും
ഇസ് ലാമാബാദ്
ഭരണഘടനാപരമായ ഉത്തരവുകൾ പാർലമെന്റിന്റെ അധികാരത്തിനും മുകളിലാണെന്ന് പാക് സുപ്രിംകോടതി. പ്രസിഡന്റ് ആരിഫ് അൽവി പാർലമെൻ്റ് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാലിൻ്റേതാണ് നിരീക്ഷണം. രാജ്യത്തിന്റെ വിദേശ നയത്തിലോ സർക്കാരിന്റെ ആഭ്യന്തര, രാഷ്ട്രീയ കാര്യങ്ങളിലോ കോടതി ഇടപെടുന്നില്ല. നയപരമായ കാര്യങ്ങൾക്ക് പകരം ഭരണഘടനയുടെ വെളിച്ചത്തിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നതാണ് കോടതിക്ക് എളുപ്പമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അവിശ്വാസ പ്രമേയം മേശപ്പുറത്തുവയ്ക്കുമ്പോൾ സഭയിൽ ആവശ്യമായ ഭൂരിപക്ഷമുണ്ടായിരുന്നു. പാർലമെന്റ് ചട്ടങ്ങൾ നോക്കി ഭരണഘടനാപരമായ അവകാശങ്ങൾ അവഗണിക്കാനാവില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കേസിൽ ഇന്നും വാദം തുടരും.
പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നിർദേശത്തെത്തുടർന്നാണ് ദേശീയസഭ പ്രസിഡന്റ് പിരിച്ചുവിട്ടത്. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമർപ്പിച്ച ഒരുകൂട്ടം ഹരജികളാണ് കോടതിയിലുള്ളത്. വിഷയത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ്, സുപ്രിംകോടതി ബാർ അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ എന്നിവരെയെല്ലാം കക്ഷി ചേർത്തിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ ഇജാസുൽ അഹ്സാൻ, മസ്ഹർ ആലം ഖാൻ മിയാൻഖെൽ, മുനീബ് അക്തർ, ജമാൽ ഖാൻ മണ്ടോഖൈൽ എന്നിവരുൾപ്പെടുന്നു.
അവിശ്വാസ പ്രമേയ നടപടികളിൽ ചില ചട്ടലംഘനങ്ങൾ നടന്നതായി വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. വോട്ടെടുപ്പിനു മുമ്പ് ചർച്ച നടത്തണമെന്ന് ചട്ടമുണ്ടെങ്കിലും അത് നടന്നില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, റൂളിങ് നൽകാൻ ഡെപ്യൂട്ടി സ്പീക്കർക്കുള്ള അധികാരം ചോദ്യംചെയ്തു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ വോട്ടെടുപ്പ് നടത്തണം. എന്നാൽ അതിന് നിൽക്കാതെ സഭ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ വാദം. ഈ വാദം സാധൂകരിക്കുന്ന നിലപാടാണ് കോടതിയുടേത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.