2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബൗളിങ് ആക്ഷന്‍ മാറ്റാന്‍ നരെയ്ന്‍ പരിശീലനത്തില്‍

ദുബൈ: ഒടുവില്‍ സുനില്‍ നരെയ്ന്‍ ബൗളിങ്ങിന്റെ ആക്ഷന്‍ മാറ്റാനൊരുങ്ങുന്നു. ബൗളിങ്ങിന്റെ ആക്ഷനെ തുടര്‍ന്ന് താരം ഒരുപാട് പഴികേട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് താരം നെറ്റ്‌സില്‍ ബൗളിങ് ആക്ഷന്‍ മാറ്റുന്നതിന് വേണ്ടി പരിശീലനം നടത്തുന്നത്.
താരം ഫോമിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു ബൗളിങ് ആക്ഷന്റെ പേരില്‍ പഴി കേള്‍ക്കുന്നത്. പഞ്ചാബിനെതിരേ നരെയ്‌ന്റെ ബൗളിങ് മികവിന്റെ കരുത്തില്‍ കെ.കെ.ആര്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ വീണ്ടും പരാതി ഉയര്‍ന്നത്. ഇതോടെ ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ നരെയ്‌നെ കെ.കെ.ആറിന് പുറത്തിരുത്തേണ്ടി വന്നു. ഇപ്പോഴിതാ നരെയ്ന്‍ തന്റെ ആക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നെറ്റ്‌സില്‍ തീവ്ര പരിശീലനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നരെയ്ന്‍ പന്തെറിയുമ്പോള്‍ കൈമടക്കുന്നത് അനുവദീനമായ 15 ഡിഗ്രിയില്‍ കൂടുതലാണെന്നാണ് പരാതി ഉയര്‍ന്നത്. നേരത്തെയും ഇതേ കാരണത്താല്‍ നരെയ്‌ന് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ അടുത്ത മത്സരത്തില്‍ കളിക്കുമ്പോള്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വീണ്ടും നരെയ്‌ന് വിലക്ക് നേരിടേണ്ടിവരും. ഇത് കെ.കെ.ആറിന് കടുത്ത തിരിച്ചടിയാവും. ഇക്കാരണത്താലാണ് നരെയ്‌നെ കെ.കെ.ആര്‍ പുറത്തിരുത്തിയിരിക്കുന്നത്. നരെയ്ന്‍ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയാല്‍ മാത്രമെ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂ. അതിനായുള്ള കഠിന പരിശ്രമത്തിലാണ് അദ്ദേഹമെന്നാണ് കെ.കെ.ആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2015ലാണ് ആദ്യമായി നരെയ്‌ന്റെ ബൗളിങ് സംശയത്തിന്റെ നിഴലിലാകുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്കിടെയായിരുന്നു ഇത്. പരിശോധനയില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതിനാല്‍ അദ്ദേഹത്തിന് 2015ല്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നീട് ഐ.സി.സിയുടെ പരിശോധനയില്‍ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയെന്ന് തെളിയിച്ചതിനാലാണ് നരെയ്ന്‍ മടങ്ങിവന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.