2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

ബ്രെക്‌സിറ്റ്: താല്‍ക്കാലിക വിരാമം


യൂറോപ്യന്‍ യൂനിയനില്‍നിന്നു ബ്രിട്ടന്റെ വിട്ടുപോകലിനു പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്നു ലണ്ടന്‍ ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചതിനാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ക്കു താല്‍ക്കാലിക വിരാമമാവും. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ലിസ്ബണ്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടിഷ്‌സര്‍ക്കാരിനു കഴിയില്ലെന്നാണു കോടതിയുടെ നിരീക്ഷണം.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെങ്കില്‍ ലിസ്ബണ്‍ കരാറിന്റെ അമ്പതാംവകുപ്പു നിലവില്‍വരണം. ഇതിനു ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്. യൂറോപ്യന്‍ യൂനിയന്‍ വ്യവസ്ഥ പ്രകാരം വിട്ടുപോകുന്ന രാജ്യങ്ങള്‍ ആദ്യം ലിസ്ബണ്‍ കരാറിന്റെ ആര്‍ട്ടിക്കിള്‍ അമ്പത് അംഗീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂനിയനുമായി വിട്ടുപോകല്‍ ചര്‍ച്ച തുടങ്ങേണ്ടത്.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും ബ്രെക്‌സിറ്റിന് എതിരാണ്. ആ നിലയ്ക്കു പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് പാസാകുമെന്ന് ഉറപ്പില്ല. പ്രധാനമന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് അമ്പതാംവകുപ്പു കൊണ്ടുവരാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇതിനെതിരേ ബ്രെക്‌സിറ്റ് വിരുദ്ധവിഭാഗം നല്‍കിയ കേസിലാണ് ലണ്ടന്‍ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. ജനഹിതപരിശോധനയെ തുടര്‍ന്നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റിനാണ് ഇത്തരം കാര്യങ്ങളില്‍ പരമാധികാരമെന്നിരിക്കെ ജനഹിതം തള്ളിപ്പോകാനാണു സാധ്യത.

കഴിഞ്ഞ ജൂണ്‍ 23 നു നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേര്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടു ചെയ്യുകയും 48.1 പേര്‍ എതിര്‍ക്കുകയും ചെയ്തു. തുടക്കംമുതല്‍ ബ്രെക്‌സിറ്റിനെതിരായിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവയ്ക്കുകയും ബ്രെക്‌സിറ്റിനെ അനുകൂലിച്ച തെരേസാ മേ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. 2017 മാര്‍ച്ച് ആവുമ്പോഴേക്കും യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനിരുന്ന തെരേസാ മേ സര്‍ക്കാരിന്റെ നീക്കത്തിനുള്ള തിരിച്ചടിയായിരിക്കുകയാണു ഹൈക്കോടതി വിധി. വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍നല്‍കുമെന്നാണു തെരേസ മേ പറയുന്നതെങ്കിലും പരമാധികാരം പാര്‍ലമെന്റിനായതിനാല്‍ അവരുടെ നീക്കം വിജയിക്കുമോയെന്നു കണ്ടറിയണം. ചുരുക്കത്തില്‍, ഇപ്പോള്‍ ബ്രിട്ടന്‍ ത്രിശങ്കുവിലാണ്.

43 വര്‍ഷത്തെ യൂറോപ്യന്‍ സഹവാസത്തില്‍നിന്നു ബ്രിട്ടന്‍ വിടവാങ്ങുന്നതു ലോകത്തിനുതന്നെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതാണ്. കുടിയേറ്റക്കാരുടെ തള്ളിക്കേറ്റംമൂലം തദ്ദേശവാസികളുടെ തൊഴിലവസരങ്ങളും മറ്റു സാധ്യതകളും ഇല്ലാതാകുമെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ഹിതപരിശോധന. പശ്ചിമേഷ്യയില്‍നിന്നുള്ള അഭയാര്‍ഥികളെയായിരിക്കും ഇത്തരമൊരു തീരുമാനം പ്രതികൂലമായി ബാധിക്കുകയെന്നു നിരീക്ഷിക്കപ്പെട്ടിരുന്നു. ഇറാഖില്‍നിന്നും സിറിയയില്‍ നിന്നും ഐ.എസിന്റെ ആക്രമണത്തെത്തുടര്‍ന്ന് പലായനം ചെയ്തവര്‍ ബ്രിട്ടനില്‍ കരപറ്റുകയായിരുന്നു. ബ്രെക്‌സിറ്റ് അവരുടെ കുടുംബങ്ങളെയായിരിക്കും ആത്യന്തികമായി ബാധിക്കുക.

ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ഡേവിഡ് കാമറണിന്റെ നിലപാടുകള്‍ക്കെതിരായി വോട്ടു വീണതിനാലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനവും രാഷ്ട്രീയം തന്നെയും ഉപേക്ഷിച്ചത്. ഭൂരിപക്ഷം പേരും ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്തത് ബ്രിട്ടിഷ് ജനത എത്രമാത്രം മാറിപ്പോയി എന്നതിന്റെ സൂചനയാണ്. അതിനാണിപ്പോള്‍ ലണ്ടന്‍ ഹൈക്കോടതി താല്‍ക്കാലിക വിരാമമിട്ടിരിക്കുന്നത്. ലോകത്തെ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണു ലണ്ടന്‍ ഹൈക്കോടതി വിധി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.