
ബീജിങ്
14ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം. ചൈനയുടെ ക്ഷണപ്രകാരം ഇന്നും നാളെയും ഓൺലൈനായി നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അധ്യക്ഷനാവും. വ്യാപാരം, ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ, കൊവിഡ്, ആഗോള സാമ്പത്തിക മുന്നേറ്റം തുടങ്ങി നിരവധി വിഷയങ്ങളിൽ ബ്രിക്സ് രാജ്യങ്ങളുടെ സഹകരണം ചർച്ച ചെയ്യും. വികസ്വര രാജ്യങ്ങൾക്കുള്ള പൊതുവായ ആശങ്കയും വിഷയമാവും.
ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉച്ചകോടി നടക്കുന്നത്. കൂടാതെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ അതിർത്തി തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ബ്രസീൽ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ഇതുവരെ അംഗരാജ്യങ്ങളിലാരും ഉക്രൈൻ അധിനിവേശത്തെ പരസ്യമായി അപലപിച്ചിട്ടില്ല.