
ബ്രസീലിയ: 13 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യമിട്ട് പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കിയതോടെ ബ്രസീലില്‍ പുതിയ രാഷ്ട്രീയ സാഹചര്യം വന്നിരിക്കുകയാണ്. മുന്‍ വൈസ് പ്രസിഡന്റും ദില്‍മ റൂസഫിന്റെ എതിരാളിയുമായ മൈക്കള്‍ ടെമറിന്റെ നേതൃത്വത്തില്‍ വന്ന ഇടക്കാല സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിയുകയാണ് ഇപ്പോള്‍ ദില്‍മ റൂസഫ്.
ടെമറിന്റെ മന്ത്രിസഭയില്‍ വെള്ളക്കാരായ പുരുഷന്മാര് മാത്രമേയുള്ളൂവെന്നാണ് അതില്‍ വലിയൊരു ആരോപണം. 1979 നു ശേഷം ഇതാദ്യമായാണ് ബ്രസീല്‍ കാബിനറ്റില്‍ വനിതാ പ്രാതിനിധ്യം നഷ്ടപ്പെടുന്നത്. ദില്‍മ റൂസഫ് മന്ത്രിസഭയിലെ 31 അംഗങ്ങളില്‍ ഏഴു വനിതകളുണ്ടായിരുന്നു.
മൈക്കള്‍ ടെമർ
വനിതകളെ കണ്ടെത്താനാവാത്തതാണ് ഉള്ക്കൊള്ളിക്കാത്തതിനു കാരണമെന്നു ഗവണ്മെന്റ് സ്റ്റാഫ് ചീഫ് എലിസ്യു പദില്ല പറയുന്നു. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ വനിതാ മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.