2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ബൊറോനോവ് പുറത്തായത് രണ്ടര മാസത്തിനുള്ളില്‍ 

 
 
 
 
ബിഷ്‌കെക്: ജൂണ്‍ 17ന് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ കുബത്‌ബെക് ബൊറോനോവ് തദ്സ്ഥാനത്ത് തുടരുന്നതിനെതിരേ രാജ്യത്തുടനീളം വന്‍ പ്രക്ഷോഭമാണ് അലയടിച്ചത്. 700ലധികം ആളുകളാണ് പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ആശുപത്രിയിലായത്. ഒരു 19കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. പോലിസ് കണ്ണീര്‍വാതകവും സ്റ്റണ്‍ ഗ്രനേഡുകളും ജലപീരങ്കിയുമെല്ലാം ഉപയോഗിച്ചെങ്കിലും പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ ഭവനവും ഉള്‍പ്പെടുന്ന ‘വൈറ്റ്ഹൗസ്’ വളഞ്ഞു. 
രാജ്യത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളും കൈയേറി. വൈറ്റ്ഹൗസിലെ കെട്ടിടങ്ങള്‍ കത്തുന്നതും പ്രസിഡന്റ് സൂറോണ്‍ബേ ജീന്‍ബെകോവിന്റെ ഓഫിസില്‍നിന്ന് ജനങ്ങള്‍ ഫയലുകളും മറ്റും പുറത്തേക്കെറിയുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. 
അഴിമതി അടക്കമുള്ള ആരോപണങ്ങളുന്നയിച്ച് ജയിലിലടച്ചിരുന്ന മുന്‍ പ്രസിഡന്റ് അല്‍മാസ്‌ബേക് അറ്റമാബേവിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാന്‍ ജനക്കൂട്ടം ആവശ്യപ്പെട്ടു. അധികം താമസിയാതെ ഇവര്‍ ജയില്‍മോചിതരായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച നടത്തിയ പ്രാഥമിക ഫലപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ അനുകൂല കക്ഷികള്‍ വന്‍ വിജയം നേടിയതായി പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാര്‍ അനുകൂല കക്ഷികളില്‍ മൂന്നെണ്ണം 120 സീറ്റില്‍ 107 എണ്ണവും കൈക്കലാക്കി. പ്രതിപക്ഷ കക്ഷികള്‍ ഒരു സീറ്റില്‍പോലും വിജയിച്ചില്ല. ഇതോടെ വോട്ടിങ്ങില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച ജനം തെരുവിലിറങ്ങുകയായിരുന്നു. 
ജൂണ്‍ 17നായിരുന്നു ബൊറോനോവ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അതിനു മുമ്പ് 2018 ഏപ്രില്‍ മുതല്‍ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്നു. 2011 മുതല്‍ 2018 വരെ അടിയന്തിരാവസ്ഥാ മന്ത്രിയുമായിരുന്നു. 
അഴിമതിയും തെരഞ്ഞെടുപ്പിലെ കൃത്രിമത്വവും മൂലം കഴിഞ്ഞ 15 വര്‍ഷത്തിനിടെ രണ്ട് പ്രസിഡന്റുമാരെയാണ് കിര്‍ഗിസ്താനില്‍ ജനം അട്ടിമറിച്ചത്. 2005ലും 2010ലും. ഞായറാഴ്ചത്തെ വോട്ടെടുപ്പിനെ തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം വ്യാപിച്ചതില്‍ സഖ്യകക്ഷിയായ റഷ്യയും അയല്‍രാജ്യമായ ചൈനയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജനം മാസ്‌ക് ധരിക്കുകയോ സാമൂഹികാകലം പാലിക്കുകയോ ചെയ്യാതെ ഒത്തുകൂടിയത് കൊവിഡ് മഹാമാരി വന്‍തോതില്‍ പടരാനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.