2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും കണക്കിന് കിട്ടി

 

മോന്‍സണ്‍ കേസില്‍ ഐ.ജി ലക്ഷ്മണയുടെ പങ്കിനെകുറിച്ചുള്ള വിശദീകരണം അപൂര്‍ണമെന്നും ഹൈക്കോടതി
കൊച്ചി: മോന്‍സണ്‍ കേസില്‍ ഐ.ജി ലക്ഷ്മണയുടെ പങ്കിനെകുറിച്ചുള്ള വിശദീകരണം അപൂര്‍ണമെന്നു ഹൈക്കോടതി. സത്യവാങ്മൂലത്തിലെ ഓരോ വിശദീകരണങ്ങളും കൂടുതല്‍ ചോദ്യങ്ങളിലേക്കാണ് പോകുന്നതെന്നും ഐ.ജി നടത്തിയ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.
മോന്‍സന്റെ വീട്ടില്‍ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്നും കോടതി ചോദിച്ചു. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോന്‍സന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. വീട് സന്ദര്‍ശിച്ച ലോക്‌നാഥ് ബെഹ്‌റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേയെന്നും കോടതി ചോദിച്ചു. നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

മോന്‍സണെതിരേ സംശയം ഉണ്ടായിട്ടും പൊലിസ് എന്തിന് സംരക്ഷണം നല്‍കിയെന്നും ഉന്നതരായ പൊലിസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് പൊലിസ് അന്വേഷിച്ചാല്‍ എങ്ങനെ ശരിയാവുമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. എല്ലാ സംവിധാനങ്ങളെയും മോന്‍സണ്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിച്ചു. മോന്‍സണെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ഭയമുണ്ടോയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുവിന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ വിദേശ സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നു അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മോന്‍സന്റെ തട്ടിപ്പിനെതിരേ പരാതികള്‍ ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. കേസ് അടുത്ത മാസം 11 നു വീണ്ടും പരിഗണിക്കും. മോന്‍സന്റെ ഡ്രൈവര്‍ അജിയെ പൊലിസ് ഭീഷണിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഡി.ജി.പി സത്യവാങ്മൂലം സമര്‍പ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.