2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബീച്ചുകളില്‍ അപകടം; സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാനാകാതെ അധികൃതര്‍

കണ്ണൂര്‍: ബീച്ചുകളിലെ അപകട മരണങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ കാര്യമായി ഉപയോഗിക്കാനാവാതെ അധികൃതര്‍. സ്പീഡ് ബോട്ടുകള്‍ രണ്ടെണ്ണം മുഴപ്പിലങ്ങാട് ബീച്ചില്‍ ഉണ്ടെങ്കിലും ബോട്ട് നിര്‍ത്തിവയ്ക്കാന്‍ സൗകര്യം ഇല്ലാത്തതാണു പ്രശ്‌നമായതെന്നാണു അധികൃതര്‍ പറയുന്നത്. അതിനായി പുലിമുട്ടുകളും ബോട്ട് ജെട്ടികളും നിര്‍മിക്കാന്‍ സാധിക്കില്ല.
ബീച്ചിലെ മണ്‍തിട്ടകളില്‍ തട്ടി എഞ്ചിന്‍ തകരാറിലാകുമോയെന്ന പേടിയുമാണ് ഇവര്‍ക്കുള്ളത്. പയ്യാമ്പലം കേന്ദ്രീകരിച്ച് സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കുമ്പോള്‍ മുഴപ്പിലങ്ങാട് ബീച്ചിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കു ചിലര്‍ മുടക്കം നില്‍ക്കുന്നതാണ് പ്രശ്‌നമെന്ന അഭിപ്രായത്തിലാണ് ഡി.ടി.പി.സി അധികൃതര്‍.
കൂടാതെ ബീച്ചുകളില്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിലാണ് ജില്ലാ ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി വകുപ്പിന്റെ നേതൃത്വത്തില്‍ ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്്. ജലപാതയാത്രകളില്‍ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റുകള്‍ വിനോദ സഞ്ചാരികളില്‍ നിന്നു 20രൂപ ഈടാക്കി നല്‍കുന്നുണ്ട്.
അപകടം കൂടുതലായി ഉണ്ടായ പയ്യാമ്പലം ബീച്ചില്‍ മാത്രമാണ് ജാക്കറ്റുകള്‍ നിലവിലുള്ളത്. മുഴപ്പിലങ്ങാട് ബീച്ചില്‍ ഭിന്നശേഷിസൗഹൃദ ടോയ്‌ലറ്റ് നിര്‍മാണം പൂര്‍ത്തിയായിട്ട് നാലു മാസമായി. എന്നാല്‍ തീരദേശ മേഖലയായതിനാല്‍ കെട്ടിട നമ്പര്‍ ലഭിക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ ഇതില്‍ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്.
കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാമെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. നാല് വിളക്കുകള്‍ ബീച്ചിലുണ്ടെങ്കിലും മീന്‍പിടുത്തകാര്‍ കടലില്‍ നിന്നു വരുമ്പോള്‍ വെളിച്ചം പ്രശ്‌നമുണ്ടാക്കുന്നതായി പരാതിയുണ്ടെന്നാണു അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇത്തരത്തില്‍ ഒരു വിഭാഗം പേര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കു വിലക്കു നില്‍ക്കുന്നതായും ആക്ഷേപം ഉണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.