
മുംബൈ: ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി അനുരാഗ് ഠാക്കൂര്‍ നിയമിതനായി. ബി.സി.സി.ഐയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന വിശേഷണവും അനുരാഗിന് സ്വന്തമാക്കിയത്. മുംബൈയില്‍ നടന്ന പ്രത്യേക ജനറല്‍ യോഗത്തില്‍ എതിരില്ലാതെയാണ് ഠാക്കൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ശശാങ്ക് മനോഹറിന് പിന്‍ഗാമിയായിട്ടാണ് ഠാക്കൂര്‍ പ്രസിഡന്റ് പദത്തിലെത്തുന്നത്. മനോഹറിന്റെ ഭരണത്തില്‍ ബി.സി.സി.ഐ സെക്രട്ടറിയായിരുന്നു ഠാക്കൂര്‍.
പ്രസിഡന്റ് പദത്തിലേക്ക് നാമനിര്‍ദേശ പത്രിക നല്കിയ ഠാക്കൂര്‍ മാത്രമായിരുന്നു.
2017 സെപ്റ്റംബര്‍ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ഐ.സി.സി എക്സിക്യൂട്ടീവ് ബോര്‍ഡിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിലും ഠാക്കൂറാണ് ബി.സി.സി.ഐയെ പ്രതിനിധീകരിക്കുക. ബോര്‍ഡിന്റെ 34ാം പ്രസിഡന്റാണ് ഠാക്കൂര്‍. മേഖലാടിസ്ഥാനത്തില്‍ ഊഴമനുസരിച്ചാണ് ബി.സി.സി.ഐ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഇക്കുറി അവസരം ലഭിച്ചത് ഈസ്റ്റ് സോണിനാണ്. ഈ മേഖലയില്‍ ആറു ഘടകങ്ങളും ഠാക്കൂറിനെ പിന്തുണയ്ക്കുകയായിരുന്നു.
അതേസമയം സെക്രട്ടറി പദത്തിലേക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അജയ് ഷിര്‍ക്കെയെ ഠാക്കൂര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. നേരത്തെ ബി.സി.സി.ഐയുടെ ട്രഷറര്‍ പദവിയിലെത്തിയിട്ടുണ്ട് ഷിര്‍ക്കെ.