2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

ബി.ജെ.പി നീക്കം ആപല്‍ക്കരം


മൂന്ന് മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗതീരുമാനത്തിന്റെ മഷിയുണങ്ങും മുന്‍പ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറിയിരിക്കുന്നു. ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ടില്‍ ബിജുവിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് കണ്ണൂരില്‍ വീണ്ടും അശാന്തിയുടെ കാര്‍മേഘങ്ങള്‍ പടരുവാന്‍ തുടങ്ങിയിരിക്കുന്നത്. കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും ഒറ്റപ്പെട്ട ഈ കൊലപാതകം സമാധാനശ്രമങ്ങള്‍ക്ക് വിഘാതമാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കൊലപാതകത്തെ അപലപിച്ച് പ്രതികരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പെട്ടവര്‍ തന്നെ കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കോപ്പ്കൂട്ടുന്നു എന്നത് ആശാസ്യമല്ല. മുഖ്യമന്ത്രി മൂന്ന് മാസം മുന്‍പ് വിളിച്ചുചേര്‍ത്ത സമാധാന യോഗം വെറും പ്രഹസനമായിരുന്നുവെന്നും അതല്ല, കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാവ് കൂടിയായ പിണറായി വിജയന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാത്തവരാണ് ജില്ലയിലെ സി.പി.എം പ്രവര്‍ത്തകരുമെന്നാണോ പൊതുസമൂഹം മനസിലാക്കേണ്ടത്. കൊലപാതകത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിഞ്ഞ ഏഴു പ്രതികളില്‍ മൂന്ന് പേരും സി.പി.എം പ്രവര്‍ത്തകരാണ്. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായി മാറാതിരിക്കണമെങ്കില്‍ കുറ്റവാളികള്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയുണ്ടാകേണ്ടിയിരിക്കുന്നു.
പൗരന്റ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ അത് നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ തുടര്‍നടപടികള്‍ക്ക് കര്‍ശനമായ നയം തന്നെയാണ് സ്വീകരിക്കേണ്ടത്. ഭരണകക്ഷി എന്ന നിലയില്‍ സി.പി.എം തന്നെയാണ് ഇതിനു മുന്‍കൈ എടുക്കേണ്ടതും. സമാധാന ശ്രമങ്ങള്‍ക്ക് ശേഷവും കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നുവെന്നത് ഒറ്റപ്പെട്ട സംഭവമെന്ന പേരില്‍ ലാഘവത്തോടെ കാണാനാവില്ല. അക്രമങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും പരിശോധനയുണ്ടാകേണ്ടിയിരിക്കുന്നു. ഡി.ജി.പി സെന്‍കുമാറിനെ അവിശ്വസിച്ചുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ മുന്നോട്ടുപോവാന്‍ സര്‍ക്കാരിനാവില്ല. കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പുവരുത്തണമെങ്കില്‍ പൊലിസിനെ ഉത്തമവിശ്വാസത്തിലെടുത്ത് അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്. കണ്ണൂരില്‍ നടക്കുന്ന സമാധാന ശ്രമങ്ങളൊന്നും ആത്മാര്‍ത്ഥമായിട്ടല്ല സംഘടിപ്പിക്കുന്നതെന്ന് പൊതുവെ ഒരു ധാരണയുണ്ട്. കൊലക്കത്തി താഴെയിടാന്‍ ആരും തയാറല്ല എന്നതാണ് യാഥാര്‍ഥ്യം. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതൃത്വങ്ങള്‍ മനസറിഞ്ഞ് തീരുമാനിച്ചാല്‍ തീരാവുന്നതേയുള്ളു കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍. അണികളെ ബലിദാനങ്ങള്‍ക്ക് അര്‍പ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നത്. എത്രയെത്ര കുടുംബങ്ങളാണ് ഇതുവഴി കണ്ണൂരില്‍ നിരാലംബരായി തീര്‍ന്നത്. ഇരുപാര്‍ട്ടികളിലെയും നേതാക്കളോ അവരുടെ മക്കളോ ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇരകളായി തീരുന്നില്ല. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന മക്കളുടെ കണ്ണീരിനു മുന്നില്‍ പോലും മനസിളകാതെ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നുതള്ളുന്ന കണ്ണൂരിലെ രാഷ്ട്രീയം എത്രയെത്ര കുടുംബങ്ങളെയാണ് അനാഥമാക്കിയത്. പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ ആര് ആദ്യം കത്തി താഴെ വെക്കണമെന്ന് ആലോചിക്കാതെ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാലും മേലില്‍ കൊലപാതകങ്ങള്‍ നടത്തില്ലെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടത്. അവര്‍ക്കൊപ്പമായിരിക്കും പൊതുസമൂഹമുണ്ടാവുക.
കണ്ണൂരിലെ ദു:ഖകരമായ സംഭവങ്ങളില്‍ നിന്നും മുതലെടുക്കുവാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ ബി.ജെ.പിയും സി.പി.എമ്മിനൊപ്പം തുല്യപങ്കാളികളാണ് എന്നിരിക്കെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി പട്ടാളത്തെ കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമായിരിക്കും. പട്ടാളം ചെന്നയിടങ്ങളിലൊന്നും സമാധാനം പുലര്‍ന്നിട്ടില്ല. അഫ്‌സ്പ നിയമം കൈയില്‍ പിടിച്ച് ഏത് അര്‍ദ്ധ രാത്രിയിലും വീടുകളില്‍ കയറിയിറങ്ങുവാന്‍ പട്ടാളക്കാര്‍ മടികാണിക്കില്ല. അവിടെ അവര്‍ കക്ഷി രാഷ്ട്രീയം നോക്കില്ല. നേരത്തെ കുമ്മനം രാജശേഖരനും ഇപ്പോള്‍ ഒ രാജഗോപാലും പട്ടാളത്തെ വിളിക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ അവരുടെ പരാതി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേഷ് ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ബിജുവിന്റെ കൊലപാതകത്തില്‍ സി.പി.എം പ്രവര്‍ത്തകരുടേതെന്ന് വിശദീകരിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യം കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതായില്ല. ഏതോ സ്ഥലത്ത് ആരോ നടത്തിയ ഘോഷയാത്രയാണതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വിശദീകരിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ നിജസ്ഥിതി വെളിവാക്കാനുള്ള ബാധ്യത കുമ്മനത്തിനുണ്ട്. ബിജുവിന്റെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. ഇതിന്റെ മറവില്‍ പട്ടാളത്തെ ഇറക്കുവാനുള്ള കുത്സിത ശ്രമങ്ങളില്‍ നിന്നും ബി.ജെ.പി പിന്മാറണം. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തിനു തന്നെ ആപല്‍ക്കരമാണ് ഇത്തരം നീക്കങ്ങള്‍. വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കശ്മിരിലും പട്ടാളത്തിന്റെ ക്രൂരതകളില്‍ നിന്ന് ആരും മോചിതരല്ല എന്ന വസ്തുത ബി.ജെ.പി ഓര്‍ക്കുന്നത് നന്ന്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.