സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ ബി.ജെ.പിയില്‍ നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാത്തതാണ് അതൃപ്തിക്കിടയാക്കിയത്. തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ബി.ജെ.പിയില്‍ ഉടലെടുത്തിരുന്ന കലഹം തിരുവനന്തപുരം കോര്‍പറേഷനിലെ ഫലപ്രഖ്യാപനത്തോടെ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. അനുകൂല സാഹചര്യം മുതലാക്കാന്‍ ആയില്ലെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ തന്നെ രംഗത്തെത്തി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രശ്‌നങ്ങളുണ്ടായി. പാര്‍ട്ടിക്കുള്ളില്‍ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതി നേരത്തെതന്നെ പരിഹരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കിയയിടമായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍. എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് 34 സീറ്റുകളില്‍ ഒതുങ്ങിയതോടെ സ്ഥാനാര്‍ഥിനിര്‍ണയത്തിലുള്‍പ്പെടെ പാളിച്ചകളുണ്ടായിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പ് ശോഭാ സുരേന്ദ്രനും പി.എം വേലായുധനുമൊക്കെ ഉന്നയിച്ച പരാതികളോട് കെ.സുരേന്ദ്രന്റെ നയിക്കുന്ന സംസ്ഥാന നേതൃത്വം മുഖംതിരിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്. കെ.സുരേന്ദ്രന്‍ നേതൃത്വം ഏറ്റെടുത്ത ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് സ്ഥാപിക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം. നാളെ നടക്കുന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയാകും.
Comments are closed for this post.