2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബി.എഡ് പരീക്ഷ നടത്തിയത്  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മറന്നോ?

ഷഫീഖ് മുണ്ടക്കൈ

 
കല്‍പ്പറ്റ: സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളുടെ ബി.എഡ് പരീക്ഷാഫലം പുറത്തുവന്നിട്ട് മാസം പിന്നിട്ടിട്ടും ഫലം പുറത്തുവിടാതെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി. 
ബി.എഡ് അവസാന സെമസ്റ്ററിന്റെ ഫലമാണ് ഇനിയും വരാത്തത്. ഇത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെയും ജോലി സാധ്യതകളെയും പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 22 മുതല്‍ 26 വരെയായിരുന്നു ബി.എഡ് നാലാം സെമസ്റ്റര്‍ പരീക്ഷ. അതേസമയം കണ്ണൂര്‍, കേരള, മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റികള്‍ ഇതിനകം പരീക്ഷാഫലം പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ എട്ടു മുതല്‍ 11 വരെയായിരുന്നു കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ബി.എഡ് അവസാന സെമസ്റ്റര്‍ പരീക്ഷ. 
ഓഗസ്റ്റ് 26ന് ഫലം പുറത്തുവിടുകയും ചെയ്തു. അതേസമയം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍  മൂല്യനിര്‍ണയം ഇനിയും ആരംഭിച്ചിട്ടില്ല. മൂല്യനിര്‍ണയ ക്യാംപുകളിലേക്ക് ഉത്തരക്കടലാസുകള്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് നിലവില്‍ നടക്കുന്നത്. വിദ്യാര്‍ഥികളുടെ പരാതികളെ തുടര്‍ന്നാണ് മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ തന്നെ ആരംഭിച്ചത്. പരീക്ഷാഫലം പുറത്തുവരാന്‍ ചുരുങ്ങിയത് ഒരുമാസമെങ്കിലുമെടുക്കുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ 75 കോളജുകളിലായി നാലായിരത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിലെ പ്രതിസന്ധികളും ശനിയാഴ്ചകളിലെ പൂര്‍ണ അവധിയും മൂല്യനിര്‍ണയത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എന്നാല്‍ മറ്റു സര്‍വകലാശാലകള്‍ ഈ പ്രതിസന്ധി മറികടന്നും പരീക്ഷാഫലം പുറത്തുവിട്ടെങ്കിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് ആരോപണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.