പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 71 മണ്ഡലങ്ങളിലാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും മൂന്നാംഘട്ടം ഏഴിനും നടക്കും. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.
71 മണ്ഡലങ്ങളിലായി രണ്ടു കോടിയിലേറെ പേരാണ് വോട്ടര്‍മാരായുള്ളത്. ഇവിടങ്ങളില്‍ 1,066 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കൊവിഡ് വ്യാപന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക നിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളില്‍ എന്‍.ഡി.എ മുന്നണിയില്‍നിന്ന് ജെ.ഡി.യു 35, ബി.ജെ.പി 29 എന്നിങ്ങനെ സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. പ്രതിപക്ഷ സഖ്യത്തില്‍നിന്നു കോണ്‍ഗ്രസ് 20 മണ്ഡലങ്ങളിലും ആര്‍.ജെ.ഡി 42 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. പ്രധാനമായും ജെ.ഡി.യുവിനെതിരേ ശബ്ദമുയര്‍ത്തുന്ന ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി ഇന്നു 41 സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെ.ഡി.യുവിനെ ഒതുക്കാന്‍ എല്‍.ജെ.പിയുമായി ചേര്‍ന്നു ബി.ജെ.പി കരുക്കള്‍ നീക്കുകയാണെന്നാണ് ആരോപണം. ജെ.ഡി.യുവിനെയും നിതീഷ്‌കുമാറിനെയും ശക്തമായി എതിര്‍ത്തു നിരന്തരം രംഗത്തെത്തുന്ന ചിരാഗ് പാസ്വാന്‍, ബി.ജെ.പിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്.
Comments are closed for this post.