2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ് കെ.പി യോഹന്നാന്റെ മൗനം; നടപടി ആവശ്യപ്പെട്ട് വിശ്വാസികള്‍

ടി.എസ് നന്ദു

കൊച്ചി: തിരുവല്ലയിലെ ആസ്ഥാനത്തടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മൗനം തുടരുന്ന ബിലീവേഴസ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ്പ് ഡോ. കെ.പി യോഹന്നാനെതിരേ നടപടി ആവശ്യപ്പെടാന്‍ വിശ്വാസികള്‍. റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത പണമിടപാടുകളും നിരോധിച്ച നോട്ടടക്കം 14.5 കോടി രൂപയും കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച വിശ്വസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ യോഹന്നാന്‍ തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരില്‍ക്കണ്ട് യോഹന്നാന്‍ അടക്കമുള്ളവര്‍ക്കെതിരേ നടപടി ആവശ്യപ്പെടാനാണ് ഇവരുടെ നീക്കം. യോഹന്നാനെതിരേയും സഭയിലെ മറ്റു ആരോപണ വിധേയര്‍ക്കെതിരേയും വിശദമായ അന്വേഷണം നടത്തി അനധികൃത പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരണം എന്നാണ് ഇവരുടെ ആവശ്യം. വിശ്വാസികളുടെ കൂട്ടായ്മയായ സേവ് ബിലീവേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അമിത് ഷായെ കാണുക. ഇതില്‍ വൈദികരും പങ്കുചേരും എന്നാണ് വിവരം.
അതിനിടെ, റെയ്ഡില്‍ സംശയാസ്പദമായി കണ്ടെത്തിയ 56 അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് ഹാജരാകാന്‍ ഇന്‍കം ടാക്‌സ് നോട്ടിസ് നല്‍കി. അക്കൗണ്ട് ഉടമകളായ സഭയിലെ ചില മുതിര്‍ന്ന വൈദികര്‍, സഭയോട് അടുപ്പമുള്ള വിശ്വാസികള്‍, ചില ജീവനക്കാര്‍, എന്നിവര്‍ക്കാണ് കൊച്ചിയിലെ ഓഫിസിലെത്താന്‍ നോട്ടിസ് നല്‍കിയത്. വരും ദിവസങ്ങളില്‍ ഇവരുടെ മൊഴിയെടുക്കും. അതിനിടെ ചോദ്യം ചെയ്യാനായി കെ.പി യോഹന്നാനെ നാട്ടിലെത്തിക്കാന്‍ ഐ.ടി വിഭാഗം നടപടി തുടങ്ങി. ഇതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഐ.ടി വിഭാഗം കത്തുനല്‍കി. അതേസമയം, ഡിസംബറില്‍ നാട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് യോഹന്നാന്റെ തീരുമാനം എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
സഭാ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടന്ന ദിവസങ്ങളില്‍ യോഹന്നാനെ ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. സഭയ്ക്കു കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്ന വിവരം പുറത്തുവന്നിട്ടും യോഹന്നാന്‍ പ്രതികരിച്ചില്ല. മറുപടി നല്‍കണമെന്ന ആവശ്യമുന്നയിച്ച് അയച്ച നൂറുകണക്കിന് ഇ മെയിലുകള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30ന് ഗ്ലോറിയസ് ഗോസ്പല്‍ എന്ന എഫ്.ബി പേജില്‍ യോഹന്നാന്‍ വിശ്വാസികള്‍ക്ക് വിശദീകരണം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ നേരില്‍ക്കണ്ട് വിദഗ്ധ അന്വേഷണം ആവശ്യപ്പെടാന്‍ ഒരു സംഘം വിശ്വാസികളും വൈദികരും ഒരുങ്ങുന്നത്. അതിനിടെ കള്ളപ്പണം വെളുപ്പിക്കലിന്റെ മുഖ്യസൂത്രധാരനായ ഒരു പ്രധാന വൈദികനെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇ.ഡി നീക്കം തുടങ്ങിയതായും വിവരമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.