2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

ബിരിയാണിയില്‍ ഗോമാംസം പരതുന്ന ഹരിയാന സര്‍ക്കാര്‍


ചികിത്സകിട്ടാതെ രാജ്യത്തെ ദരിദ്രജനങ്ങള്‍ പിടഞ്ഞുമരിക്കുന്നതും മൃതദേഹം ചുമലിലേറ്റി ബന്ധുക്കള്‍ കാതങ്ങള്‍ താണ്ടുന്നതും ഭരണക്കസേരയിലിരിക്കുന്നവരുടെ മനസിനെ നോവിക്കുന്നില്ല. ആ നേരത്ത് ഹരിയാനാ സര്‍ക്കാരിനെപ്പോലുള്ളവ പാവപ്പെട്ടവന്റെ ഭക്ഷണത്തില്‍ ബീഫുണ്ടോയെന്നു പരതുകയാണ്. അതിലാണവരുടെ ശ്രദ്ധ.
മലയാളത്തിലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്‍ ബിരിയാണിയെ മുഖ്യകഥാപാത്രമാക്കി ഈയിടെ ഒരു വാരികയില്‍ കഥ പ്രസിദ്ധീകരിച്ചതിനു തൊട്ടുപിറകെ ബിരിയാണി ഭീകരരൂപിയായി ഹരിയാനയില്‍ മാറിയിരിക്കുന്നതു യാദൃച്ഛികമായിരിക്കാം. ഹരിയാനയിലെ മേവാത്തില്‍ ദരിദ്രരായ ജനങ്ങള്‍ പെരുന്നാളിനോടനുബന്ധിച്ചു ബിരിയാണിയുണ്ടാക്കി വില്‍ക്കുന്നതു വര്‍ഷങ്ങളായുള്ള പതിവാണ്. എന്നാല്‍, മുന്‍പൊന്നുമില്ലാത്തവിധം ഇത്തവണ ബിരിയാണിയില്‍ ഗോമാംസത്തിന്റെ സാമ്പിളുകളില്‍ ചിക്കിച്ചികയുകയാണു ഹരിയാന സര്‍ക്കാര്‍.
പൊലിസിലൊരു വിഭാഗത്തെ ഇതിനായി നിയോഗിച്ചിരിക്കുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. ഗോമാംസം കഴിച്ചെന്നാരോപിച്ചു മേവാത്തിലെ കുടുംബത്തിലെ രണ്ടുപേരെ തല്ലിക്കൊല്ലുകയും ബന്ധുക്കളെ മൃഗീയമായി ബലാത്സംഗംചെയ്യുകയും ചെയ്തിരിക്കുകയുമാണു ഹരിയാനയിലെ ഗോസംരക്ഷകപ്രവര്‍ത്തകര്‍.
ആ കേസ് മേവാത്ത് ജില്ലാ ബാര്‍ അസോസിയേഷന്‍ ഏറ്റെടുത്തതോടെ പ്രതിരോധത്തിലായിരിക്കുകയാണു ഹരിയാന സര്‍ക്കാര്‍. മേവാത്തിലെ ഡിങ്ഗര്‍ ഹെഡിയില്‍ കൊലയും കൊള്ളയും കൂട്ടമാനഭംഗവും നടത്തി അറസ്റ്റിലായ സന്ദീപ്, രാഹുല്‍വര്‍മ എന്നിവര്‍ ഗോരക്ഷപ്രവര്‍ത്തകരാണെന്നു മേവാത്ത് ജില്ലാ ബാര്‍ അസോസിയേഷന്‍ ആവര്‍ത്തിച്ചു പറയുന്നു. അക്രമകാരികള്‍ ആര്‍.എസ്.എസിന്റെയും ഗോരക്ഷാസമിതിയുടെയും പ്രവര്‍ത്തകരാണെന്നു മരിച്ചവരുടെ ബന്ധുക്കളും തറപ്പിച്ചു പറയുന്നു. എന്നിട്ടും, തെളിവില്ലെന്നുപറഞ്ഞു പ്രതികളെ രക്ഷപ്പെടുത്താനുള്ള ഉപായം മെനയുകയാണു മേവാത്ത് ജില്ലാ പൊലിസ് സൂപ്രണ്ട് കുല്‍ദീപ് സിങ്.
ദാദ്രിസംഭവത്തിനുശേഷം ദേശീയശ്രദ്ധയാകര്‍ഷിച്ച മേവാത്ത് സംഭവത്തില്‍നിന്നു തലയൂരാനുള്ള ബദ്ധപ്പാടിലാണു ഹരിയാന സര്‍ക്കാര്‍. കഴിഞ്ഞ ആഗസ്റ്റ് 24നാണു മേവാത്തിലെ കൊച്ചുവീട്ടിനുള്ളില്‍ 20 വയസുള്ള പെണ്‍കുട്ടിയും ബന്ധുവായ 14 കാരിയും ഗോരക്ഷാപ്രവര്‍ത്തകരായ സന്ദീപ്. അമര്‍ജിത്‌സിങ്. കരംജിത്‌സിങ്. രാഹുല്‍വര്‍മ എന്നിവരുടെ നിഷ്ഠൂരമായ ആക്രമണത്തിനു വിധേയരായത്. മേവാത്തിലെ ന്യൂനപക്ഷ മഹാപഞ്ചായത്തിന്റെയും ബാര്‍ അസോസിയേഷന്റെയും ഇടപെടലിനെത്തുടര്‍ന്നാണു പൊലിസ് പ്രതികള്‍ക്കെതിരേ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
രാജ്യം ഫാസിസത്തിന്റെ വഴിയേതന്നെയാണെന്നു ദാദ്രിക്കുശേഷം മേവാത്തും സാക്ഷിപ്പെടുത്തുന്നു. ഗോരക്ഷാപ്രവര്‍ത്തകരെന്നു പറയുന്നവര്‍ പൗരന്റെ ഭക്ഷണപാത്രങ്ങളില്‍ കൈയിട്ടു  പശുവിന്റെ എല്ലിനുവേണ്ടി പരതുമ്പോള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമാണു പരുക്കേല്‍ക്കുന്നത്. ആര് എന്തു കഴിക്കണമെന്നു ഫാസിസ്റ്റ് സംഘടനകള്‍ തീരുമാനിക്കുന്നിടത്തുവരെ രാജ്യം എത്തിയിരിക്കുന്നുവെന്നതു നിസാരകാര്യമല്ല. ആര്‍.എസ്.എസ് പ്രചാരകനാണു ഹരിയാന ഭരിക്കുന്ന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. ബിജെപി നേതൃനിരയിലെ തലമുതിര്‍ന്ന നേതാക്കളായിരുന്ന എല്‍.കെ അദ്വാനിക്കും മനോഹര്‍ ജോഷിക്കും തീവ്രതപോരെന്നു കണ്ടാണ് ആര്‍.എസ്.എസിലെ രണ്ടാംനിരക്കായ നരേന്ദ്രമോദിയെയും മനോര്‍ഹര്‍ലാല്‍ ഘട്ടറിനെയുംപോലുള്ളവരെ ബി.ജെ.പി നേതൃനിരയിലേയ്ക്ക് ആര്‍.എസ്.എസ് കൊണ്ടുവന്നത്.
മുസ്‌ലിംകള്‍ ഇന്ത്യയില്‍ തുടരണമെങ്കില്‍ പശുമാംസം കഴിക്കരുതെന്നു 2015 ഒക്ടോബറില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ പറഞ്ഞതു മറക്കാനായിട്ടില്ല. സത്യപ്രതിജ്ഞാലംഘനം നടത്തിയ ഈ ഭരണാധികാരിയുടെ അനുഗ്രഹാശിസുകളോടെയാണു ഹരിയാനയിലെ സംഘ്പരിവാര്‍ മുസ്‌ലിംകള്‍ക്കെതിരേയും ദളിതുകള്‍ക്കെതിരേയും പലവിധ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുണ്ടകാലഘട്ടത്തിലെ ആഫ്രിക്കയിലെ നരഭോജികളോടായിരുന്നു അന്താരാഷ്ട്രമാധ്യമങ്ങള്‍ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിനെ ഗോരക്ഷാപ്രവര്‍ത്തകര്‍ മര്‍ദിച്ചുകൊന്നതിനെ വിശേഷിപ്പിച്ചത്.
2015 നവംബറിലാണു മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ പശുമാംസം സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് ആ വയോവൃദ്ധനെ സംഘപരിവാരുകാര്‍ അടിച്ചുകൊന്നത്. ദാദ്രി സംഭവത്തെ അപലപിച്ച് എഴുത്തുകാരും ചിത്രകാരന്മാരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ തുടങ്ങിയപ്പോഴാണു രാജ്യത്തെ അസഹിഷ്ണുതയുടെ തീഷ്ണത ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ തുടങ്ങിയത്. അതോടെ, അതേവര്‍ഷം റാഞ്ചിയില്‍ നടന്ന ആര്‍.എസ്.എസ് ദേശീയ സമിതിയില്‍ ദാദ്രി സംഭവത്തിന്റെ പിതൃത്വത്തില്‍നിന്ന് ആര്‍എസ്എസ് തലയൂരുകയായിരുന്നു. ഇങ്ങനെയാണു മുന്നോട്ടുപോകുന്നതെങ്കില്‍ അധികകാലം സാമ്പത്തികമായി ഇന്ത്യ നിലനില്‍ക്കുകയില്ലെന്നു ദാദ്രിസംഭവത്തെ പരാമര്‍ശിച്ച് അന്താരാഷ്ട്രസാമ്പത്തികനയ അപഗ്രഥന ഏജന്‍സിയായ മൂഡീസ്, സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാസ് സത്യാര്‍ത്ഥി, റിസര്‍വ് ബാങ്ക് ഗവര്‍ണരായിരുന്ന രഘുരാജന്‍, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി എന്നിവര്‍ ഒറ്റകെട്ടായി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും ചുവടുമാറ്റിയത്.
ഗോ സംരക്ഷകരെന്നു പറയുന്നവര്‍ രാത്രികാലങ്ങളിലെ സാമൂഹ്യവിരുദ്ധരാണെന്നുപിന്നീടു പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കു പുല്ലുവില കല്‍പ്പിക്കാത്ത തൊഗാഡിയയെപ്പോലുള്ളവര്‍ സംഘ്പരിവാറിന്റെ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ ദാദ്രിക്കുശേഷം മേവാത്തും ആവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. ആറുമാസം കഴിഞ്ഞാല്‍ യു.പിയിലും ഗുജറാത്തിലും നടക്കുന്ന തെരഞ്ഞടുപ്പുകളില്‍ ജയിച്ചുകയറണമെങ്കില്‍ പശുരാഷ്ട്രീയം കുത്തിപ്പൊക്കണമെന്ന യാഥാര്‍ഥ്യത്തിന്റെ പുറത്താണു മേവാത്തുകള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
രാജ്യത്ത് അസഹിഷ്ണുത പടര്‍ത്താനും ഭക്ഷണസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുവാനുംവേണ്ടി സംഘ്പരിവാര്‍ പശുക്കളെ കൂട്ടുപടിച്ചു നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ മതനിരപേക്ഷ രാഷ്ട്രീയകക്ഷികള്‍ ഇപ്പോള്‍ സ്വരമുയര്‍ത്തുന്നില്ലെങ്കില്‍ പിന്നീടത് വേണ്ടിവരില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.