മലപ്പുറം: ബാലവേല രഹിത ജില്ലയാകാന്‍ മലപ്പുറം ഒരുങ്ങുന്നു. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ 12 മുതല്‍ ജില്ലയെ ബാലവേല മുക്ത ജില്ലയാക്കി മാറ്റാനുള്ള പദ്ധതിയാണു നടപ്പാക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനു പൊതുജന പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ക്കാണു തുടക്കമിടുന്നത്. ജില്ലാ ഭരണകാര്യാലയവും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും ജില്ലാ പൊലിസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ജില്ലാ ലേബര്‍ ഓഫിസും ചൈല്‍ഡ് ലൈനും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ ജില്ലയില്‍ ബാലവേലയില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. സന്നദ്ധ സംഘടനകള്‍, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ബാലവേല കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യണം.
ബാലവേല
18 വയസിനു താഴെയുള്ള കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ശാരീരികവും സാമൂഹികവും വൈകാരികവും മാനസികവുമായി ആപല്‍ക്കരമായ ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യിക്കുക.
18 വയസിനു താഴെ തൊഴിലെടുക്കുന്ന എല്ലാവരും ബാലവേലക്കാരല്ല
ബാലവേല നിരോധന നിയമം 1986 പ്രകാരം 14 വയസിനു താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നത് ബാലവേലയാണ്. സര്‍ക്കസ്, വര്‍ക്‌ഷോപ്പ്, ഹോട്ടല്‍, ടീ ഷോപ്പ്, റോഡ്‌സൈഡിലുള്ള തെരുവോര ഭക്ഷണപാനീയ വില്‍പ്പനശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ 14-നും 18-നും ഇടയിലുള്ള കുട്ടികളെ കൂടി സംരക്ഷിക്കുന്നതിന് ബാല നീതി നിയമം 2015 പ്രകാരം 18 വയസിനു താഴെയുള്ള കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചു നിര്‍ബന്ധിപ്പിച്ചു ജോലികള്‍ ചെയ്യിപ്പിക്കുന്നതു കുട്ടികള്‍ക്ക് എതിരെയുള്ള ചൂഷണത്തില്‍പ്പെടുന്നു.
ബാലവേല തടയുന്നതിനുള്ള നിയമങ്ങള്‍
1986ലെ ബാലവേല നിരോധന നിയമമനുസരിച്ച് 20000 രൂപ വരെ പിഴയും മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ലഭിക്കും. 2015ലെ ബാലനീതി നിയമ പ്രകാരം കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ലഭിക്കും. 1976ലെ ബോണ്ടഡ് ലേബര്‍ സിസ്റ്റം അബോളിഷന്‍ ആക്റ്റ് പ്രകാരം 2000 രൂപ വരെ പിഴ കൂടാതെ മൂന്നു വര്‍ഷം തടവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എ.കെ മുഹമ്മദ് സാലിഹ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (9847995559, 9447482941), സമീര്‍ മച്ചിങ്ങല്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (9447243009) ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മലപ്പുറം 0483 2978888.
ബാലവേല കണ്ടെത്തിയാല്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയല്‍ കമ്മറ്റിയുടെ മുമ്പില്‍ ഹാരജാക്കുകയും വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയാണെന്നു കണ്ടെത്തി കഴിഞ്ഞാല്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താല്‍കാലികമായി മാറ്റും. തുടര്‍ന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് കുട്ടിയെ സ്വന്തം കുടുംബത്തില്‍ എത്തിക്കുന്നതിനുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും.
വിവരം നല്‍കണം
ജില്ലയുടെ ഏതെങ്കിലും ഭാഗങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ചെറുകിട വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന കുട്ടികളെ അല്ലെങ്കില്‍ കുട്ടിയാണെന്നു സംശയം തോന്നുന്നവരെ കണ്ടെത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെയോ (0483-2978888, 9539984491, 9447243009) ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയോ (9048329772, 9895065165, 9447443793), ജില്ലാ ലേബര്‍ ഓഫിസറെയോ (04832-734814), ചൈല്‍ഡ് ലൈന്‍ (04832-730738, 1098) തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ (100, 1091) അറിയിക്കണം.
Comments are closed for this post.