2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബാബരി മസ്ജിദ് വിധി: ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങിയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈന്‍

ഉബൈദുല്ല റഹ് മാനി

മനാമ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതി വിധി ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങിയെന്ന് വ്യക്തമാക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ പ്രസ്താവനയില്‍ അറിയിച്ചു.
പള്ളി അതിക്രമിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്നു മുതല്‍ ലോകത്താകമാനം പ്രചരിച്ചിരിക്കേ കുറ്റം ചെയ്തതിനു തെളിവില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ തികഞ്ഞ നീതിനിഷേധമാണ്. ലോകത്തിനു മുമ്പില്‍ രാജ്യത്തിനെ മാനംകെടുത്തിയ കേസില്‍ വാര്‍ത്താമാധ്യമങ്ങളെ പോലും പുറത്തുനിര്‍ത്തി കോടതി നടത്തിയ നീതിനിഷേധം ജനങ്ങളുടെ ജുഡീഷ്യറിക്കുമേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ രക്തരൂഷിത രഥയാത്ര നടത്തി സ്പര്‍ദ്ധയും വിദ്വേഷവും പ്രചരിപ്പിച്ച് സര്‍വായുധ സജ്ജരായ കര്‍സേവകരെ സംഘടിപ്പിച്ച് നടത്തിയ അതിക്രമത്തിന് തെളിവില്ലെന്ന കണ്ടെത്തല്‍ ലജ്ജാകരമാണ്. മുതിര്‍ന്ന നിയമജ്ഞര്‍ ഉള്‍പ്പെടുന്ന ലിബര്‍ഹാന്‍ കമ്മീഷനെ പോലും അവഹേളിക്കുന്നതാണ് കോടതി വിധി.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ സംഭവത്തില്‍ അക്രമികള്‍ക്ക് അനുകൂലമായ വിധി അക്രമോല്‍സുക ഫാഷിസ്റ്റ് വാഴ്ചയ്ക്ക് പിന്തുണ നല്‍കുന്നതാണ്. ഇത് രാജ്യത്ത് രാഷ്ട്രീയ, സാമൂഹിക രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ബാബരി മസ്ജിദ് തകര്‍ത്തത് അക്രമത്തിലൂടെയാണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തെ പോലും നിഷ്പ്രഭമാക്കിയാണ് സി.ബി.ഐ കോടതി വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഫാഷിസം നീതിന്യായ സംവിധാനത്തെ പോലും പൂര്‍ണമായി വരിഞ്ഞുമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ്‌ അലി അക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവര്‍ പ്രസ്‌താവനയിൽ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.