2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാബരി കേസ്: അന്തിമവാദം ഫെബ്രുവരിയില്‍

ലോക്‌സഭാതെരഞ്ഞെടുപ്പ് കഴിയുംവരെ കേസ് നീട്ടണമെന്ന സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളി

 

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് അടുത്തവര്‍ഷം ഫെബ്രുവരി എട്ടിലേക്കു നീട്ടി.
കേസ് ലോക്‌സഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് 2019 ജൂലൈ 15 വരെ നീട്ടണമെന്ന സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളിയാണ് ഫെബ്രുവരിയില്‍ തുടര്‍വാദംകേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് തീരുമാനിച്ചത്. കേസ് ഏഴംഗ വിശാലഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്‌ലിംസംഘടനകളുടെ ആവശ്യത്തിലും ഇന്നലെ കോടതി തീരുമാനമെടുത്തില്ല.
അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനക്കെടുത്തപ്പോള്‍ ഇരുഭാഗത്തുമായി ഒരുകൂട്ടം മുതിര്‍ന്ന അഭിഭാഷകരും അണിനിരന്നു.
സുന്നി വഖ്ഫ് ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍കമ്മിറ്റി, വ്യക്തിനിയമബോര്‍ഡ് എന്നീ സംഘടനകള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍, ദുശ്യന്ത് ദവെ, ഭരണഘടനാവിദഗ്ധന്‍ രാജീവ് ധവാന്‍ എന്നിവരും ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാം ലല്ല, രാമജന്‍മഭൂമി ട്രസ്റ്റ് എന്നിവയ്ക്കു വേണ്ടി ഹരീഷ് സാല്‍വേ, കെ. പ്രസന്നന്‍, സി.എസ് വൈദ്യനാഥ് എന്നിവരും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.
കേസ് പരിഗണിക്കാനെടുത്തപ്പോള്‍ തന്നെ അന്തിമ വാദംകേള്‍ക്കല്‍ നീട്ടിവയ്ക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അയോധ്യയില്‍ ചിലര്‍ക്ക് ക്ഷേത്രനിര്‍മാണം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാദംകേള്‍ക്കല്‍ നീട്ടണമെന്ന് സിബല്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി മുന്‍പാകെയുള്ള 19,000 ഓളം പേജുകളുള്ള കേസ് രേഖകള്‍ മുഴുവന്‍ വിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് സിബല്‍ അറിയിച്ചു. മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷമെങ്കിലും എടുക്കും. ഇത് കേവലം സ്വത്തുതര്‍ക്ക കേസല്ല. മത, രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണ്. രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട, രാജ്യത്തിന്റെ ഭാവിതന്നെ തീരുമാനിക്കുന്ന കേസാണിത്. ഒരു പള്ളി തകര്‍ക്കപ്പെടുന്നതിനു സാക്ഷിയായ രാജ്യമാണിത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു വാഗ്ദാനംചെയ്താണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ള പാര്‍ട്ടി അധികാരത്തിലെത്തിയത്. ക്ഷേത്രനിര്‍മാണമെന്ന തങ്ങളുടെ വാഗ്ദാനം നടപ്പാക്കാനായി ബി.ജെ.പി കോടതിയെ ഉപയോഗിക്കുകയാണ്. അതിനാല്‍ ബി.ജെ.പിയുടെ കെണിയില്‍ കോടതി വീഴരുതെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ അന്തിമവാദംകേള്‍ക്കല്‍ നീട്ടിവയ്ക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
കേസിലെ ‘ധൃതി’യെ ചോദ്യംചെയ്ത മുസ്‌ലിംസംഘടനകളുടെ അഭിഭാഷകര്‍, ഇന്നുതന്നെ വാദംനടക്കുകയാണെങ്കില്‍ തങ്ങള്‍ കോടതി നടപടി ബഹിഷ്‌കരിക്കുമെന്നും സൂചിപ്പിച്ചു. എന്നാല്‍ സമൂഹത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം നോക്കിയല്ല കോടതി തീരുമാനം എടുക്കേണ്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പുറത്തുള്ള കാര്യങ്ങളെ കുറിച്ചു കോടതി ആശങ്കപ്പെടേണ്ടതില്ലെന്നു ഹരീഷ് സാല്‍വേയും പ്രതികരിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.