
ന്യൂഡല്‍ഹി: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരേ ട്വീറ്റ് ചെയ്ത് വിവാദത്തില്‍പെട്ട ബോളിവുഡ് ഗായകന് സോനു നിഗം ബാങ്കിന്റെ ശബ്ദരേഖ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വീണ്ടും രംഗത്ത്.
കഴിഞ്ഞയാഴ്ച ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരേ ട്വിറ്ററില്‍ രംഗത്തെത്തിയ നിഗം സാമൂഹികമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം നേരിട്ടിരുന്നു. ‘ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. മുസ്ലിമല്ലാതിരുന്നിട്ടും പുലര്‍ച്ചെയുള്ള ബാങ്കുവിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. നിര്‍ബന്ധിത മതപ്രവര്‍ത്തനം എന്നാണ് രാജ്യത്ത് അവസാനിപ്പിക്കുക’ എന്നാണ് സോനു നിഗത്തിന്റെ വിവാദ പോസ്റ്റ്.
ഇത് വിവാദമായതോടെ വൈദ്യുതി ഉപയോഗിച്ച് അവിശ്വാസികളെ വിളിച്ചുണര്‍ത്തുന്ന ഗുരുദ്വാരയിലും ക്ഷേത്രങ്ങളിലും താന്‍ വിശ്വസിക്കുന്നില്ലെന്ന ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തി.
എന്നാല്‍, പോസ്റ്റിന്റെ പേരില്‍ നിഗത്തെ ചലച്ചിത്ര, സംഗീത രംഗത്തുനിന്നുള്ള പ്രമുഖര്‍ വിമര്‍ശിച്ചു.
നിഗത്തിന്റെ തല മുണ്ഡനം ചെയ്യുന്നവര്‍ക്ക് പ.ബംഗാളില്‍നിന്നുള്ള ഒരു മുസ്ലിം പണ്ഡിതന് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് നിഗം സ്വയം തലമുടി വടിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
നിഗത്തിന്റെ വീട്ടിലേക്ക് ബാങ്കിന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ബി.ബി.സി ലേഖിക പുറത്തുവിട്ട റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു.
ലേഖികയുടെ കണ്ടെത്തലിനെക്കുറിച്ച് ഇതുവരെ ഗായകന് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് സ്വയം പബ്ലിസിറ്റിക്കുവേണ്ടിയുണ്ടാക്കിയതായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ മൗനമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.