2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ബഹ്റൈന്‍ കെ.എം.സി.സിയുടെ കാരുണ്യ ചിറകിലേറി 27 വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റീഫന്‍ നാടണഞ്ഞു..

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്റൈനില്‍ നിന്നും 27 വർഷങ്ങൾ നീണ്ട ദുരിത ജീവിതത്തിനു ശേഷം നാടണഞ്ഞപ്പോള്‍ സ്റ്റീഫന്‍ മത്തായിക്ക് മനസ്സു നിറയെ കെ.എം.സി.സിയോടുള്ള ആദരവും നന്ദിയും മാത്രം.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനത്തില്‍ കോഴിക്കോട്ട് എത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സ്റ്റീഫന്‍ രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന തന്‍റെ പ്രവാസ ജീവിതം വേദനയോടെയാണ് സുപ്രഭാതത്തിനു മുന്പില്‍ തുറന്നത്.

1993ല്‍ ബഹ്റൈനിലെത്തി പ്രവാസ ജീവിതം ആരംഭിച്ചെങ്കിലും ആദ്യത്തെ അഞ്ചു വര്‍ഷക്കാലം കൃത്യമായി വേദനം പോലും ലഭിച്ചിരുന്നില്ല. ഇതോടെ മറ്റു ജോലികള്‍ തേടിയിറങ്ങി. രാപകല്‍ ഭേദമന്യെ നിത്യവൃത്തിക്കായി പല ജോലികളിലും മുഴുകിയതോടെ അസുഖങ്ങളും പിടികൂടി. ഇതില്‍ ശരീരമാസകലം അലർജി ബാധിച്ചതോടെ കൂടുതല്‍ ദുരിതത്തിലായി.
കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങളോര്‍ത്തപ്പോള്‍ ആദ്യമൊന്നും നാട്ടിലേക്ക് മടങ്ങുന്നത് ആലോചിച്ചില്ല, ദുരിത ജീവിതത്തിനിടെ പാസ്പോര്‍ട്ടും വിസയും ഇല്ലാതായതിനാല്‍ പിന്നീട് നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞില്ല.
ഇതിനിടെ നാട്ടുകാരനായ സതീശനെ കണ്ടുമുട്ടിയതും കൂടെ താമസമാക്കാന്‍ കഴിഞ്ഞതുമായിരുന്നു നേരിയ ആശ്വാസം.
അതേ സമയം ജോലി വിട്ടു പോയതിന് ആദ്യ സ്പോണ്‍സര്‍ ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തില്‍ കേസ് ഫയല്‍ ചെയ്തത് വീണ്ടും തിരിച്ചടിയായി. നാട്ടിലേക്ക് മടങ്ങാന്‍ അത് ക്ലിയര്‍ ചെയ്യാതെ പറ്റില്ലെന്നായപ്പോള്‍ ശാരീരിക അവശതയോടൊപ്പം മാനസികമായു തകര്‍ന്നു.

സംഭവമറിഞ്ഞ കെ.എം.സി.സി നേതാവും സാമൂഹിക പ്രവർത്തകനുമായ സലാം മമ്പാട്ടുമൂല സ്റ്റീഫനുമായി ബഹ്റൈനിലെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങി. മറ്റു കെ.എം.സി.സി നേതാക്കളായ ഷാഫി പാറക്കട്ട, അഷ്‌റഫ് മഞ്ചേശ്വരം എന്നിവരും കൂടെ നിന്നു.

കേസ് ക്ലിയര്‍ ചെയ്യുന്നതോടൊപ്പം എമിഗ്രേഷനിലെ പിഴ അടക്കാനും എൽ.എം.ആർ.എയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീക്കാനും കെ.എം.സി.സിയുടെ ഇടപെടല്‍ സഹായകമായി. അവസാനം തടസ്സങ്ങളെല്ലാം നീക്കി, ഒരു സൗജന്യ ടിക്കറ്റ് കൂടി നല്‍കിയാണ് സ്റ്റീഫനെ കെ.എം.സി.സി പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
യാത്രക്കു മുന്പായി മുഹറഖിലെ സ്റ്റീഫന്‍റെ താമസസ്ഥലത്തു നേരിട്ടെത്തിയ കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫയും യാത്രാരേഖകൾ കൈമാറി.
സ്റ്റീഫനെ നാട്ടിലേക്ക് അയക്കുന്നതിന് സഹകരിച്ച കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹി ജോസ്, നാട്ടുകാരായ സതീശൻ, ജെയ്സൺ എന്നിവർക്ക് കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാനും അസൈനാർ കളത്തിങ്കലും നന്ദി അറിയിച്ചു.
ഏതായാലും ദുരിതപൂര്‍ണ്ണമായ പ്രവാസജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് നാടണഞ്ഞ സ്റ്റീഫന് ഇനി ഗള്‍ഫിലേക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. ശിഷ്ട കാലം നാട്ടിൽ സഹോദരിയുടെ കൂടെ കഴിയാനാണ് സ്റ്റീഫന്‍റെ ആഗ്രഹം.

ബഹ്‌റൈന്‍ കെ.എം.സി.സിയുടെ രണ്ടാമത് ചാര്‍ട്ടേഡ് വിമാനവും നാട്ടിലെത്തി

മനാമ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ബഹ്‌റൈന്‍ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു. ഇന്നലെ രാത്രി 6.30 ഓടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഗള്‍ഫ് എയര്‍ വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ കോഴിക്കോട് ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 174 യാത്രക്കാരാണുണ്ടായിരുന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്ക് തെരഞ്ഞെടുത്തതെന്ന് കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

ജോലി നഷ്ടപ്പെട്ടവര്‍, നിത്യരോഗികള്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍ തുടങ്ങി ആയിരങ്ങളാണ് നാട്ടില്‍ പോകാന്‍ കഴിയാത്തെ ബഹ്‌റൈനില്‍ ദുരിതമനുഭവിക്കുന്നത്. ഇതേതുടര്‍ന്നാണ് കുറച്ച് പേര്‍ക്കെങ്കിലും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്തുന്നത്. ജൂണ്‍ ഒന്‍പതിന് 169 യാത്രക്കാരുമായി കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടേക്ക് പോയിരുന്നു. മൂന്നാമത്തെ ചാര്‍ട്ടേഡ് വിമാനത്തിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും 20ന് മുന്‍പ് വിമാനത്തില്‍ യാത്ര തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.

ഇവര്‍ക്ക് പുറമെ വൈസ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, സെക്രട്ടറിമാരായ എ.പി ഫൈസല്‍, ഒ.കെ ഖാസിം, എംബസി ഹെല്‍പ്പ് ഡെസ്‌ക്ക് കണ്‍വീനര്‍ ഫൈസല്‍ കോട്ടപ്പള്ളി, സെക്രട്ടേറിയറ്റ് മെംബര്‍ അസ്ലം വടകര, വളണ്ടിയർ ക്യാപ്റ്റൻ ശരീഫ് കോറോത്ത്, വളണ്ടിയര്‍ വിങ് ഭാരവാഹികള്‍, ജില്ലാ-ഏരിയാ നേതാക്കള്‍, റിയ ട്രാവൽസ് ചെയർമാൻ അഷ്‌റഫ്‌ കാക്കണ്ടി, സെയിൽസ് മാനേജർ സിറാജ് മഹ്‌മൂദ്‌ എന്നിവരും യാത്ര അയക്കുന്നതിനായി വിമാനത്താവളത്തിലെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.