2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബഹ്റൈനിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണ വെബിനാര്‍ സംഘടിപ്പിച്ചു

'കേരളത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കാന്‍ പ്രതിപക്ഷ-സംഘപരിവാര്‍ ശ്രമമെന്ന്' ആരോപണം

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്റൈനിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണ വെബിനാര്‍ സംഘടിപ്പിച്ചു. ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ ബഹ്‌റൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വെബിനാര്‍.
കേരളം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളെയും കേന്ദ്ര ഏജന്‍സികളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തിനെതിരെ സംഘപരിവാര്‍ ആക്രമണം നടത്തുന്നതെന്ന് വെബിനാര്‍ അഭിപ്രായപ്പെട്ടു.
ഫാസിസത്തിന് കീഴടങ്ങാത്ത പ്രത്യാശയുടെ തുരുത്താണ് കേരളം. ഇഎംഎസ് സര്‍ക്കാരിനെതിരായ വിമോചന സമരത്തിന്റെ തനിയാവര്‍ത്തനമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് സഹായത്തോടെ ബിജെപി ലക്ഷ്യമിടുന്നത്. വ്യാജ വാര്‍ത്തകളിലൂടെ കേരളത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാാണ് സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിപ്പിക്കണമെന്നും വെബിനാര്‍ ആഹ്വാനം ചെയ്തു.
പ്രശസ്ത സിനിമ നിരൂപകനും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജരുമായ കെകെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കേരളം എല്ലാ മേഖലയിലും ഒരു ബദലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പുറത്ത് ഓരോ മേഖലകളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍വാങ്ങുമ്പോള്‍ കേരളം എല്ലാ മേഖലയിലും കുതിപ്പ് തുടരുകയാണ്. കേന്ദ്രം കേരളത്തിന് അര്‍ഹമായ ഫണ്ട് പോലും നല്‍കുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ ന്യായമായി തരേണ്ട ധന വിഹിതം പോലും തരാതെ നമ്മുടെ എല്ലാ വികസനത്തെയും കേന്ദ്രം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ ബദലാണ് കിഫ്ബി. അതുവഴി ദീര്‍ഘകാലത്തേക്കുള്ള വന്‍ വികസനമുണ്ടാക്കുന്ന വഴികളാണ് വെട്ടിയത്. അതിനാല്‍ കിഫ്ബി പോലുള്ളവ പൊളിക്കേണ്ടതുണ്ടെന്ന് അവര്‍ മനസിലാക്കുന്നു. ഇതിന് സാധാരണ മനുഷ്യരുടെ മനസില്‍ സംശയം ജനിപ്പിക്കാനായി എന്തോ അഴിമതിയാണെന്നുള്ള വാര്‍ത്തകള്‍ നിരന്തരം ഉണ്ടാക്കി കൊണ്ടുവരികയാണ്. കുറേ കഴിയുമ്പോള്‍ ആളുകളുടെ സാമാന്യ ബോധത്തില്‍ ഇതെന്തോ വലിയ കുഴപ്പമാണെന്ന തോന്നല്‍ ഉണ്ടാകും. ഇതാണ് സംഘപരിവാര്‍ ഫാസിസം ലക്ഷ്യമിടുന്നത്.
നമ്മുടെ നാട്ടില്‍ ആരോഗ്യ, വിദ്യാഭ്യാസ, പൊതു മേഖലകളിലുണ്ടാകുന്ന വികസനം നാം അനുഭവിക്കുന്നുണ്ട്. ഇതിനെതിരെ സ്വകാര്യ മൂലധന ശക്തികള്‍ ഒന്നിക്കുന്നു. അതിനാല്‍ തന്നെ, ഇക്കാലമത്രയും നേരിട്ട ആക്രമണമല്ല ഇപ്പോള്‍ ഇടതുപക്ഷം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ, ജനവിരുദ്ധമായ ഭരണകൂട ആശയങ്ങള്‍ക്കെതിരെ മനുഷ്യപക്ഷത്തു നിന്ന് പോരാടുന്നത് ഇടതുപക്ഷമാണ്. അതിനാല്‍, ഇടതുപക്ഷത്തെ തകര്‍ക്കാതെ രാജ്യത്തെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനാകില്ലെന്ന് സംഘപരിവാറിനും കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കും കൃത്യമായി അറിയാം. മാധ്യമങ്ങളെ വിലക്കെടുത്ത് ഇടതുപക്ഷത്തിനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജ പ്രചാരണം നടത്തുന്നത് ഈ ലക്ഷ്യത്തോടെയാണ്. മനുഷ്യന് കിട്ടുന്ന ആനുകൂല്യങ്ങള്‍, നേട്ടങ്ങള്‍ എന്നിവയൊക്കെ അവരുടെ മനസില്‍ നിന്നും മായ്ച്ചു കളയുന്ന തരം സാംസ്‌കാരിക ഇടപെടലാണ് മാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ നടത്തുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയം പലതരത്തിലുള്ള പൊതുബോധങ്ങളെ കൂട്ടുപിടച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയതക്കെതിരെ, മതാത്മകക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടാണ്ട് സംഘപരിവാര്‍ ആശയത്തെ പ്രതിരോധിക്കേണ്ടതുണ്ട്. സാംസ്‌കാരികമായ ചെറുത്തു നില്‍പ്പുകള്‍ ഉയര്‍ത്തികൊണ്ടുവരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ സ്വാഗതം പറഞ്ഞു. വെബിനാറില്‍ അനസ് യാസിന്‍ മോഡറേറ്ററായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.
കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ പട്ടിണിയില്ലാതെ കാത്തത് ഇടതുപക്ഷം എന്ന ബദലാണെന്ന് എന്‍ കെ സുഹൈല്‍ പറഞ്ഞു. ഒരു ക്ഷേമ രാഷ്ട്രമായി കേരളത്തെ മാറ്റുന്നത് മൂലധന ശക്തികള്‍ക്ക് വലിയ ആഘാതം ആകുമെന്ന് അവര്‍ തിരിച്ചറിയുന്നു. അതാണ് ഇടതുപക്ഷത്തിനെതിരെയുള്ള കടന്നാക്രമണത്തിന്റെ കാതലെന്നും സുഹൈല്‍ പറഞ്ഞു.
ഇടതുപക്ഷമാണ് ബദല്‍ എന്ന് കേരളത്തിലെ വികസനങ്ങളിലും പൗരത്വ ഭേദഗതി വിഷയത്തിലും എല്ലാം നാം കണ്ടതാണെന്ന് ഫൈസല്‍ എഫ്എം പറഞ്ഞു. കേരള വികസനത്തില്‍ ആശങ്കയില്‍ നില്‍ക്കുന്ന കോര്‍പ്പറേറ്റുകളെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ കണ്ണിനുമ്പില്‍ കാണാവുന്ന, അവര്‍ക്ക് നിത്യ ജീവിതത്തില്‍ തൊട്ടറിയാവുന്ന മാറ്റങ്ങള്‍ കൊണ്ടുവന്ന ബദലാണ് ഇടതുപക്ഷമെന്ന് പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ പറഞ്ഞു.
സാധാരണക്കാരന്റെ ജീവിതം അങ്ങേയറ്റം ദുരിത പൂര്‍ണ്ണമാക്കുന്ന കരി നിയമങ്ങള്‍ക്കെതിരെയും കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കെതിരെയും പ്രതികരിക്കാന്‍, എതിര്‍ത്തു നില്‍ക്കാന്‍ ഇടതുപക്ഷം മാത്രമേയുള്ളൂ. അതുതന്നെയാണ് ഇടതുപക്ഷത്തെ പ്രസക്തമാക്കുന്നതെന്നും ലിവിന്‍ പറഞ്ഞു.
നാലാം വ്യവസായിക വിപ്ലവത്തില്‍ കേരളത്തിന് വലിയ മുതല്‍ക്കൂട്ടാണ് കിഫ്ബി മുഖേനെയുള്ള പദ്ധതികളെന്ന് വിപിന്‍ പറഞ്ഞു. ഇത്തരമൊരു കുതിപ്പിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ കേരളത്തിലെ വികസന പദ്ധതികളില്‍ ഇടപെടുവിക്കുന്നത്. ദുരന്തങ്ങളെ ഫാസിസം അവസരമായി കാണുകയാണെന്നും വിപിന്‍ പറഞ്ഞു.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാഭ്യാസ, ആരോഗ്യ, പാശ്ചാത്തല വികസന, വ്യാസായിക മേഖലകളയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ കേരളത്തിലെ ഓരോ മനുഷ്യരുംഅനുഭവിച്ചറിയുന്നുണ്ടെന്ന് കാസിം പറഞ്ഞു. ഇത് തകര്‍ക്കാനാണ് പ്രതിപക്ഷ സമരാഭാസവും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള അന്വേഷണ പ്രഹസവനുമെന്ന് അദ്ദേഹം പറഞ്ഞു.
റെയ്‌സണ്‍ വര്‍ഗീസ്, ലത്തീഫ് മരക്കാട്ട്, നിധിന്‍ കൊല്ലം, ഷിബു പത്തനംതിട്ട, നജീബ് കോട്ടയം, അനില്‍ കണ്ണപുരം എന്നിവരും സംസാരിച്ചു. ഷരീഫ് കോഴിക്കോട് നന്ദി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.