2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബഫർ സോൺ വിധി: ആശങ്കയിൽ മലയോരം ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതം

   

ബാസിത് ഹസൻ
തൊടുപുഴ
സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രിം കോടതി ഉത്തരവ് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമായേക്കും. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ പലതും വനമേഖലയോട് ചേർന്നാണ്.

ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ തേക്കടി പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ്. കുമളിയും പരിസരപ്രദേശങ്ങളും പെരിയാർ, മേഘമല കടുവാ സങ്കേതങ്ങളുടെ അതിർത്തിയിലാണ്. ഇതിനാൽ കുമളി, റോസാപ്പൂക്കണ്ടം, തേക്കടി, സ്പ്രിങ്‌വാലി, ചോറ്റുപാറ, വള്ളക്കടവ്, വണ്ടിപ്പെരിയാർ, പീരുമേട് മേഖലയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും.

പരുന്തുംപാറ, പാഞ്ചാലിമേട് അടക്കമുള്ള ടൂറിസം മേഖലയും പ്രതിസന്ധിയിലാകും. തേക്കടിയിൽ വനംവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഇപ്പോൾതന്നെ വിനോദസഞ്ചാരമേഖല പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. അടുത്തിടെ സത്രം എൻ.സി.സി എയർസ്ട്രിപ്പ് നിർമാണത്തിനെതിരേ വനംവകുപ്പ് നിലപാട് സ്വീകരിച്ചിരുന്നു. സുപ്രിംകോടതി ഉത്തരവ് പിൽഗ്രിം ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയെ പ്രതികൂലമായി ബാധിച്ചേക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉൾപ്പടെ ത്രിതല പഞ്ചായത്തുകളുടെ പോലും വികസന പദ്ധതികൾക്ക് ഇനി പ്രത്യേക അനുമതി വേണ്ടിവരും. കൂടുതൽ പ്രതികൂലമായി ബാധിക്കുക പമ്പാവാലിയെയാണ്. പരിസ്ഥിതി ലോല മേഖലയായി ഈ പ്രദേശങ്ങൾ മാറുന്നതിനാൽ ഒരു തരത്തിലുള്ള നിർമാണ, വികസന പ്രവർത്തനങ്ങളും അനുവദിക്കില്ല. ഏത് നിർമാണ പ്രവർത്തനങ്ങൾക്കും സി.സി.എഫിന്റെ അനുമതി വേണം. ഈ അനുമതി ലഭിക്കാനാകട്ടെ സാധ്യത വിരളവുമാണ്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിനുവേണ്ടി കാത്തിരിക്കുന്ന മലയോര കർഷകരെ കോടതിവിധി നിരാശയിലാഴ്ത്തിയിട്ടുണ്ട്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 123 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി റിപ്പോർട്ട് നൽകിയത്. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ ജണ്ടയിട്ട വനവും 886.7 ചതുരശ്ര കിലോമീറ്റർ സർക്കാർ ചതുപ്പുകളും പുറമ്പോക്കുകളുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ മൻമോഹൻസിങ് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്. 2018 ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ 31 വില്ലേജുകളെ ഒഴിവാക്കി ഇ.എസ്.എ 92 വില്ലേജുകളിലായി ചുരുക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.