തിരുവനന്തപുരം • ബന്ധുനിയമന കുരുക്കിൽപെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ കെ.എസിനെ കേന്ദ്ര സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിലെ ടെക്‌നിക്കൽ ഓഫിസർ തസ്തികയിൽ പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചുവെന്നാണ് ആരോപണം.
ഹരികൃഷ്ണനെ നിയമിക്കാൻ ബി.ടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം തസ്തിക സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് ടെക്‌നിക്കൽ ഓഫിസർ അടക്കം മൂന്ന് തസ്തികയിലേക്ക് സെൻ്റർ അപേക്ഷ ക്ഷണിച്ചത്. ടെക്‌നിക്കൽ ഓഫിസർ തസ്തികയിലേക്ക് കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി.ടെക് മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ബിരുദത്തിൽ 60 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത നിശ്ചയിച്ചിരുന്നത്. എം.ടെക് ഉള്ളവർക്ക് ഷോർട്ട്‌ലിസ്റ്റിൽ മുൻഗണന നൽകുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നോക്ക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്.
മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ പൂർത്തിയാക്കി. ആദ്യ ഘട്ടത്തിൽ 48 അപേക്ഷകരെ ക്ഷണിച്ചു. ഏപ്രിൽ 25ന് രാവിലെ ജനറൽ ഒ.എം.ആർ പരീക്ഷ നടത്തി. പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷയും നടത്തി. ഇതിൽ യോഗ്യത നേടിയ നാല് പേരെ ഏപ്രിൽ 26ന് ലാബ് പരീക്ഷയ്ക്ക് ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷ പൂർത്തിയാക്കി. നാലു പേരാണ് ലാബ് പരീക്ഷയിൽ മുന്നിലെത്തിയത്. എന്നാൽ മറ്റു പരീക്ഷകളിലെ മാർക്ക് പരിശോധിക്കാതെയും ലാബ് പരീക്ഷയിൽ മുന്നിൽ വന്നവരെ പരിഗണിക്കാതെയും മൂന്നാം സ്ഥാനത്തുള്ള ഹരികൃഷ്ണന് ജൂൺ മാസത്തിൽ നിയമനം നൽകി.
രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റർ അധികൃതർ നിയമനം രഹസ്യമാക്കി വച്ചു. പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞെങ്കിലും നിയമനം സംബന്ധിച്ച വിവരങ്ങൾ പുറുത്തു വിട്ടില്ല. റാങ്ക് പട്ടിക സംബന്ധിച്ചോ തുടർനടപടികളെ കുറിച്ചോ ഉദ്യോഗാർഥികൾ അന്വേഷിച്ചിട്ടും സ്ഥാപനം അധികൃതർ മറുപടി നൽകിയില്ല. അതേസമയം, ഹരികൃഷ്ണനെ വിദഗ്ധ പരിശീലനത്തിന് ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചു. അടിസ്ഥാന ശമ്പളം ഉൾപ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവിൽ ലഭിക്കുക.
ചട്ടങ്ങൾ പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനമെന്ന് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററും ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും വിശദീകരിച്ചു.
Comments are closed for this post.