2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബദലാവാന്‍ മോഹിച്ചു ഒന്നുമല്ലാതായി എസ്.ഡി.പി.ഐ വെല്‍ഫയര്‍ പാര്‍ട്ടികള്‍

യു.എച്ച് സിദ്ദീഖ്

ആലപ്പുഴ: ജനപക്ഷ ബദലിനിറങ്ങിയ പാര്‍ട്ടികള്‍ കെട്ടിവച്ച കാശു കിട്ടാതെ അടി തെറ്റി വീണു. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)യും വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഡബ്ല്യു.പി.ഐ)യുമാണ് കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാവാതെ അപ്രസക്തരായത്. പ്രധാനമായും മുസ്‌ലിം ലീഗിനെ ഉന്നംവച്ച ഈ പാര്‍ട്ടികള്‍ മുസ്‌ലിം ദലിത് പിന്നോക്ക വോട്ടുകളില്‍ കണ്ണും നട്ടായിരുന്നു പ്രചാരണം നടത്തിയത്. കൊഴുപ്പേകുന്ന പ്രചാരണം സംഘടിപ്പിച്ചെങ്കിലും ഫലം പുറത്തു വന്നതോടെ നിഷ്‌കാസിതരായി. മുസ്‌ലിം ലീഗിന് ബദലാവാന്‍ മോഹിക്കുന്ന ഇരു പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് കനത്ത തിരിച്ചടിയാണ്. 5000 വോട്ട് തികയ്ക്കാന്‍ ഒരിടത്തും എസ്.ഡി.പി.ഐയ്ക്കും വെല്‍ഫയര്‍ പാര്‍ട്ടിക്കുമായില്ല. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ മത്സരിച്ചു 1,58,885 വോട്ടുകളും നേടിയിരുന്നു. ഇത്തവണ 98 മണ്ഡലങ്ങളിലാണ് മത്സരത്തിനിറങ്ങിയത്. എസ്.ഡി.പി.ഐയ്ക്ക് ഇത്തവണ കിട്ടിയതാവട്ടെ 1,25,332 വോട്ടുകളും.

മുസ്‌ലിം, ദലിത്, പിന്നോക്ക വോട്ടുകളില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ആയില്ലെന്ന് മാത്രമല്ല മുസ്‌ലിം ലീഗിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇനിയും കാലമേറെ കാത്തിരുന്നാലും കഴിയില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടു പിടിച്ചത് നിലമ്പൂരില്‍ മത്സരിച്ച ബാബു മണിയാണ്. ഇവിടെ 4751 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ മറ്റിടങ്ങളിലെല്ലാം വോട്ടു വര്‍ധിപ്പിക്കുന്നതില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എസ്.ഡി.പി.ഐയുടെ പ്രമുഖ നേതാക്കള്‍ക്കെല്ലാം തന്നെ 1000 നും 4000നും ഇടയില്‍ വോട്ടുകള്‍ പിടിക്കാനേ കഴിഞ്ഞുള്ളു. എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീന്‍ എളമരത്തിന് കൊണ്ടോട്ടിയില്‍ കിട്ടിയത് 3667 വോട്ടുകള്‍ മാത്രമാണ്. ഇവിടെ മുസ്‌ലിം ലീഗിലെ ടി.വി ഇബ്രാഹിം 10,654 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. ആറ്റിങ്ങലില്‍ മത്സരിച്ച ജനറല്‍ സെക്രട്ടറി എം.കെ മനോജ് കുമാറിന് ലഭിച്ചതാകട്ടെ 1437 വോട്ടു മാത്രം. വടകരയില്‍ മത്സരിച്ച പി അബ്ദുല്‍ ഹമീദിന് കിട്ടിയത് 2673 വോട്ടും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും മത്സരിച്ച എസ്.ഡി.പി.ഐ 2,73,848 വോട്ടുകള്‍ നേടിയിരുന്നു. ആറിടത്ത് ഒഴികെ 14 മണ്ഡലങ്ങളിലെ വോട്ടു നില അഞ്ചക്കം കടന്നു. മലപ്പുറത്ത് മത്സരിച്ച നാസറുദ്ദീന്‍ എളമരം 47853 വോട്ടുകളാണ് അന്ന് നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ കോര്‍പറേഷന്‍-നഗരസഭകളിലായി 0.80 ശതമാനം വോട്ടും ത്രിതല പഞ്ചായത്തുകളില്‍ 0.60 ശതമാനം വോട്ടുകളും നേടിയിരുന്നു. 51 തദ്ദേശ സ്ഥാപന പ്രതിനിധികളെയാണ് വിജയിപ്പിച്ചെടുത്തത്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയതോടെ വോട്ടു വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായെന്നു മാത്രമല്ല കനത്ത തിരിച്ചടിയും നേരിടേണ്ടി വന്നു.

വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 41 സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ ഗ്യാസ് സിലിണ്ടറില്‍ ജനവിധി തേടിയ വെല്‍ഫയര്‍ പാര്‍ട്ടിക്കും ഒരിടത്തും ചലനങ്ങള്‍ സൃഷ്്ടിക്കാനായില്ല. ഇരു പാര്‍ട്ടികളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് മുസ്‌ലിം, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഒരു പിന്തുണയും ഉണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News