
ധാക്ക: 75കാരനായ ബുദ്ധ സന്ന്യാസിയെ ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ബുദ്ധ സന്ന്യാസിയായ മോങ്സോവ് യു ചക്കിന്റെ മൃതദേഹം ബന്ദര്‍ബനിലെ ക്ഷേത്രത്തില്‍ വച്ചു നാട്ടുകാര്‍ കണ്ടെത്തിയത്.
തലസ്ഥാനമായ ധാക്കയില്‍ നിന്ന് 338 കിലോമീറ്റര്‍ ദൂരത്തുള്ള ബന്ദര്‍ബനിലെ നായ്ക്കങ്ചാരി ഗ്രാമത്തിലെ ക്ഷേത്രത്തിലാണു സംഭവം. ഇവിടെ ഇയാള്‍ ഒറ്റയ്ക്കു താമസിച്ചുവരികയായിരുന്നു. ആക്രമണത്തിനു കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നു പൊലിസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. അതേസമയം, പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളം ക്ഷേത്രത്തിനകത്തു നിന്നു കണ്ടെത്തിയതായി ബന്ദര്‍ബന്‍ ഡെപ്യൂട്ടി പൊലിസ് ചീഫ് ജാസിമുദ്ദീന്‍ പറഞ്ഞു. ആക്രമണത്തില്‍ നാലു മുതല്‍ അഞ്ചുവരെ പേര് പങ്കാളികളായതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിനു പിന്നില്‍ ഐ.എസും അല്‍ഖാഇദയുടെ ബംഗ്ലാദേശ് ഘടകവുമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ആരോപണം ബംഗ്ലാദേശ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. രാജ്യത്ത് ഇതുവരെ ഇരു വിഭാഗത്തിന്റെയും സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഒന്നര വര്‍ഷമായി ബുദ്ധ സന്ന്യാസിയായി പ്രവര്‍ത്തിക്കുന്ന യു ചക്കിനു നേരത്തെ പല തീവ്രവാദി വിഭാഗങ്ങളില്‍ നിന്നു വധഭീഷണിയുണ്ടായതായി രാജ്യത്തെ ബുദ്ധ സമൂഹവുമായി അടുത്തു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്ത്തകന് ജ്യോതിര്‍മയി ബറുവ പറഞ്ഞു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ഒടുവിലത്തെ ആക്രമണമാണിത്. ഈ മാസത്തിനുള്ളില്‍ തന്നെ ഇത്തരത്തില്‍ ഏഴ് ആക്രമണങ്ങള്‍ നടന്നതായാണ് ഔദ്യോഗിക വിവരം.
കഴിഞ്ഞ മാസം രണ്ടു പ്രമുഖ ഗെയ് ആക്ടിവിസ്റ്റുകളും ഒരു നിയമ വിദ്യാര്‍ഥിയും കോളജ് പ്രൊഫസറും ഹിന്ദു ടൈലറും ബ്ലോഗറുമടക്കം നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു സന്ന്യാസിയുടെ കൊലപാതകമെന്നാണു സംശയിക്കുന്നത്.