
ധാക്ക: ബംഗ്ലാദേശിലെ വടക്കന്‍ പഞ്ചഗഡ് ജില്ലയില്‍ പൂജാരിയെ ക്ഷേത്ര വളപ്പില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഐ.എസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രസ്താവന നടത്തിയത്.
തലസ്ഥാനമായ ധാക്കയില്‍ നിന്നും 308 കി.മീറ്റര്‍ വടക്കുമാറി പഞ്ച്ഗഡിലെ ദേവിഗഞ്ച് ക്ഷേത്രത്തിലെ പൂജാരിയായ ജോഗേശ്വര്‍ റോയ്(55) എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ സഹായിക്കാനെത്തിയ രണ്ടുപേരെ ഭീകരര്‍ വെടിവെക്കുകയും ചെയ്തു. അഞ്ചോ ആറോ പേരടങ്ങുന്ന ഐ.എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്.
ക്ഷേത്രത്തിന് കല്ലെറിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ജനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് വെടിതുര്ത്തും ബോംബെറിഞ്ഞും ഭീകരര്‍ രക്ഷപ്പെട്ടത്.
ഏതാനും നാളുകളായി മുസ്ലിം, ഹിന്ദു ആരാധനാലയങ്ങള്‍ക്കു നേരെ അടുത്ത കാലത്തായി ഐ.എസിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നു വരികയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജപ്പാന്, ഇറ്റാലിയന്‍ പൗരന്മാരും ഒരു ബംഗ്ലാദേശ് പൊലിസുകാരനും ഐ.എസ് ആക്രമണത്തില്‍ മരിച്ചിരുന്നു.