2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബംഗ്ലാദേശിനെതിരേ കിവീസിന് തകർപ്പൻ ജയം

   

വിക്കറ്റോടെ വിരാമം
വിക്കറ്റോടെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്‌ലർ

ക്രൈസ്റ്റ്ചർച്ച്
എതിർ ടീമിന്റെ അവസാന വിക്കറ്റ് തന്റെ വക, ഒരു ടോപ് ഓർഡർ ബാറ്റ്‌സ്മാന് ഇങ്ങനെയൊരു യാത്രയയപ്പ് ആരും സമ്മാനിച്ചിട്ടുണ്ടാവില്ല. അത്തരമൊരു മുഹൂർത്തത്തിന് ഇന്നലെ ക്രൈസ്റ്റ്ചർച്ച് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിലിറങ്ങിയ റോസ് ടെയ്‌ലറിനാണ് ടോം ലാഥമിന്റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ടീം ഇങ്ങനെയൊരു വിടവാങ്ങൽ നൽകിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേ ഇന്നിങ്‌സിന്റെയും 117 റൺസിന്റെയും തകർപ്പൻ ജയം സ്വന്തമാക്കി കിവീസ് രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര 1-1ന്റെ സമനിലയിലാക്കി. നേരത്തേ ആദ്യ മത്സരത്തിൽ കിവീസ് ടീം ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്‌സിലിറങ്ങിയ കിവീസ് ആറിന് 521 റൺസെടുത്ത് ഡിക്ലയർ ചെയ്തപ്പോൾ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ 126 റൺസിന് പുറത്താക്കി. ഇതോടെ ഫോളോ ഓൺ വഴങ്ങി വീണ്ടുമിറങ്ങിയ ബംഗ്ലാദേശിന് കിവീസ് റൺസിന്റെ ഏഴയലത്ത് പോലും എത്താനായില്ല. 278 റൺസിന് വീണ്ടും പുറത്ത്. ഇതോടെ ആതിഥേയർക്ക് മിന്നും ജയം.
രണ്ടാമിന്നിങ്‌സിൽ ബംഗ്ലാദേശിന്റെ ഒമ്പത് വിക്കറ്റ് വീണതോടെയാണ് പരമ്പരയിൽ ആദ്യമായി പന്തെറിയാനായി റോസ് ടെയ്‌ലറിനു അവസരം നൽകിയത്. എന്നാൽ ഏവരെയും ഞെട്ടിച്ച് ബംഗ്ലാ നൈറ്റ് വാച്ചർ ഇബാദത്ത് ഹുസൈനെ (നാല് റൺസ്) നായകൻ ലാഥമിന്റെ കൈകളിലെത്തിച്ച് ടെയ്‌ലർ നിർവൃതി പൂണ്ടു. മത്സരത്തിലെ മൂന്നാം പന്തിലായിരുന്നു വിക്കറ്റ് നേട്ടം. 102 റൺസെടുത്ത ലിറ്റൻ ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ 252 റൺസെടുത്ത ടോം ലാഥമാണ് കളിയിലെ താരം. ഡേവൺ കോൺവെയെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.