2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ബംഗളൂരുവിനെതിരേ ഡല്‍ഹിക്ക് 59 റണ്‍സിന്റെ ജയം; സ്റ്റോയിണിസ് ഷോ

ദുബൈ: തുടക്കത്തില്‍ യുവതാരം പൃഥ്വി ഷാ, അവസാനം കൂറ്റനടിക്കാരന്‍ മാര്‍ക്കസ് സ്റ്റോയിണിസ്. ഇരുവരുടെയും ബാറ്റിങ് മികവില്‍ കൂറ്റന്‍ റണ്‍സെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് ബംഗളൂരുവിനെ പിഴുതെറിഞ്ഞു. 59 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാലു വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗളൂരുവിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ഡല്‍ഹിക്കായി സ്റ്റോയിണിസ്(26 പന്തില്‍ പുറത്താവാതെ 53) അര്‍ധ സെഞ്ചുറി കുറിച്ചു. താരത്തിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും രണ്ടു സിക്‌സറും പിറന്നു. 23 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും സഹിതം 42 റണ്‍സാണ് ഷാ നേടിയത്. ധവാനും (28 പന്തില്‍ 32) തിളങ്ങി.

ഷായും ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ഇതില്‍ ധവാനെ കാഴ്ചക്കാരനാക്കി ആഞ്ഞടിച്ച ഭാവി താരം പൃഥ്വി ഷായാണ് കൂടുതല്‍ അപകടകാരി. താരം ഡല്‍ഹി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഇതിനിടെ മികച്ച ക്ലാസിക് ഷോട്ടുകളുമായും കളം നിറഞ്ഞു. ഇരുവരും വേര്‍പിരിയുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ തെളിഞ്ഞത് 6.4 ഓവറില്‍ 68 റണ്‍സ്. പൃഥ്വി ഷായെയാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് ധവാനും മടങ്ങി.

പിന്നീട് കഴിഞ്ഞ കളിയിലെ താരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയെങ്കിലും താരത്തെ മലയാളി ദേവദത്ത് പടിക്കല്‍ ഉഗ്രന്‍ ക്യാച്ചിലൂടെ മടക്കിയത് ഡല്‍ഹിക്ക് ആഘാതം സൃഷ്ടിച്ചു. ബൗണ്ടറി ലൈനില്‍ വച്ച് ക്യാച്ചിലൂടെ മടങ്ങാനായിരുന്നു 11 റണ്‍സെടുത്ത അയ്യറുടെ യോഗം. അയ്യര്‍ ക്രീസ് വിടുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ 11.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 90 റണ്‍സ്. തുടര്‍ന്ന് പന്തും സ്റ്റോയിണിസും ചേര്‍ന്നതോടെ ഡല്‍ഹി കൂടുതല്‍ കരുത്താര്‍ജിച്ചു. ഇരുവരും കൂറ്റനടികളാല്‍ കളം വാണു. 25 പന്തില്‍ നിന്ന് 37 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 13 പന്തില്‍ 30 റണ്‍സില്‍ നില്‍ക്കേ 15ാം ഓവറില്‍ സ്റ്റോയിണിനെ പുറത്താക്കാന്‍ ബംഗളൂരുവിന് മികച്ച അവസരം ലഭിച്ചെങ്കിലും ചഹലിന്റെ കൈകള്‍ ചോര്‍ന്നതോടെ സ്റ്റോയിണിസിന് ജീവന്‍ വച്ചു. ഷിംറോണ്‍ ഹിറ്റ്‌മെയര്‍ (7 പന്തില്‍ 11) പുറത്താവാതെ നിന്നു.
ബംഗളൂരു നിരയില്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് (39 പന്തില്‍ 43) ടോപ് സ്‌കോറര്‍. ദേവദത്ത് പടിക്കല്‍ (4), ഡിവില്ലിയേഴ്‌സ് (9) നിരാശപ്പെടുത്തി. ഡല്‍ഹിക്കായി റബാദ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്റിച്ച് നോര്‍ദെ, അക്‌സര്‍ പട്ടേല്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.