2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫ്‌ളോറിഡയുടെ കാരണം തേടുമ്പോള്‍

കെ ജംഷാദ് 8089998341

അമേരിക്കയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി സുപ്രിംകോടതി ഉത്തരവിട്ടതിന്റെ ഒന്നാംവാര്‍ഷികം അടുക്കുമ്പോഴാണു ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ ഇരുപത്തൊമ്പതുകാരന്‍ 49 പേരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവമുണ്ടാകുന്നത്. ലോകവ്യാപാരകേന്ദ്രത്തിനുനേരേ അല്‍ഖാഇദ ഭീകരാക്രമണം നടത്തിയശേഷം അമേരിക്ക നടുങ്ങിയ ഏറ്റവുംവലിയ ആക്രമണമാണിതെന്നാണു കഴിഞ്ഞദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

ലോകത്ത് ഏറ്റവും സുരക്ഷാസംവിധാനമുള്ള രാജ്യമെന്ന് അഭിമാനിക്കുന്ന അമേരിക്കയുടെ സുരക്ഷാപാളിച്ചയുടെ ഉദാഹരണംകൂടിയാണു ഫ്‌ളോറിഡ ആക്രമണം. കൊലയാളി ഉമര്‍ മതീന്‍ എന്ന അഫ്്ഗാന്‍ വംശജന് ഐ.എസ് ബന്ധമുണ്ടെന്നു തുടക്കത്തിലേ എഫ്.ബി.ഐ വ്യക്തമാക്കിയെങ്കിലും ഇന്നലെ യു.എസ് പ്രസിഡന്റ് ഇതു സ്ഥിരീകരിക്കാന്‍ കൂട്ടാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തിനില്‍ക്കെ രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍നിര്‍ത്തിയ ഈ ആക്രമണം ഭീകരാക്രമണമെന്നോ മനോരോഗിയുടെ പരാക്രമമെന്നോ സ്ഥിരീകരിക്കാനോ തെളിവുശേഖരിക്കാനോ കഴിയാതെ വിഷമവൃത്തത്തിലാണ് എഫ്.ബി.ഐ.

പുതിയ ഭീഷണി

സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിനുശേഷം പഴുതടച്ചസുരക്ഷയാണ് അമേരിക്കയില്‍ നടത്തുന്നത്. മുസ്്‌ലിംപേരുള്ളവരെ കര്‍ശനപരിശോധനയ്ക്കു വിധേയമാക്കാതെ ആ രാജ്യത്തേയ്ക്കു പ്രവേശിപ്പിക്കുന്നില്ല. ഐ.എസ് ഭീഷണി കൂടിവന്നതോടെ മുസ്്‌ലിംവിദ്വേഷവും ഭീതിയും അസഹിഷ്ണുതയും ശക്തമാണ്. ഈ സാഹചര്യത്തില്‍, രണ്ടുതവണയാണ് അമേരിക്കയില്‍ ഐ.എസ് ബന്ധം സംശയിക്കാവുന്ന ആക്രമണങ്ങള്‍ നടന്നത്. കാലിഫോര്‍ണിയയില്‍ നടന്ന വെടിവയ്പ്പിന്റെ നടുക്കം മാറുംമുമ്പാണ് സമാനരീതിയിലുള്ള വെടിവയ്പ്പു ഫ്‌ളോറിഡയിലുണ്ടാകുന്നത്. ഫ്‌ളോറിഡ വെടിവയ്പിന് പാരിസ് ആക്രമണവുമായി സാമ്യവുമുണ്ട്. ഇത്തരം ഭീഷണി നേരിടാന്‍ അമേരിക്കയിലെ പൊലിസ് സുസജ്ജമായിരുന്നില്ലെന്നതാണു ഫ്‌ളോറിഡ നല്‍കുന്ന സാക്ഷ്യം. അമേരിക്കയുടെ മണ്ണില്‍ വിദേശികള്‍ക്ക് ആക്രമണംനടത്താനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന തിരിച്ചറിവും ആക്രമണം നല്‍കുന്നു.

ഇരുട്ടില്‍ത്തപ്പി പൊലിസ്

നിശാക്ലബില്‍ ആക്രമണംനടത്തിയത് ഒരു യുവാവു മാത്രം. ഇയാളുടെ കൈയിലുള്ളത് ഒരു ഹാന്‍ഡ് ഗണ്ണും, പിസ്റ്റലും. എന്നിട്ടും അയാള്‍ക്ക് 50 പേരെ വധിക്കാനും അതിലുംകൂടുതല്‍പേരെ പരുക്കേല്‍പ്പിക്കാനും കഴിഞ്ഞു. എല്ലാ സംവിധാനങ്ങളുണ്ടായിട്ടും പൊലിസ് സംഭവസ്ഥലത്തെത്താനെടുത്തതു രണ്ടുമണിക്കൂറിലേറെ സമയം. ക്ലബില്‍ ഇരച്ചുകയറി അക്രമിയെ വധിക്കാനെടുത്തതു മൂന്നു മണിക്കൂറും. ആക്രമണംനടക്കുമ്പോള്‍ ക്ലബിലകപ്പെട്ട യുവാവു മാതാവിനയച്ച മെസേജുകളാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. യുവാവും മാതാവും പൊലിസിനെ പലതവണ വിളിച്ചതായും മെസേജിലുണ്ട്.

കമാന്‍ഡോ ഓപ്പറേഷനു പേരുകേട്ട യു.എസ് മറീനുകളും സീലുകളും മൂന്നാംലോകരാജ്യത്തെ പൊലിസിനേക്കാള്‍ ദയനീയമായാണു പ്രവര്‍ത്തിച്ചതെന്നാണ് ആക്ഷേപം. മതീന്‍ ആക്രമണത്തിനിടെ ഐ.എസ് മേധാവി അബൂബക്കര്‍ ബഗ്്ദാദിയെ ഫോണില്‍ വിളിച്ചുവെന്ന തരത്തില്‍ യു.എസ് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. എന്നാല്‍, മതീന്റെ ഐ.എസ് ബന്ധം കണ്ടെത്താനാനുള്ള തെളിവു ലഭിച്ചില്ലെന്ന് ഒടുവില്‍ യു.എസ് പ്രസിഡന്റ് വിശദമാക്കുകയും ചെയ്തു.

സ്വവര്‍ഗരതിക്കെതിരേയുള്ള പ്രതിഷേധം

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയതൊടൊപ്പം ഇതിനെതിരേ ശക്തമായ പ്രതിഷേധവും യു.എസില്‍ ഉയര്‍ന്നിരുന്നു. നിയമത്തിന്റെ വാര്‍ഷികാചരണത്തിന്റെ ഭാഗമായി യു.എസിലെങ്ങും ആഘോഷപരിപാടികള്‍ നടക്കുന്നതിനിടെയാണ് ആക്രമണം.

പ്രകൃതിവിരുദ്ധരതിയെ എതിര്‍ക്കുന്നതില്‍ മുസ്്‌ലിം, ക്രിസ്ത്യന്‍ വിഭാഗവും ഒറ്റക്കെട്ടാണ്. ഗേ സ്വാതന്ത്ര്യം സൈ്വര്യജീവിതത്തിനു വിഘാതമാകുമെന്നാണ് ഇവരുടെ വാദം. ഫ്‌ളോറിഡ വെടിവയ്പ്പുസംഭവത്തിനുപിന്നാലെ ലോസ്ആഞ്ചല്‍സില്‍ സ്വവര്‍ഗക്കാരുടെ പരിപാടിക്കിടെ യുവാവിനെ ആയുധവുമായി പിടികൂടിയിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം

കാലിഫോര്‍ണിയ വെടിവയ്പ്പുണ്ടായപ്പോള്‍, തോക്കു നിയന്ത്രണം നിയമമാക്കണമെന്ന് ഒബാമ നടത്തിയ പ്രഖ്യാപനത്തെ സാധൂകരിക്കുന്നതാണു ഫ്‌ളോറിഡ ആക്രമണം. ആദ്യ പ്രതികരണത്തില്‍ ഒബാമ ഇത് അടിവരയിടുകയും ചെയ്തു. ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരിക്ലിന്റണ് ഈ സംഭവം പ്രചാരണമാക്കാനാകും. തോക്കു ലോബിയുടെയാളാണു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് എന്നു നേരത്തെ ഹിലരി ആരോപിച്ചിരുന്നു. തോക്കു നിയന്ത്രണം നിയമമാക്കാന്‍ റിപ്പബ്ലിക്കന്മാര്‍ക്കു ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ പിന്തുണ ലഭിക്കാത്ത അവസ്ഥയായിരുന്നു. യു.എസില്‍ വെടിവയ്പു ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നതോടെ ഒബാമയുടെ നയത്തോടു വോട്ടര്‍മാര്‍ അനുകൂലനിലപാടു സ്വീകരിച്ചാല്‍ ഹിലരിക്കു നേട്ടമാകും.

ഐ.എസ് ബന്ധമോ
മനോരോഗമോ

സ്വവര്‍ഗരതിക്കാരെ കൊലപ്പെടുത്തുക ഐ.എസ് രീതിയാണ്. ഇതാകാം ഉമര്‍ ഐ.എസുകാരനാകാമെന്ന സംശയത്തിനുപിന്നില്‍. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതല്ലാതെ മറ്റു തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മതീന്‍ നേരത്തേ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു. ഇയാള്‍ മനോരോഗിയാണെന്നാണു മുന്‍ഭാര്യയും അടുപ്പമുള്ളവരും പറയുന്നത്. തീവ്രവാദബന്ധം ഇവര്‍ തള്ളിക്കളയുന്നു. സ്വവര്‍ഗക്കാരെ കാണുന്നത് ഇയാള്‍ക്കു വെറുപ്പായിരുന്നുവെന്നു പിതാവും പറയുന്നു.

യു.എസില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നു തങ്ങളുടെ അക്കൗണ്ടിലാക്കാമെന്ന കുബുദ്ധിയാകാം ഐ.എസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കലിനു പിന്നില്‍. ഇതു ശരിയെങ്കില്‍ ഫ്‌ളോറിഡയില്‍ നടന്നതു ഭീകരാക്രമണമാകില്ല, മറിച്ച്, പാശ്ചാത്യരുടെ കുത്തഴിഞ്ഞ സംസ്‌കാരത്തിനെതിരേയുള്ള രക്തച്ചൊരിച്ചിലാകാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.