2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫോഡിന്റെ കാറുകളും നമ്മുടെ സംരംഭകത്വ പരിശീലന പദ്ധതികളും

എം വി സക്കറിയ

ലോകമെങ്ങും പ്രശസ്തമാണ് ഫോഡ് കാറുകള്‍. ഫിയസ്റ്റ, എന്‍ഡവര്‍, ആസ്പയര്‍, ഇക്കോസ്‌പോര്‍ട് തുടങ്ങിയ പേരുകളൊക്കെ ഇന്ത്യക്കാര്‍ക്കും സുപരിചിതം. എഡിസന്‍ ഇല്യുമിനേറ്റിങ് കമ്പനിയില്‍ ജോലിക്കാരനായിരുന്ന 23 വയസ്സുകാരന്‍ 130 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട കാറുകളുടെ ബാക്കി പത്രങ്ങളാണിവയൊക്കെ.
യുവജനങ്ങളെ കേവലമൊരു ജോലിക്ക് പ്രാപ്തനാക്കുന്നതിലുപരി നല്ലൊരു സംരംഭകനാക്കാന്‍ കേരള ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റുമൊക്കെ ഉല്‍സാഹിക്കുകയും നിരവധി പദ്ധതികള്‍ അതിനായി ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഓര്‍ക്കാന്‍ പറ്റിയ ജീവിത കഥയാണ് ഹെന്റി ഫോഡിന്റേത്.
കഥ നടക്കുന്ന കാലത്ത് കാറുകള്‍ എന്നത് വെറുമൊരു ഭാവന മാത്രമായിരുന്നു എന്ന് പറഞ്ഞ് കൂടാ. പക്ഷെ ശരാശരി അമേരിക്കക്കാരന്, അതായത് സാധാരണക്കാര്‍ക്ക് പ്രാപ്യമായ കാര്‍ എന്ന സ്വപ്നത്തിന് പുറകെയായിരുന്നു ഹെന്റി ഫോഡ്. അത് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഫോഡിനെക്കൂടാതെ മറ്റ് പലരും അക്കാലത്ത് ശ്രമിക്കുന്നുമുണ്ടായിരുന്നു.
കുതിരകളില്ലാതെ, മനുഷ്യര്‍ തള്ളുകയും വലിക്കുകയും ചെയ്യാതെ, മുന്നോട്ട് നീങ്ങുന്ന വണ്ടി ഇടത്തരക്കാര്‍ക്കും സ്വന്തമാക്കാനാവുന്ന സുദിനം.
ഫോഡിന് അതൊരു നിഷ്ഠയായിരുന്നു. ജീവിത വ്രതമായിരുന്നു. രാത്രിഷിഫ്റ്റിലാണ് അയാള്‍ക്ക്് ജോലി. അത് കഴിഞ്ഞാല്‍ പകല്‍ മിക്കവാറും സമയം പരീക്ഷണങ്ങളാണ്. കാര്‍ നിര്‍മാണ പരീക്ഷണങ്ങള്‍. വീട്ടിന് പിന്നില്‍ കെട്ടിയുണ്ടാക്കിയ ഷെഡ്ഡാണ് പണിശാലയും പരീക്ഷണശാലയും. കിട്ടാവുന്നിടങ്ങളില്‍ നിന്നെല്ലാം ശേഖരിച്ച പല പല സാധനങ്ങളാണ് അസംസ്‌കൃത വസ്തുക്കള്‍. ഇവയൊക്കെ വേണ്ട രീതിയില്‍ പരിഷ്‌കരിച്ച് ഒരു വാഹനം ഉണ്ടാക്കുന്നതില്‍ 1896 ല്‍ ഫോഡും സുഹൃത്തുക്കളും വിജയിക്കുക തന്നെ ചെയ്തു. ഇന്നത്തെ രീതിയില്‍ നോക്കിയാല്‍ ഒരു നാലുചക്ര സൈക്കിള്‍ ആയിരുന്നു അതെന്നും പറയാം. കണ്ടാല്‍ തീരെ മോശമല്ല. നന്നായി ഓടുകയും ചെയ്യും. എന്നാല്‍ വലിപ്പം തീരെ കുറവ്. വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് മാത്രമുള്ള പൂര്‍ണതയും അവകാശപ്പെടാനാവില്ല. ഇക്കാരണങ്ങളാല്‍ത്തന്നെ അത് മാറ്റി വച്ച് ഫോഡ് മറ്റൊരു കാര്‍ നിര്‍മിക്കാനാരംഭിച്ചു. ഒരു വര്‍ഷമെടുത്തു ഇത് പണിതുണ്ടാക്കാന്‍. ഈ പുതിയ കാറിന്റെ ഡിസൈന്‍ ഒന്നാം തരമായിരുന്നു. ഓടിക്കാനും കൈകാര്യം ചെയ്യാനുമൊക്കെ സൗകര്യപ്രദമായത്. ഇനിയാവശ്യം സാമ്പത്തിക പിന്തുണയാണ്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പണം വേണമല്ലോ. പ്ലാന്റ് സ്ഥാപിക്കുന്നതിനായി തെരച്ചില്‍ തുടങ്ങിയ ഫോഡിന് വൈകാതെ തന്നെ ആളെക്കിട്ടി. പേര് വില്യം എച്ച് മര്‍ഫി. സ്ഥലത്തെ പ്രധാന ബിസിനസുകാരന്‍. അങ്ങിനെ ഡട്രോയിറ്റ് ഓട്ടോമൊബൈല്‍ കമ്പനി എന്ന കാര്‍ നിര്‍മാണ കമ്പനി പിറവിയെടുത്തു.
പക്ഷെ അധികം കഴിയും മുന്‍പെ പ്രശ്‌നങ്ങളും തുടങ്ങി. ഫോഡ് നിര്‍മിച്ച കാറിന്റെ പ്രോട്ടോടൈപ്പില്‍ വീണ്ടും കുറെ ജോലികള്‍ ചെയ്ത് പരിഷ്‌കരിക്കേണ്ടതുണ്ട്. പാര്‍ട്‌സുകള്‍ പലയിടങ്ങളില്‍ നിന്നായി എത്തിക്കണം. ചിലതൊക്കെ ഫോഡ് ഉദ്ദേശിച്ചതിനെക്കാള്‍ ഭാരക്കൂടുതലുള്ളവയുമായിരുന്നു. തന്റെ ഉന്നത സ്വപ്നങ്ങള്‍ക്കനുസൃതമായ കാര്യമായ ചില മാറ്റങ്ങള്‍ ഫോഡ് കാറിന്റെ ഡിസൈനില്‍ വരുത്താന്‍ തുടങ്ങി. അത് പൂര്‍ത്തിയാകാന്‍ സ്വാഭാവികമായും കുറെ സമയമെടുക്കും. എന്നാല്‍ ഈ കാലതാമസത്തില്‍ മര്‍ഫിയും കമ്പനിയുടെ മറ്റ് സ്റ്റോക്‌ഹോള്‍ഡര്‍മാരും അസ്വസ്ഥരാവാന്‍ തുടങ്ങി. അവര്‍ക്ക് ഒട്ടും ക്ഷമയില്ലായിരുന്നു. ഒടുവില്‍ ഒന്നരക്കൊല്ലമായപ്പോഴേക്കും ഡയരക്റ്റര്‍മാര്‍ ചേര്‍ന്ന് കമ്പനി പിരിച്ചുവിട്ടു!! അവര്‍ക്ക് ഫോഡില്‍ വിശ്വാസം നഷ്ടമായിക്കഴിഞ്ഞിരുന്നു.
തിരിച്ചടിയില്‍ നിരാശപ്പെടുന്നതിന് പകരം വസ്തുതകള്‍ നന്നായി വിശകലനം ചെയ്യുകയാണ് ആ യുവാവ് ചെയ്തത്. എന്താണ് പ്രശ്‌നം? വേഗം ഉല്‍പ്പന്നം പുറത്തിറക്കി വേഗത്തില്‍ ലാഭം നേടണമെന്ന മുതല്‍ മുടക്കിയവരുടെ താല്‍പ്പര്യം തന്നെ വലിയ തടസ്സം. അതിന് വഴങ്ങി തന്റ സങ്കല്‍പ്പങ്ങള്‍ അപ്പടി തള്ളിക്കളയാനാവുമോ? ഒരിക്കലുമില്ല. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിപൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായ കാര്‍ എന്ന തന്റെ ഉദാത്ത സങ്കല്‍പ്പം അതേപടി പ്രായോഗികമാക്കാന്‍ ഉടനടി പറ്റുമോ?. അതുമില്ല. അതിനാല്‍ കുറെക്കൂടി ഭാരം കുറഞ്ഞ, അല്‍പ്പം കൂടി ചെറിയൊരു കാര്‍ നിര്‍മിക്കാം. പക്ഷെ അതിനും മുതല്‍ മുടക്ക് കണ്ടെത്തണമല്ലോ. ഒരിക്കല്‍ക്കൂടി ഫോഡ് മര്‍ഫിയെത്തന്നെ സമീപിച്ച് ആശയം ബോധ്യപ്പെടുത്തി. അദ്ദേഹം സമ്മതിക്കുകയും കമ്പനി വീണ്ടും തുടങ്ങുകയും ചെയ്തു. പക്ഷെ അല്‍പ്പ നാളുകള്‍ കഴിഞ്ഞപ്പോഴേക്കും പഴയ കഥ ആവര്‍ത്തിച്ചു. കാര്‍ വേഗം പുറത്തിറക്കണം എന്നായി മര്‍ഫിയുടെ നിര്‍ബന്ധം. ഫോഡിന്റെ ഉന്നതമായ, ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനരീതിയും നിലവാര നിഷ്‌കര്‍ഷയും മനസ്സിലാക്കാന്‍ കഴിവില്ലാത്ത മര്‍ഫിയുടെ ആള്‍ക്കാര്‍, പുറത്ത് നിന്ന് ഒരു സൂപ്പര്‍വൈസറെ നിയമിക്കുകയും ചെയ്തു.
അനിവാര്യമായത് സംഭവിച്ചു. ഫോഡ് കമ്പനി വിട്ടു. ഇത് കൂടി കഴിഞ്ഞതോടെ ഫോഡ് എന്ന കാര്‍നിര്‍മാതാവിനെ എല്ലാവരും എഴുതിത്തള്ളുകയും ചെയ്തു.
പക്ഷെ ഫോഡ് കുലുങ്ങിയില്ല. അയാള്‍ ശാന്തമായി ആലോചിച്ചു. എന്താണ് സംഭവിച്ചതെന്നും എന്ത് കൊണ്ടാണ് സംഭവിച്ചതെന്നും സസുക്ഷ്മം വിശകലനം ചെയ്തു. ഈ വിലയിരുത്തലില്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം മനസ്സിലായി.
താന്‍ കാര്‍ നിര്‍മാണത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നു. ഏറ്റവും മികച്ച ഉല്‍പ്പന്നവും അത് വഴി ഏറ്റവും മികച്ച ഭാവിയും സ്വപ്നം കാണുന്നു. അതിനായി ഉല്‍പ്പന്നം കുറ്റമറ്റതാക്കാന്‍ വേണ്ടത് ചെയ്യുന്നു. പക്ഷെ പണം മുടക്കുന്നവര്‍ക്ക് അതിനൊന്നും തീരെ ക്ഷമയില്ല. അവര്‍ താല്‍ക്കാലിക നേട്ടം പ്രതീക്ഷിച്ച് നിലവാരം കുറഞ്ഞ ആശയങ്ങള്‍ കൊണ്ട് വരുന്നു. അത് അപകടമാവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടാം ശ്രമവും വിജയിച്ചില്ല.
ഫോഡ് മോട്ടോഴ്‌സ് പിന്നീടാണ് പിറന്നത്. 12 നിക്ഷേപകരും ആയിരം ഷെയറുമുള്ള കമ്പനി. തുടക്കം അത്ര സുഖകരമായിരുന്നു എന്ന് പറയാനാവില്ല. 1903 ജൂലായ് 23 ന് ആദ്യ കാര്‍ വില്‍ക്കുമ്പോഴേക്ക് കമ്പനിയുടെ കൈവശത്തിലുണ്ടായിരുന്ന മൊത്തം സംഖ്യയായ 28000 ഡോളറും ചെലവഴിച്ചു കഴിഞ്ഞിരുന്നു!!
എന്നാല്‍ അതേ വര്‍ഷം ഒക്‌ടോബര്‍ ഒന്നാം തിയ്യതി പിറക്കുമ്പോഴേക്കും കമ്പനി 37000 ഡോളര്‍ ലാഭമുണ്ടാക്കിക്കഴിഞ്ഞിരുന്നു!!. തുടര്‍ന്നുള്ള ചരിത്രം പറയേണ്ടതില്ല.
എന്തായിരുന്നു ഈ വിജയത്തിന്റെ രഹസ്യം?. അന്നത്തെ മറ്റ് ഉല്‍പ്പാദകരെ അപേക്ഷിച്ച് മികച്ച ഉല്‍പ്പന്നം ഉണ്ടാക്കണമെന്ന ദൃഢനിശ്ചയം. മറ്റുള്ളവരുടെ സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്. ലാഭം കിട്ടിത്തുടങ്ങാന്‍ ഇത്തിരി വൈകിയാലും പ്രശ്‌നമല്ല, കാര്യങ്ങള്‍ അതാതിന്റെ ശരിയായ രീതിയില്‍ ചെയ്യണമെന്ന നിലപാട്. അങ്ങിനെയങ്ങിനെ….
“When everything seems to be going against you, remember that the airplane takes off again-st the wind, not with it”
“Life is a series of experiences, each one of which makes us bigger, even though sometimes it is hard to realize this. For, the world was built to develop character, and we must learn that the setbacks and grieves which we endure help us in our marching onward.” Henry Ford
അനുഭവസ്ഥര്‍ പറയുമ്പോള്‍ അതിന്റെ കരുത്ത് ഒന്ന് വേറെ തന്നെ.
സംരംഭകത്വത്തിനൊരുങ്ങുന്നവര്‍ക്ക് വലിയൊരു പാഠപുസ്തകമാണ് ഫോഡ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.