2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫുട്‌ബോള്‍ കൊടുങ്കാറ്റ് കോപ്പയിലേക്ക്

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്ക ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ നേരത്തെ എത്തുന്നു. നാലു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള ടൂര്‍ണമെന്റിന്റെ പ്രത്യേക അധ്യായമാണ് ഇത്തവണ. 1916ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷിക പോരാട്ടം അതിനാല്‍ ഏറെ പ്രത്യേകതയുമായാണ് അരങ്ങേറാനൊരുങ്ങുന്നത്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക കപ്പ് തന്നെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതാണ് വിജയികള്‍ക്കു കൈമാറുക. ഈ കപ്പ് സ്വന്തമാക്കുന്നവര്‍ക്ക് അടുത്ത നാലു വര്‍ഷം കഴിഞ്ഞാലും കൈമാറേണ്ടതില്ല. മറ്റൊന്ന് ലാറ്റിനമേരിക്കക്ക് പുറത്താണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കോപ്പ ലാറ്റിനമേരിക്ക വിട്ടു പുറത്തു പോകുന്നത്. അമേരിക്കയിലെ പത്തു വേദികളിലായി ഈ മാസം നാലു മുതല്‍ 27 വരെയാണ്  ടൂര്‍ണമെന്റ്.  

ലാറ്റിനമേരിക്കയില്‍ നിന്നുള്ള അര്‍ജന്റീന, ബ്രസീല്‍, ചിലി, ഉറുഗ്വെ, ബൊളീവിയ, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, പെറു, വെനസ്വെല തുടങ്ങി പത്തു രാജ്യങ്ങളും ഒപ്പം കോണ്‍കാകാഫ് മേഖലയിലെ ആറു രാഷ്ട്രങ്ങളുമാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ആതിഥേയരെന്ന നിലയില്‍ അമേരിക്ക യോഗ്യത നേടിയപ്പോള്‍ സ്ഥിരം അംഗങ്ങളെന്ന നിലയില്‍ മെക്‌സിക്കോയും ഇടംപിടിച്ചു. മധ്യ അമേരിക്കന്‍ കപ്പില്‍ വിജയിച്ച് യോഗ്യത നേടിയ കോസ്റ്റ റിക്ക, കരീബിയന്‍ കപ്പില്‍ വിജയികളായ ജമൈക്ക എന്നിവരും യോഗ്യതാ പോരാട്ടത്തില്‍ വിജയിച്ചെത്തുന്ന ഹെയ്തി, പനാമ ടീമുകളുമാണ് ആറ് ടീമുകള്‍. മൊത്തം പതിനാറു ടീമുകളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചാണ് ടൂര്‍ണമെന്റ്. ജൂണ്‍ നാലിനു ആതിഥേയരായ അമേരിക്ക, കോസ്റ്റ റിക്കയുമായി ഏറ്റുമുട്ടുന്നതോടെ ടൂര്‍ണമെന്റിനു തുടക്കമാകും. ജൂണ്‍ 27ന് അമേരിക്കയിലെ കിഴക്കന്‍ റുഥര്‍ഫോര്‍ഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലോടെ കോപ്പ ശതാബ്ദി പോരാട്ടത്തിലെ വിജയികളാരെന്നറിയാം.
കോപ്പ പുരോഗമിക്കുന്നതിനിടയില്‍ തന്നെ ഇത്തവണ യൂറോ കപ്പും വിരുന്നത്തെന്നത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇരട്ട മധുരമാണ് സമ്മാനിക്കാന്‍ പോകുന്നത്. കോപ്പയിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെയും യൂറോ രാത്രിയിലുമായതിനാല്‍ രാവ് മുഴുവന്‍ നീളുന്ന ഫുട്‌ബോല്‍ മാമാങ്കം കണ്‍ കുളിര്‍ക്കെ ആസ്വദിക്കാനുള്ള അവസരമാണ് ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് കൈവന്നിരിക്കുന്നത്. കോപ്പയും യൂറോയും ഒരുമിച്ചു വരുന്നതും നടാടെയാണ്.

നെയ്മറില്ലാതെ ബ്രസീല്‍

പതിവു പോലെ അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ സാന്നിധ്യം തന്നെയാണ് കോപ്പയെ ആവേശകരമാക്കുന്നത്. കഴിഞ്ഞ തവണ കിരീടം നേടിയ ചിലിയും കൊളംബിയയും പരമ്പരാഗത ശക്തികളായ ഉറുഗ്വെയും ഒട്ടും പുറകിലല്ല. കഴിഞ്ഞ തവണ ഫൈനലില്‍ ചിലി അര്‍ജന്റീനയെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടു തോറ്റു കിരീടം കൈവിട്ട അര്‍ജന്റീന കോപ്പ നേടി തിരിച്ചു വരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവിടെയും കാലിടറിയത് ടീമിനു ക്ഷീണമായി. എന്നാല്‍ ഇത്തവണ ആ കോട്ടം പരിഹരിക്കാമെന്ന പ്രത്യാശയിലാണ് അവര്‍. സൂപ്പര്‍ താരവും നായകനുമായ മെസ്സി കിരീടമില്ലാത്ത രാജകുമാരന്റെ പരിവേഷത്തിലാണ് നില്‍ക്കുന്നത്. ശതാബ്ദി കപ്പ് സ്വന്തമാക്കി നിരാശ പരിഹരിക്കാമെന്ന കണക്കുകൂട്ടലും വ്യക്തിപരമായി മെസ്സി പുലര്‍ത്തുന്നുണ്ടാകും. കടലാസ്സില്‍ അര്‍ജന്റീന ശക്തരാണ്.
സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ വരുന്നത്. ബാഴ്‌സലോണ ക്ലബുമായുള്ള ഉടമ്പടി പ്രകാരമാണ് നെയ്മറിനെ ഒഴിവാക്കിയുള്ള കാനറികളുടെ വരവ്. എങ്കിലും ഓസ്‌കാര്‍, വില്ല്യന്‍, മാഴ്‌സലോ, ലൂയീസ്, ഡഗ്ലസ് കോസ്റ്റ തുടങ്ങിയവരിലാണ് അവരുടെ പ്രതീക്ഷ. \

ലൂയീസ് സുവാരസ്, എഡിന്‍സന്‍ കവാനി ദ്വയത്തിന്റെ മികവില്‍ വിശ്വസിച്ചാണ് പരമ്പരാഗത ശക്തികളായ ഉറുഗ്വെ പന്തു തട്ടാനിറങ്ങുന്നത്. ലാ ലിഗയില്‍ ബാഴ്‌സലോണയുടെ കിരീട വിജയത്തില്‍ സുവാരസും ഫ്രഞ്ച് ലീഗ് വണില്‍ പി.എസ്.ജിയെ ചാംപ്യന്‍മാരാക്കുന്നതില്‍ കവാനിയും നിര്‍ണായക സ്വാധീനമായിരുന്നു. നിലവില്‍ മികച്ച ഫോമിലാണ് ഇരുവരും.
അലക്‌സിസ് സാഞ്ചസ്, ആര്‍ദുറോ വിദാല്‍, വര്‍ഗാസ് തുടങ്ങിയ മികച്ച താരങ്ങളുടെ കഴിവിലാണ് ചിലിയുടെ വിശ്വാസം. കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിച്ചാല്‍ കരുത്തരായ മറ്റു ടീമുകള്‍ക്ക് തലവേദന ഉറപ്പ്.
റോഡ്രിഗസ്, ക്വഡ്രാഡോ എന്നിവരുടെ മികവില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊളംബിയയും കളിക്കാനിറങ്ങുമ്പോള്‍ പോരാട്ടം കനക്കും.

കണക്കിന്റെ കളികള്‍

ഗ്രൂപ്പ് എയില്‍ കോച്ച് യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ തന്ത്രങ്ങളുടെ ചട്ടക്കൂട്ടിലാണ് ആതിഥേയരായ അമേരിക്ക കളിക്കാനിറങ്ങുന്നത്. ഡെംപ്‌സിയായിരിക്കും അമേരിക്കന്‍ മുറ്റേത്തിന്റെ കുന്തമുന. കൊളംബിയ, പരാഗ്വെ എന്നിവരാണ് അമേരിക്കക്ക് വെല്ലുവിളിയായി നില്‍ക്കുന്നത്. എങ്കിലും ആതിഥേയരെന്ന ആനുകൂല്യം അവര്‍ക്കുണ്ട്.
ഗ്രൂപ്പ് ബി യില്‍ ബ്രസീലിന് കാര്യമായ വെല്ലുവിളികളില്ലെങ്കിലും ഇക്വഡോറിനോട് ജയിക്കണമെങ്കില്‍ ബ്രസീലിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ തന്നെ പുറത്തെടുക്കേണ്ടണ്ടി വരും. അത്ര ശക്തരല്ലാത്ത ഹെയ്ത്തിയും പെറുവുമാണ് ബി ഗ്രൂപ്പില്‍ ബ്രസീലിന്റെ എതിരാളികളായി രംഗത്തുള്ളത്. നെയ്മറില്ലാത്ത ബ്രസീലിന് കാര്യമായ നീക്കങ്ങളൊന്നും നടത്താനാകില്ലെന്നാണ് ഗ്രൂപ്പിലെ എതിരാളികളുടെ കണക്കുകൂട്ടലുകള്‍. സൗഹൃദ മത്സരങ്ങളില്‍ ബ്രസീലിന്റെ പുതുമുഖ താരം ഗബ്രിയേല്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പനാമക്കെതിരേയുള്ള മത്സരത്തില്‍ ഗോള്‍ നേടാനും ഗബ്രിയേലിനായി. ഗോളിനായി ഗബ്രിയേലിനെയായിരിക്കും ടീം ആശ്രയിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യമായ കളിയൊന്നും കളിക്കാതെ രണ്ടണ്ടാം റൗണ്ടണ്ടിലെത്തുമെന്ന പ്രതീക്ഷ ബ്രസീല്‍ വെച്ചുപുലര്‍ത്തുന്നുണ്ടണ്ട്.

ഗ്രൂപ്പ് സിയില്‍ കവാനി, സുവാരസ് എന്നിവരടങ്ങുന്ന ഉറുഗ്വെയും മാനുവല്‍ കൊറോണ, കാര്‍ലോസ് പെന, ഹാവിയര്‍ ഹെര്‍ണാണ്ടണ്ടസ്, ബെന്‍ഫിക്കന്‍ താരമായ റൗള്‍ ജിമെനസ് എന്നിവര്‍ അണിനിരക്കുന്ന മെക്‌സിക്കോയുമാണുള്ളത്. പരുക്കേറ്റ സുവാരസിന് കളിക്കാനാകുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നത് ഉറുഗ്വെക്ക് തിരിച്ചടിയാണ്. ജമൈക്ക, വെനസ്വെല ടീമുകളെ മറ്റു രണ്ടു കരുത്തരും എഴുതിതള്ളാന്‍ സാധ്യത കുറവാണ്. ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ ഇരു ടീമുകള്‍ക്കും ജയിച്ചു കയറണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടണ്ടി വരുമെന്നു സാരം.

ഗ്രൂപ്പ് ഡിയില്‍ ചിലിയും ശക്തരായ അര്‍ജന്റീനയുമുണ്ടണ്ട്. പനാമ, ബൊളീവിയ മറ്റു രണ്ടണ്ടു ടീമുകള്‍. അര്‍ജന്റീന കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മെസ്സിക്ക് പരുക്കുണ്ടെങ്കിലും കോപ്പയില്‍ കളിക്കാനാകുമെന്ന പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. അഗ്യെറോ, റോമേറോ, സബലേറ്റ, ഡി മരിയ, മഷറാനോ, ഹിഗ്വയ്ന്‍, ലവേസി എന്നിങ്ങനെയുള്ള പരിചയ സമ്പന്നരുടെ നിര അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നു. അര്‍ജന്റീനക്ക് കാര്യമായ വെല്ലുവിളി ചിലിയില്‍ നിന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ തവണ ഫൈനലില്‍ നേരിട്ട തോല്‍വിക്ക് ആദ്യ മത്സരത്തില്‍ തന്നെ പകരം ചോദിച്ച് ടൂര്‍ണമെന്റിലെ പോരാട്ടങ്ങള്‍ക്ക് മികച്ച തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. ഈ ഗ്രൂപ്പില്‍ നിന്നു ആര്‍ജന്റീനയും ചിലിയും മുന്നോട്ടു പോകുമെന്നു കരുതാം. എങ്കിലും പനാമയും ബൊളീവിയും ഈ രണ്ടു കരുത്തന്‍മാരേയും അട്ടിമറിക്കില്ലെന്നു പറയാന്‍ സാധിക്കില്ല. കാരണം ഫുട്‌ബോളില്‍ എന്തും സംഭവിക്കാം.
സാധ്യതകളുടെ കണക്കു കൂട്ടലുകള്‍ മാത്രമാണിത്. കളത്തില്‍ എന്തും നടക്കും. ദുര്‍ബലന്‍ ശക്തനെ കീഴ്‌പ്പെടുത്തുന്നത് ഫുട്‌ബോള്‍ ലോകം എത്രയോ തവണ കണ്ടതാണ്. ലാറ്റിനമേരിക്കയുടെ നൈസര്‍ഗിക ഫുട്‌ബോള്‍ നഷ്ടപ്പെട്ടതായി മുറവിളികള്‍ നടക്കുന്നുണ്ടെങ്കിലും ഹോസെ പെക്കര്‍മാന്‍ പരിശീലിപ്പിക്കുന്ന കൊളംബിയ പോലുള്ള ടീമുകള്‍ അതിന്റെ വക്താക്കളായി ഇന്നും നില്‍ക്കുന്നു. അത്തരം മിന്നലാട്ടങ്ങള്‍ എന്തായാലും അമേരിക്കന്‍ മണ്ണിലും കാണാം.
ഇത്തരം മിന്നല്‍ പിണരുകളും യൂറോപ്യന്‍ ക്ലബ് പരിചയത്തിന്റെ വൈവിധ്യവുമായി എത്തുന്ന സൂപ്പര്‍ താരങ്ങളാലും കോപ്പയില്‍ കൊടുങ്കാറ്റു നിറയുമെന്നു തന്നെ പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.