2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫിലിപ്പൈൻസ് ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് മിസൈൽ വാങ്ങുന്നു 2,789 കോടി രൂപയുടെ കരാർ, ബ്രഹ്‌മോസ് സ്വന്തമാക്കാൻ കൂടുതൽ രാജ്യങ്ങൾ

മനില
ചൈന ഉയർത്തുന്ന ഭീഷണി ചെറുക്കുന്നതിനായി ഫിലിപ്പൈൻസ് ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ വാങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് 2,789 കോടി രൂപയുടെ കരാറിന് അന്തിമ രൂപമായി. ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ കയറ്റുമതി ചെയ്യുന്നത്.

ആഗോള ആയുധ കയറ്റുമതിയിൽ ഇന്ത്യയുടെ കുതിപ്പിന് ഇതു തുടക്കമിടുമെന്നാണ് കരുതുന്നത്. ദക്ഷിണ ചൈന കടലിലെ ജലാതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചൈന ഉയർത്തുന്ന ഭീഷണികൾ ചെറുക്കാനാണ് ലോകത്തെ വേഗം കൂടിയ മിസൈലായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഫിലിപ്പൈൻസ് സ്വന്തമാക്കുന്നത്. അടുത്തയാഴ്ച കരാറിലൊപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഫിലിപ്പൈൻസ് പ്രതിരോധ വകുപ്പ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യ റഷ്യയുടെ സഹകരണത്തോടെയാണ് ബ്രഹ്മോസ് വികസിപ്പിച്ചത്. ശബ്ദത്തിൻ്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഇതിന് 290 കി.മീ അകലെയുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുണ്ട്.

വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമായി ബ്രഹ്മോസ് വാങ്ങാൻ ചർച്ച നടത്തിവരുകയാണ്. യു.എ.ഇ, സഊദി, ദക്ഷിണാഫ്രിക്ക എന്നിവയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കപ്പൽ വേധ മിസൈലായ ബ്രഹ്മോസിൻ്റെ മൂന്നു ബാറ്ററികളാണ് ഫിലിപ്പൈൻസ് വാങ്ങുന്നത്. ഇതോടൊപ്പം മിസൈൽ ഓപറേറ്റർമാർ, അറ്റകുറ്റപ്പണി ചെയ്യുന്നവർ തുടങ്ങിയവരെയും കയറ്റുമതി ചെയ്യാനുള്ള സഹായവും ഇന്ത്യ നൽകുമെന്ന് ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന പറഞ്ഞു.
ശത്രുരാജ്യത്തിൻ്റെ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവ തകർക്കാൻ ശേഷിയുള്ള ആകാശ് മിസൈലുകളും വിൽക്കാൻ ഇന്ത്യക്ക് പദ്ധതിയുണ്ട്.

25 കി.മീ വരെ അകലെയുള്ള ലക്ഷ്യത്തിൽ നാശം വിതയ്ക്കുന്ന ഇത് വാങ്ങാൻ സഊദി, ഇന്തോനേഷ്യ, യു.എ.ഇ, ബഹ്റൈൻ, ഫിലിപ്പൈൻസ്, ഈജിപ്ത്, കെനിയ, അൾജീരിയ എന്നിവ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രഹ്മോസ് മിസൈലുകൾ ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
അതിൻ്റെ പരിഷ്കരിച്ച പതിപ്പിന് 350-400 കി.മീ ദൂരത്തിലുള്ള ലക്ഷ്യത്തിലുള്ള കപ്പലുകളെ വരെ തകർക്കാനാകും. ബ്രഹ്മോസ് വാങ്ങുന്നതിന് വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ സേനയ്ക്ക് 36,000 കോടി രൂപയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണത്തിൽ ബ്രഹ്മോസ് വിന്യസിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.