2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഫിത്വ് ര്‍ സകാത്ത്

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

 

സമ്പന്നന്‍ തന്റെ സമ്പത്തിന്റെ നിശ്ചിത വിഹിതം പാവങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. വര്‍ഷംപ്രതി ഒരു മുസ്‌ലിം ഇക്കാര്യം നിര്‍വഹിച്ചിരിക്കണം. ഇതുപോലെ വ്രതാനുഷ്ഠാനത്തിന്റെ സമാപനത്തോടനുബന്ധിച്ചു മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട മറ്റൊരു നിര്‍ബന്ധ ദാനമാണ് ഫിത്വ ര്‍ സകാത്ത്.
കുടുംബത്തിലെ ഓരോ വ്യക്തികള്‍ക്കുവേണ്ടിയും കുടുംബനാഥനാണ് സകാത്ത് നല്‍കേണ്ടത്. താന്‍ ചെലവിനു നല്‍കല്‍ നിര്‍ബന്ധമായ കുടുംബത്തിലെ അംഗങ്ങള്‍ക്കുവേണ്ടി മാത്രമേ ഫിത്വ ര്‍ സകാത്ത് നല്‍കേണ്ടതുള്ളൂ. ഉദാഹരണണായി ഒരു വീട്ടില്‍ കുടുംബനാഥനുള്‍പ്പെടെ പത്ത് പേരുണ്ട്. ഭാര്യ, മാതാപിതാക്കള്‍, ആറു മക്കള്‍ എന്നിവര്‍. മുതിര്‍ന്ന മകനു ജോലിയും സൗകര്യവുമുണ്ട്. ഒരു മകളെ വിവാഹം ചെയ്തിട്ടുമുണ്ട്. മറ്റുമക്കളും മാതാപിക്കളും സ്വയംപര്യാപ്തരല്ല. ഇവിടെ താനുള്‍പ്പെടെ എട്ടു പേരുടെ സകാത്താണ് കുടുംബനാഥന്‍ നല്‍കേണ്ടത്.
കടബാധ്യതയുള്ളവര്‍ സകാത്ത് നല്‍കേണ്ടതില്ല. പെരുന്നാള്‍ ദിവസം (24 മണിക്കൂര്‍) തനിക്കും താന്‍ ചിലവിനു നല്‍കേണ്ടവര്‍ക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഭൃത്യന്‍ (ആവശ്യമുള്ളവര്‍) എന്നീ ആവശ്യങ്ങള്‍ കഴിച്ചു മിച്ചമുള്ളവരെല്ലാം സകാത്ത് നല്‍കിയിരിക്കണം. അതാതു പ്രദേശത്ത് സാധാരണ ഉപയോഗിക്കുന്ന ഭക്ഷ്യധാനമാണ് സകാത്തായി നല്‍കേണ്ടത്. ശാഫിഈ മദ്ഹബ് പ്രകാരം ധാന്യമായി തന്നെ ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടതാണ്. എന്നാല്‍, ഹനഫി മദ്ഹബില്‍ പണം നല്‍കിയാല്‍ മതി. ഇതനുസരിച്ചാണ് ചില ഗള്‍ഫ് നാടുകളില്‍ പണമായി ഫിത്വര്‍ സകാത്ത് നല്‍കുന്നത്.
ഒരാളുടെ പേരിലുള്ള ഫിത്വ്ര്‍ സകാത്തിന്റെ അളവ് ഒരു സ്വാഅ് (ഉദ്ദേശം രണ്ടു കിലോ 400 ഗ്രാം) ആണ് നിര്‍ബന്ധം. നമ്മുടെ നാട്ടില്‍ ധാന്യമായി അരിയാണ് ദാനം നല്‍കേണ്ടത്. പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമയം മുതലാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. റമദാന്‍ ഒന്നുമുതല്‍ നല്‍കുന്നത് അനുവദിനീയമാണ്. എന്നാല്‍, സകാത്ത് നിര്‍ബന്ധമാകുന്നതു പെരുന്നാള്‍ സൂര്യാസ്തമയ സമയം ജീവിക്കുന്നവരുടെ കാര്യത്തിലാണല്ലോ. അതിനാല്‍ പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമയത്തിനു മുന്‍പു ജനിക്കുന്ന കുഞ്ഞിനു സകാത്ത് കൊടുക്കണം, സൂര്യാസ്തമയത്തിനു മുന്‍പു മരിച്ച ആളുടെ പേരില്‍ സകാത്ത് നല്‍കേണ്ടതുമില്ല. പെരുന്നാള്‍ നിസ്‌കാരത്തിനു മുന്‍പായി വിതരണം ചെയ്യുകയാണ് ഉത്തമം, പിന്തിക്കല്‍ കറാഹത്താണ്.
അയല്‍ക്കാരെയോ ബന്ധുക്കളോ പ്രതീക്ഷിച്ചു മാറ്റിവയ്ക്കുന്നത് സുന്നത്തുണ്ട്. എന്നാല്‍, അന്നത്തെ സൂര്യാസ്തമയത്തെതൊട്ടു പിന്തിക്കരുത്. കാരണമില്ലാതെയെങ്കില്‍ അതു നിഷിദ്ധമാണ്. ഇബ്‌നു അബ്ബാസ്(റ) വില്‍നിന്നു നിവേദനം:’വ്യര്‍ഥമായ വാക്ക്, പ്രവര്‍ത്തി, ദുഷിച്ച സംസാരം എന്നിവയില്‍നിന്നു നോമ്പുകാരനെ ശുദ്ധീകരിക്കാനും പാവപ്പെട്ടവര്‍ക്കു സുഭിക്ഷമായ ഭക്ഷണം ലഭ്യമാക്കാനുമാണ് നബി(സ്വ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത് ‘( അബൂദാവൂദ്). ഇമാം വകീഅ് (റ) പറയുന്നു-‘നിസ്‌കാരത്തിനു സഹ്‌വിന്റെ സുജൂദ് പോലെയാണ് നോമ്പിനു ഫിത്വ ര്‍ സകാത്ത്. നിസ്‌കാരത്തിലെ കുറവുകള്‍ സുജൂദ് കൊണ്ടു പരിഹരിക്കപ്പെടുന്നതുപോലെ ഫിത്വ്ര്‍ സകാത്തുകൊണ്ടു നോമ്പിലെ ന്യൂനതകള്‍ പരിഹരിക്കപ്പെടും’.

 

ഫിത്വ് ര്‍ സകാത്ത്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.