
മട്ടാഞ്ചേരി: ഫാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കെ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നൂറോളം ബോട്ടുകളെ സംബന്ധിച്ച് വിവരമില്ല.കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ ആഴക്കടലില്‍ പോയവരോട് എത്രയും പെട്ടെന്ന് മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊച്ചി ഹാര്‍ബറില്‍ നിന്ന് തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി ഇരുന്നൂറ്റിയമ്പതോളം ബോട്ടുകളാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പോയത്.ഇതില്‍ മടങ്ങിയെത്തണമെന്ന നിര്‍ദേശം എത്തിയതോടെ നൂറ്റിയമ്പതോളം ബോട്ടുകള്‍ ലക്ഷദ്വീപിലും മറ്റുമായി കയറിയിട്ടുണ്ടെന്ന് ഗില്‍നെറ്റ് ആന്‍ഡ് ലോങ് ലെയിന്‍ ബോട്ട് ബയിങ് ഏജന്റ്സ് അസോസിയേഷന് സെക്രട്ടറി എം. മജീദ് പറഞ്ഞു.ബാക്കിയുള്ള നൂറോളം ബോട്ടുകളെ സംബന്ധിച്ച് വിവരം ലഭിക്കാനുണ്ടെന്നും ഇതില്‍ ആയിരത്തിയിരുന്നൂറോളം തൊഴിലാളികളുണ്ടെന്ന് മജീദ് വ്യക്തമാക്കി.