2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫലസ്തീനി വീടുകള്‍ തകര്‍ക്കുന്നത് ഇസ്‌റാഈല്‍ അവസാനിപ്പിക്കണം: യൂറോപ്യന്‍ യൂനിയന്‍

 

52 ഫലസ്തീനി സ്‌കൂളുകള്‍ തകര്‍ക്കല്‍ ഭീഷണിയില്‍
2020ല്‍ 869 ഫലസ്തീനികള്‍ ഭവനരഹിതരായതായി യു.എന്‍
ബ്രസ്സല്‍സ്: അധിനിവേശ പ്രദേശങ്ങളിലെ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്ന ഇസ്‌റാഈല്‍ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ വക്താവ് പീറ്റര്‍ സാന്റോ. 11 ഫലസ്തീനി കുടുംബങ്ങളുടെ വീടുകളും മറ്റ് പ്രാഥമിക സൗകര്യങ്ങളുമാണ് ഈ ആഴ്ച ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തത്. ഖിര്‍ബത്ത് ഹുമ്‌സില്‍ 41 കുട്ടികളടക്കം 70ല്‍ അധികം പേരാണ് ഇതിലൂടെ ഭവനരഹിതരായത്. മേഖലയില്‍ ഇസ്‌റാഈല്‍ അധിനിവേശവും വീടുകള്‍ ഇടിച്ചുനിരപ്പാക്കുന്നതും നിര്‍ബാധം തുടരുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ വെസറ്റ് ബാങ്കില്‍ യൂറോപ്യന്‍ യൂനിയന്റെനേതൃത്വത്തില്‍ റാസ് അല്‍തീനില്‍ ഫലസ്തീനികള്‍ക്കായി നിര്‍മിച്ച സ്‌കൂള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 52 ഫലസ്തീനി സ്‌കൂളുകള്‍ ഇസ്‌റാഈലിന്റെ തകര്‍ക്കല്‍ ഭീഷണി നേരിടുകയാണ്.
സുരക്ഷിതമായി വിദ്യാഭ്യാസം നേടാനുള്ള കുട്ടികളുടെ അവകാശവും സ്‌കൂളുകളും സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസം നേടല്‍ ഏറ്റവും പ്രഥമമായ മനുഷ്യാവകാശമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും പീറ്റര്‍ സാന്റോ ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങള്‍ മേഖലില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2020ല്‍ ഫലസ്തീനികളുടെ 689 വീടുകളും സ്ഥാപനങ്ങലും മറ്റും ഇസ്‌റാഈല്‍ തകര്‍ത്തതായി കഴിഞ്ഞ ദിവസം യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാലയളവില്‍ 869 ഫലസ്തീനികള്‍ക്ക് വീടുകള്‍ നഷ്
ടമായതായും ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ വിഭാഗം കോഓഡിനേറ്റര്‍ യോന്നെ ഹെല്ലി അറിയിച്ചിരുന്നു. എന്നാല്‍ മേഖലയില്‍ യുഎന്നിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സംഘര്‍ഷത്തെ പ്രോല്‍സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ഇസ്‌റാഈലിന്റെ യു.എന്‍ പ്രതിനിധിയുടെ ആരോപണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.