2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫലപ്രഖ്യാപനം കോടതി കയറുമ്പോള്‍  2000 ആവര്‍ത്തിക്കുമോ?

 
 
വാഷിങ്ണ്‍:  ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ മുന്നേറ്റം അംഗീകരിക്കാന്‍ തയാറാവാതെ പ്രസിഡന്റ് ട്രംപ് കോടതിയെ സമീപിക്കുമ്പോല്‍ 2000 ആവര്‍ത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 
തെരഞ്ഞെടുപ്പില്‍ വ്യാപകമായി അട്ടിമറി നടന്നെന്നും  വൈകിയെത്തുന്ന തപാല്‍ വോട്ടുകള്‍ എണ്ണരുതെന്നും ആവശ്യപ്പെട്ടാണ് ട്രംപ് കോടതിയെ സമീപിക്കുന്നത്. ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 
ഇതോടെ 20 വര്‍ഷം മുന്‍പ് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും നിയമ പോരാട്ടവും ആവര്‍ത്തിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 
  2000ത്തിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി അല്‍ ഗോറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ജോര്‍ജ് ബുഷുമായിരുന്നു മല്‍സരിച്ചത്. 36 ദിവസം പോരാട്ടിന് ശേഷം കോടതി ബുഷിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.  ഇരുവരും ഒപ്പത്തിന് ഒപ്പം എത്തിയ പോരാട്ടത്തില്‍ വിജയിയെ തീരുമാനിച്ചത് ഫ്‌ളോറിഡയിലെ ഫലമായിരുന്നു. ഇരുസ്ഥാനാര്‍ഥികളുടെയും ലീഡ് മാറി മാറിഞ്ഞു. അവസാന ഘട്ടത്തില്‍ അല്‍ ഗോറിന്റെ ലീഡ് ഉയര്‍ന്നു. ഇതോടെ ഫ്‌ളാറിഡയില്‍ തര്‍ക്കമായി. ബാലറ്റ് പേപ്പറുകളെ ചൊല്ലിയായിരുന്നു തര്‍ക്കം. 
തുടര്‍ന്ന് ബാലറ്റു പേപ്പറുകള്‍ വീണ്ടും എണ്ണി. എന്നാല്‍ തര്‍ക്കം അവസാനിച്ചില്ല. പ്രശ്‌നത്തില്‍ ഫ്‌ളോറിഡ കോടതി ഇടപെട്ടു. വോട്ടെണ്ണല്‍ വീണ്ടും നടത്താനും ഫ്‌ളോറിഡയിലെ മുഴുവന്‍ കൗണ്ടിയിലേയും വോട്ട് എണ്ണാനും ഉത്തരവായി. എന്നാല്‍ ഈ ഉത്തരവിനെതിരേ ബുഷ് സുപ്രീം കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. തുടര്‍ന്ന് 2000 നവംബര്‍ മാസം അവസാനം ബുഷ് 537 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. 
ഇതോടെ ബുഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടത്തിനും ഫലങ്ങളുടെ സര്‍ട്ടിഫിക്കേഷനും നല്‍കേണ്ട സംസ്ഥാന സ്റ്റേറ്റ് സെക്രട്ടറി കാത്‌ലീന്‍ ഹാരിസ് ഫ്‌ലോറിഡയിലെ ബുഷിന്റെ പ്രചാരണത്തിന്റെ സഹ ചെയര്‍മാനായും പ്രവര്‍ത്തിച്ചതും ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷ് ആയിരുന്നു ഫ്‌ളോറിഡയുടെ ഗവര്‍ണര്‍ എന്നതും ആരോപണങ്ങള്‍ക്ക് ശക്തികൂട്ടി.
എന്നാല്‍ വിഷയത്തില്‍ വീണ്ടും ഫ്‌ളോറിഡ കോടതി ഇടപെടല്‍ ഉണ്ടായി. ബാലറ്റ് പേപ്പറില്‍ അവ്യക്തതയോടെ പതിഞ്ഞ 45,000 വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ഉത്തരവിട്ടു. എന്നാല്‍ സുപ്രീം കോടതി കേസില്‍ വീണ്ടും ഇടപെടുകയായിരുന്നു.
ഈ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവുണ്ടായി. രണ്ടിനെതിരേ ഏഴ് വോട്ടിനായിരുന്നു സുപ്രിം കോടതിയുടെ ഇടപെടല്‍. ഫ്‌ളോറിഡ കോടതിയുടെ തീരുമാനത്തിനനുസരിച്ച് നിശ്ചിതസമയത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇതോടെ നേരിയ ഭൂരിപക്ഷത്തിന് ബുഷ് അധികാരത്തിലേറി. 266 നെതിരേ 271 ഇലക്ട്രറല്‍ വോട്ടിനായിരുന്നു ബുഷ് അധികാരത്തില്‍ എത്തിയത്.
യു.എസിലെ ആകെ വോട്ടില്‍ ബുഷിനെക്കാള്‍ അഞ്ച് ലക്ഷം കൂടുതലായിരുന്നു ഗോറിന് ലഭിച്ചത്. 1888ന് ശേഷം അമേരിക്കയില്‍ ആദ്യമായിട്ടായിരുന്നു കൂടുതല്‍ ജനകീയ വോട്ട് നേടിയ സ്ഥാനാര്‍ഥി ഇലക്ട്രറല്‍ വോട്ടില്‍ പരാജയപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.