2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ട്

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. അന്വേഷണത്തില്‍ നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നും ഇ.ഡി നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഇ.ഡി നോട്ടിസില്‍ വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കുന്നതിനാണ് ഫയലുകള്‍ വിളിച്ചുവരുത്തിയത്. ശിവശങ്കര്‍ അടക്കമുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്ന സുരേഷിന് കൈമാറിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ടെന്‍ഡര്‍ നല്‍കുന്നതിന് വന്‍തോതില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും ഇ.ഡിയുടെ മറുപടിയില്‍ പറയുന്നു. ലൈഫ് പദ്ധതിയെ അട്ടിമറിക്കാനാണ് ഫയലുകള്‍ വിളിച്ചുവരുത്തിയതെന്ന വാദം ദുര്‍വ്യാഖ്യാനമാണ്. പദ്ധതിയെ അട്ടിമറിക്കുകയല്ല, സര്‍ക്കാര്‍ പദ്ധതിയുടെ സുതാര്യതയും സാധുതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഇ.ഡിയുടെ വിശദീകരണത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ടു. നിയമസഭയ്ക്കുള്ള പരിരക്ഷ സര്‍ക്കാര്‍ സ്ഥാപനമായ ലൈഫ് മിഷന് ലഭിക്കില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നിലപാട്.
ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട ഇ.ഡിക്ക് നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി നോട്ടിസ് നല്‍കിയിരുന്നു. ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് നിയമസഭ എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.