2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പ്ലസ് വണ്‍: മലബാറിനോടുള്ള അവഗണനയുടെ തനിയാവര്‍ത്തനം


 

സാമ്പത്തികബാധ്യതയുടെ പേരുപറഞ്ഞ് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഈ വര്‍ഷവും ആവര്‍ത്തിച്ചിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം അധിക ബാച്ചുകള്‍ അനുവദിക്കുകയില്ലെന്ന് ഉത്തരവിട്ടത്.

മലബാറിലെ കുട്ടികള്‍ മികച്ച മാര്‍ക്ക് വാങ്ങി പത്താംക്ലാസ് പാസായാലും തുടര്‍പഠനത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നതില്‍ ഭരണകൂടങ്ങള്‍ ഒറ്റക്കെട്ടാണ്. മുട്ടാപ്പോക്ക് ന്യായങ്ങളും കാരണങ്ങളും നിരത്തിയാണ് ഓരോതവണയും തുടര്‍ പഠനാവസരങ്ങളുടെ വാതിലുകള്‍ ഭരണകൂടം കൊട്ടിയടച്ചുകൊണ്ടിരിക്കുന്നത്. അധിക ബാച്ചുകളും സീറ്റുകളും നിഷേധിക്കാന്‍ പല വഴികളാണ് വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുക്കുന്നത്. വെബ്‌സൈറ്റിന്റെ മെല്ലെപ്പോക്ക് കാരണം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ ഏകജാലക ട്രയല്‍ അലോട്ട്‌മെന്റ് ഫലം പരിശോധിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അലോട്ട്‌മെന്റ് ഫലം പല വിദ്യാര്‍ഥികളെയും നിരാശപ്പെടുത്തുന്നതുമായിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റില്‍ ഇടംനേടാന്‍ കഴിഞ്ഞിട്ടില്ല. തെക്കന്‍ ജില്ലകളിലൊന്നും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നില്ല. തെക്കന്‍ ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മലപ്പുറം ജില്ലയില്‍ 77,668 വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നത്. ഫുള്‍ എ പ്ലസ് നേടിയതിനൊപ്പം പഠനത്തിന് പുറമെയുള്ള സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കുപോലും മുഖ്യഅലോട്ട്‌മെന്റില്‍ അവര്‍ ആഗ്രഹിച്ച സ്‌കൂളോ കോംപിനേഷനോ ലഭിക്കാനിടയില്ല. ഇതിനിടയിലാണ് പ്ലസ്‌വണ്‍ അധിക ബാച്ചുകള്‍ മലബാറില്‍ അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍ തീരുമാനം വെള്ളിടിപോലെ അവര്‍ക്കുമേല്‍ പതിച്ചിരിക്കുന്നത്.

അധിക സാമ്പത്തികബാധ്യത പറഞ്ഞ് ഒരിക്കല്‍കൂടി മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സീറ്റുകള്‍ നിഷേധിക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ല. സീറ്റ് വര്‍ധനയല്ല, പുതിയ ബാച്ചുകളാണ് അനുവദിക്കേണ്ടതെന്ന മലബാറിന്റെ നിരന്തരമായ ആവശ്യത്തിന് സര്‍ക്കാര്‍ ചെവികൊടുത്തതേയില്ല. പകരം പതിവുപോലെ സീറ്റുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്നായിരുന്നു വിവിധ ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ ശുപാര്‍ശ. പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കണ്‍വീനറായ ജില്ലാതല കമ്മിറ്റിയും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചത് വെറും പ്രഹസനമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

മലപ്പുറം ജില്ല ഉള്‍പ്പെടെ മലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്നായിരുന്നു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് അധികബാധ്യത വരുമെന്നുപറഞ്ഞ് സര്‍ക്കാര്‍ തള്ളിയത്. സീറ്റ് വര്‍ധന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് കണ്ടറിഞ്ഞ് അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള ശുപാര്‍ശ സമിതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് അറിയുമായിരുന്നില്ലേ ? അങ്ങനെവരുമ്പോള്‍ സ്വാഭാവികമായും ചെലവുകൂടുമെന്നും സര്‍ക്കാരിന് അറിയാന്‍ പാടില്ലായിരുന്നുവോ ? അധിക ബാച്ചിനുവേണ്ടി മലബാറില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ വേണ്ടിയായിരുന്നില്ലേ ഇങ്ങനെയൊരു പ്രഹസന കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

അധിക ബാച്ചുകള്‍ നിഷേധിക്കാന്‍ പിന്നെയും കാരണങ്ങള്‍ നിരത്തുന്നുണ്ട് സര്‍ക്കാര്‍. പൂര്‍ണ തോതില്‍ നേരിട്ടുള്ള ക്ലാസുകള്‍ നടത്താന്‍ കഴിയാത്ത കൊവിഡ് സാഹചര്യമുള്ളതിനാലും നിലവിലുള്ള ബാച്ചുകളില്‍ ആനുപാതിക സീറ്റ് വര്‍ധന നടപ്പാക്കിയതിനാലും ഇപ്രാവശ്യവും അധിക ബാച്ചുകള്‍ അനുവദിക്കാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു സര്‍ക്കാര്‍. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ അധിക ബാച്ച് നിഷേധത്തിന് സര്‍ക്കാര്‍ മറ്റൊരു കാരണം കണ്ടെത്തുമായിരുന്നു. ഈ അധ്യയനവര്‍ഷം കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെതന്നെ തീരുമാനമെടുത്തിരുന്നുവെന്നാണ് ഉത്തരവില്‍നിന്ന് മനസിലാകുന്നത്.

2014-15 വര്‍ഷങ്ങളില്‍ അനുവദിച്ചതും മതിയായ കുട്ടികളില്ലാത്തതിനാല്‍ പിന്നീട് നിര്‍ത്തലാക്കിയതുമായ ബാച്ചുകളും സീറ്റുകളും മലബാര്‍ മേഖലയില്‍ അനുവദിക്കുമെന്നു സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയതാണ്. ആ ഉത്തരവ് വിഴുങ്ങിയിരിക്കുകയാണിപ്പോള്‍. അതു നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം ഇപ്രാവശ്യം മൂന്നിരട്ടിയോളം വര്‍ധിച്ചതോടെ ഇഷ്ടപ്പെട്ട സ്‌കൂളിനും വിഷയ കോംപിനേഷനും വേണ്ടി കുട്ടികള്‍ നെട്ടോട്ടം ഓടുന്നതിനിടയിലാണ് അധിക ബാച്ചുകള്‍ മലബാര്‍ മേഖലയില്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 167 ബാച്ചുകള്‍ ആവശ്യമാണെന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലേക്കെറിഞ്ഞ് മലബാറിലെ കുട്ടികളുടെ ഉയര്‍ന്നു പഠിക്കാനുള്ള മോഹത്തിന്റെ ചിറകുകളാണ് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ സര്‍ക്കാര്‍ അരിഞ്ഞുവീഴ്ത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.