
മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്ന പ്ലസ്വണ് സീറ്റുകള്‍ നികത്തുന്നതിനായി സ്പോട്ട് അഡ്മിഷന് പത്തിന് നടക്കും. ഇതിന്റെ മുന്നോടിയായി വിവിധ സ്കൂളുകളിലെ ഒഴിവു സംബന്ധിച്ച വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി ഏകജാലക വെബ്സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശി ല്‍ പ്രസിദ്ധീകരിച്ചു. വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ പ്രസിദ്ധപ്പെടുത്തിയ ഒഴിവില്‍ പ്രവേശനം നേടുന്നതിനായി എട്ട്, ഒന്‍പത് തിയതികളില്‍ അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷാ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പലിന് ഒന്‍പതിന് വൈകുന്നേരം മൂന്നിനു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകള്‍ക്കനുസൃതമായി എത്ര സ്കൂള്‍ കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താവുന്നതാണ്. മാതൃകാ ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത്തരത്തില്‍ സ്കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്ക്ലിസ്റ്റ് പത്തിന് രാവിലെ ഒന്‍പതു മണിക്ക് പ്രസിദ്ധീകരിക്കും.
അഡ്മിഷന് ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്കൂള്കോഴ്സ് എന്നിവ റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കിയ അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്കൂളില്‍ 10ന് രാവിലെ പത്ത് മണി മുതല്‍ 12 മണിക്കു മുന്‍പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റിന് അര്‍ഹനെങ്കില്‍ അവയുടെ അസ്സല് രേഖകള്‍ എന്നിവയുമായി ഹാജരാകണം.