
ലോസേന്: പ്രൊഫഷനല്‍ ബോക്സിങ് താരങ്ങള്‍ക്ക് ഒളിംപിക്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന് അനുമതി നല്‍കിയേക്കും. കഴിഞ്ഞദിവസം സ്വിറ്റ്സര്‍ലന്‍ഡിലെ ലോസേനില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.
എന്നാലിത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യോഗത്തില്‍ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനിലെ 88 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തു. നാലുപേര്‍ എതിര്‍ത്തപ്പോള്‍ നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രൊഫഷനല്‍ ബോക്സിങിന് അനുകൂല തീരുമാനമാണ് എടുത്തതെങ്കിലും പല താരങ്ങള്‍ക്കും ഒളിംപിക്സിന് പങ്കെടുക്കാന്‍ സാധിക്കില്ല. യോഗ്യതാ മത്സരങ്ങള്‍ പലതും കഴിഞ്ഞുപോയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. ഇന്ത്യയുടെ പ്രോ ബോക്സിങ് താരം വിജേന്ദറിനും ഇക്കാര്യം തിരിച്ചടിയാകും. ജൂലൈ 16ന് ഡബ്ല്യു. ബി.എ ഏഷ്യന്‍ ടൈറ്റില്‍ മത്സരത്തിനുള്ള പരിശീലനം നടക്കുന്നതിനാല്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വിജേന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസര്‍ബൈജാനില്‍ നടക്കുന്ന ലോക യോഗ്യതാ പോരാട്ടമാണ് ഒളിംപിക്സിന് യോഗ്യത നേടാനുള്ള അവസാന കടമ്പ. ജൂണ്‍ 16നാണ് ഇന്ത്യന്‍ താരങ്ങളുടെ മത്സരം ആരംഭിക്കുന്നത്.