
സുനി അല്‍ഹാദി
കൊച്ചി: നെട്ടൂര്‍ ചെറുവള്ളി പറമ്പില്‍ മാധവിയമ്മയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടുരേഖപ്പെടുത്താന്‍ കഴിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളായി മാധവിയമ്മയും മാറി. വയസ് 95 കഴിഞ്ഞെങ്കിലും പ്രായാധിക്യം മാധവി അമ്മയെ തളര്‍ത്തിയില്ല.രാവിലെ തന്നെ കുളിച്ചൊരുങ്ങി പോളിങ് ബൂത്തിലേക്ക് നടന്നുപോയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടിങ്മെഷീനില്‍, താന്‍ ആദ്യകാലം മുതല്‍ വോട്ടുരേഖപ്പെടുത്തുന്ന രാാഷ്ട്രീയപാര്ട്ടിയുടെ ചിഹ്നത്തിന് നേരെ വിരല്‍ അമര്‍ത്തിയെങ്കിലും തെളിഞ്ഞില്ല.പിന്നെ സഹായിയായി എത്തിയ കൊച്ചുമരുമകള്‍ ശ്രീനിജയുടെ സഹായത്തോടെയാണ് വോട്ടിങ് പൂര്‍ത്തിയാക്കിയത്.
1924ലെ പ്രളയത്തിനു മുമ്പാണ് മാധവി അമ്മയുടെ ജനനം. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ഇന്നലെവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയ മാധവിക്ക് ഓര്മ അല്പം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യകാല വോട്ടനുഭവങ്ങള്‍ ഒന്നൊന്നായി ഓര്‍ത്തെടുത്തു. ഭര്‍ത്താവ് കറുപ്പന് വള്ളത്തില്‍ പോയി പിടിച്ചുകൊണ്ടുവരുന്ന മത്സ്യം തലയില്‍ ചുമന്ന് വീടുകളില്‍ വില്പന നടത്തിയിരുന്നത് മാധവിയാണ്. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ മത്സ്യം വില്പന നടത്തുന്ന വീടുകളില്‍ തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥനയും നടത്തും. പത്ത് സെന്റ് ഭൂമി കുടികിടപ്പ് തന്നത് ഇ.എം.എസ് ആണെന്ന് പറഞ്ഞ് ഒരിക്കല്‍ വോട്ടഭ്യര്‍ഥന നടത്തിയതും മാധവി ഓര്‍ത്തെടുത്തു. സുഹൃത്തും ബന്ധുക്കളുമായ അമ്മിണിക്കും കുമാരനുമൊപ്പമാണ് മാധവി വോട്ട് രേഖപ്പെടുത്താന്‍ പോയിരുന്നത്. അന്ന് ശ്രീ എന്ന് മലയാളത്തില്‍ എഴുതി ഒപ്പിട്ടിരുന്നെന്നും മാധവി പറഞ്ഞു.
സ്കൂളില്‍ പഠിക്കുമ്പോള്‍ മേലധികാരി വന്ന് നമ്പൂതിരി എന്ന വാക്കിന് എതിര്‍വാക്ക് പറയാന്‍ ആവശ്യപ്പെട്ടു. അന്ന് താന്‍ മാത്രമാണ് അന്തര്‍ജനമെന്ന് ഉത്തരം നല്‍കിയത്.കൂട്ടുകാര്‍ക്കൊപ്പം കപ്പല്‍ കാണാനൊക്കെ പോയിട്ടുണ്ട. പക്ഷേ ആത്മമിത്രങ്ങളായ അവര്‍ രണ്ടുപേരും ഇപ്പോള്‍ കൂടെയില്ല.ഞാന്‍ മാത്രം ഇങ്ങനെ പ്രായം ഏറെയായെങ്കിലും ജീവിച്ചിരിക്കുന്നു. ഏഴ് പെണ്മക്കള്ക്കും രണ്ട് ആണ്മക്കള്ക്കും മാധവി ജന്മം നല്‍കിയെങ്കിലും ഇപ്പോള്‍ പെണ്മക്കള് മാത്രമെ ജീവിച്ചിരിപ്പുള്ളു. ചെറുമകന് രൂപേഷിനും കുടുംബത്തിനുമൊപ്പമാണ് ഇപ്പോള്‍ മാധവി അമ്മ താമസിക്കുന്നത്. ഇത്രയും കാലം വോട്ട് ചെയ്തവരൊക്കെ ജയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ മോണകാട്ടി ചിരിച്ചുകൊണ്ട് മാധവി അമ്മ പറയും എല്ലാരും ജയിച്ചോ എന്ന് ഓര്‍മയില്ല, എന്നാലും ചിലരൊക്കെ ജയിച്ചിട്ടുണ്ട്.