
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നേരം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ കര്‍ഷിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സമരവേദിയില്‍. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന സമരത്തിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി, പക്ഷേ, ഗവര്‍ണര്‍ക്കെതിരേ ഒരക്ഷരം മിണ്ടിയില്ല.
ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്തവരാണ് ബി.ജെ.പിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കര്‍ഷകരുടെ മുന്നില്‍ അതൊന്നും നടന്നില്ല. ഇന്ത്യകണ്ട ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറുടെ വിവാദനിലപാടിനെ പരാമര്‍ശിക്കാതെയാണ് പത്തു മിനിട്ടോളം മുഖ്യമന്ത്രി പ്രസംഗിച്ചത്. മന്ത്രിമാരായ ഇ.പി ജയരാജന്, മേഴ്സിക്കുട്ടിയമ്മ,വി.എസ് സുനില്‍കുമാര്‍, എ.കെ ശശീന്ദ്രന് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സമരപ്പന്തലിലെത്തിയത്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്, മാത്യു ടി തോമസ് തുടങ്ങിയവരും പങ്കെടുത്തു.