2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

പ്രവാസി ഭാരതീയദിനംകൊണ്ട് എന്തു പ്രയോജനം


കള്ളപ്പണത്തിനെതിരേയുള്ള കേന്ദ്രസര്‍ക്കാര്‍ പോരാട്ടത്തെ പ്രവാസികള്‍ തുണച്ചുവെന്നാണ് 14-ാമത് പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍ ഉദ്ഘാടനംചെയ്തു പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിന് ഉപോല്‍ബലമായ വസ്തുതകളൊന്നും നിരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമില്ല. നിരവധി വാഗ്ദാനങ്ങള്‍ തന്റെ പ്രസംഗത്തിലുടനീളം അദ്ദേഹം നിരത്തിയിട്ടുമുണ്ട്.

വിദേശത്തു ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്കാവശ്യമായ പരിശീലനം നല്‍കും. അതിനായി പ്രവാസി കൗശല്‍ വികാസ് യോജന പദ്ധതി ആരംഭിക്കുമെന്നാണു പ്രധാനമായും അദ്ദേഹം പറഞ്ഞത്. പ്രതിവര്‍ഷം 61 ബില്യണ്‍ ഡോളര്‍ ഇന്ത്യക്കു നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ക്ഷേമപദ്ധതികളെ സംബന്ധിച്ചോ പുനരധിവാസപദ്ധതികളെക്കുറിച്ചോ അദ്ദേഹം സ്പര്‍ശിച്ചതേയില്ല.

ആകെക്കൂടി അദ്ദേഹം നല്‍കിയത് പി.ഐ.ഒ കാര്‍ഡുകളുള്ള പ്രവാസികള്‍ അവ ഒ.സി.ഐ കാര്‍ഡുകളാക്കി മാറ്റണമെന്നും ഇതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടിയിട്ടുമുണ്ടെന്നാണ്. ഇന്ത്യയുടെ വികസനത്തിനായാണു പ്രവാസികള്‍ ശ്രദ്ധിക്കേണ്ടതെന്നും വിദേശനിക്ഷേപത്തില്‍ ഉപരിയായി ഇന്ത്യയെ വികസിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു. 21 ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന ഉറപ്പിന്മേലാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

പ്രസംഗത്തിലൊരിടത്തും കോടീശ്വരന്മാരല്ലാത്ത പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചോ സ്വന്തംനാട്ടില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരസ്‌കാരങ്ങളെക്കുറിച്ചോ അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല. സാധാരണ ഇന്ത്യക്കാര്‍ അധികവും ജോലിചെയ്യുന്നതു ഗള്‍ഫ് മേഖലയിലാണ്. നിരവധി പ്രശ്‌നങ്ങളാണ് അവരെ അലട്ടിക്കൊണ്ടിരിക്കുന്നത്. ഒന്നിനുപോലും പ്രധാനമന്ത്രിയില്‍നിന്നു പരിഹാരംവന്നില്ല.
ഗള്‍ഫ് മേഖല അതിവേഗം സ്വദേശിവല്‍കരണത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം കേന്ദ്രസര്‍ക്കാര്‍ കാണാതെപോകരുത്. നിരവധി ഇന്ത്യക്കാരാണു തൊഴില്‍ നഷ്ടപ്പെട്ടു അനുദിനമെന്നോണം ഗള്‍ഫില്‍നിന്നു മടങ്ങിക്കൊണ്ടിരിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനോ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനോ സര്‍ക്കാരിന്റെ പക്കല്‍ ഒരു പരിപാടിയുമില്ല.

രോഗികളായി മടങ്ങിയെത്തുന്നവര്‍ക്കു സൗജന്യചികിത്സാ പദ്ധതികളെക്കുറിച്ചോ അവരുടെ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തെക്കുറിച്ചോ അവശരായ പ്രവാസികള്‍ക്കു നല്‍കേണ്ട പെന്‍ഷന്‍പദ്ധതിയെക്കുറിച്ചോ ഒന്നും പറയാതെ അവസാനിപ്പിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം അതിനാല്‍ തന്നെ പ്രവാസി ഇന്ത്യക്കാരില്‍ വലിയ മതിപ്പൊന്നും സൃഷ്ടിച്ചിട്ടില്ല. പ്രവാസികളെ സുഖിപ്പിക്കാനായി ഒരു പ്രവാസിദിനം കൂടി കടന്നുപോയി എന്നതിലപ്പുറം കഴിഞ്ഞദിവസത്തെ പ്രവാസി ഭാരതീയ ദിവസ് എന്താണു ഗള്‍ഫ് ഇന്ത്യക്കാര്‍ക്കു നല്‍കിയത്

സംസ്ഥാന സര്‍ക്കാരും പ്രവാസികളുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണു കാണിക്കുന്നത്. അവധിദിവസങ്ങളില്‍ കുടുംബത്തോടൊപ്പം നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളെ പിഴിയാന്‍ കാത്തിരിക്കുന്നതുപോലെയാണ് എയര്‍ ഇന്ത്യ വിമാനക്കൂലി വര്‍ധിപ്പിക്കാറ്. വ്യോമയാനവകുപ്പില്‍ നിന്ന് ഇതിനെതിരേ ഒരു തീരുമാനം സമ്പാദിക്കാന്‍പോലും സംസ്ഥാനസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. മാറിമാറി വരുന്ന സര്‍ക്കാരുകളൊക്കെയും പ്രവാസികളോടു ചിറ്റമ്മനയം സ്വീകരിച്ചിട്ടേയുള്ളൂ.

കറവപ്പശുക്കളെപ്പോലെയാണു സര്‍ക്കാരുകള്‍ പ്രവാസികളെ കാണുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട വോട്ടവകാശംപോലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. മടങ്ങിവന്ന പ്രവാസികള്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴോ വീടുവയ്ക്കാന്‍ തുനിയുമ്പോഴോ ഇടംകോലിടാന്‍ നൂറുകൂട്ടം കാരണങ്ങളാണ് ഉദ്യോഗസ്ഥര്‍ നിരത്താറ്. അത് അവര്‍ക്കു കൈക്കൂലികിട്ടാനുള്ള തന്ത്രവുമാണ്. പ്രവാസികള്‍ പണത്തിന്റെ കലവറയാണെന്ന ധാരണയില്‍ അവരെ പിഴിയുന്നതിനപ്പുറം ആര്‍ദ്രമായ സമീപനം ഒരു മേഖലയില്‍നിന്നും അവര്‍ക്കു ലഭിക്കുന്നില്ല.

ജയിലുകളില്‍ കുടുങ്ങുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ എം.പിമാര്‍ മുഖേന മുറവിളി ഉയരുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ എംബസികള്‍ ഉണരുക. ഇതര രാജ്യങ്ങളിലെ എംബസികള്‍ അവരുടെ നാട്ടുകാരുടെ സുരക്ഷാകാര്യങ്ങളില്‍ ബദ്ധശ്രദ്ധരാണെന്നതുപോലും നമ്മുടെ എംബസികള്‍ ഗൗനിക്കുന്നില്ല. തൊഴിലും ആരോഗ്യവും നഷ്ടപ്പെട്ടു നിരാശ്രയരായി മടങ്ങുന്ന ഗള്‍ഫ് മലയാളികളോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അനുവര്‍ത്തിക്കുന്ന അവഗണന മാറാതെ പ്രവാസി ഭാരതീയദിനങ്ങള്‍ ആഘോഷിക്കുന്നതു കൊണ്ടെന്തു പ്രയോജനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.