2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാര തുക ലഭിച്ചില്ല: സഹായ സെല്ലിനു മുന്നില്‍ തിക്കും തിരക്കും; രണ്ട് വീട്ടമ്മമാര്‍ തളര്‍ന്നുവീണു

കാക്കനാട്: പ്രളയ ദുരിതത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി പരാതി നല്‍കാന്‍ കലക്ടറേറ്റിലെ ദുരിതാശ്വാസ സഹായ കേന്ദ്രത്തില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയ രണ്ട് വീട്ടമ്മമാര്‍ കുഴഞ്ഞുവീണു.
പറവൂര്‍ സ്വദേശികളായ വിട്ടമ്മമാരാണ് പരാതി പരിഹാര സെല്ലിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് തളര്‍ന്നു വീണത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ ഭക്ഷണംപോലും കഴിക്കാതെയാണ് സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും അടക്കമുള്ളവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നത്.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ അടക്കം അഞ്ഞൂറോളം പേരാണ് ഇന്നലെ നഷ്ടപരിഹാരത്തുക വൈകുന്നത് സംബന്ധിച്ച പരാതി ബോധിപ്പിക്കാന്‍ കലക്ടറേറ്റില്‍ എത്തിച്ചേര്‍ന്നത്. പ്രളയം വിഴുങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് പ്രളയ ബാധിതരുടെ പരാതി. പ്രളയം ഏറ്റവുമധികം ബാധിച്ച പറവൂര്‍ അടക്കമുള്ള മേഖലകളില്‍നിന്നൂള്ളവരാണ് പരാതിയുമായി എത്തിയത്. 10,000 രൂപമാത്രം നഷ്ടപരിഹാരം ലഭിച്ചവരാണ് പലരും.
അപേക്ഷയില്‍ തെറ്റുകള്‍ കടന്നുകൂടിയത് അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പലര്‍ക്കും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്. ഓരോ ദിവസവും 120 പേര്‍ക്കാണ് പരാതി പരിഹാര സെല്ലില്‍നിന്ന് ടോക്കണ്‍ നല്‍കുന്നത്.
കഴിഞ്ഞ ആഴ്ചകളിലെ അവധികള്‍ക്ക് ശേഷം നിലവില്‍ ടോക്കണ്‍ എടുക്കാത്തവരും പരാതി ബോധിപ്പിക്കുവാന്‍ എത്തിയതുമാണ് നിയന്ത്രണ വിധേയമല്ലാത്ത വിധം തിരക്ക് അനുഭവപ്പെടാന്‍ കാരണം.

നിയമസഭയില്‍ ഉന്നയിച്ചിട്ടും പ്രശ്‌നങ്ങള്‍ക്ക്  പരിഹാരമുണ്ടായില്ല: വി.ഡി സതീശന്‍

കാക്കനാട്: പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് അനുവദിച്ച നിസാര തുകപോലും ജനങ്ങളുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ സര്‍ക്കാരിന് പണമില്ലാഞ്ഞിട്ടല്ല.  നടത്തിപ്പിലുണ്ടായ വീഴ്ചയാണ് നഷ്ടപരിഹാരത്തുക വൈകാനുള്ള കാരണം. ഈ വിഷയം നിയമസഭയിലടക്കം പലതവണ ഉന്നയിച്ചിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ല.  പലരും ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നതെന്നും ഇടക്കാല ഷെല്‍റ്റര്‍ പോലും അവര്‍ക്ക് നല്‍കുന്നില്ലെന്നും വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.