2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രളയബാധിതര്‍ക്ക് അത്താണിയായ വിഖായക്ക് ‘ഗ്രാന്റ് സല്യൂട്ട്’

തിരൂര്‍: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ വിഖായ വളണ്ടിയര്‍മാര്‍ക്ക് സംഘകുടുംബത്തിന്റെ ഗ്രാന്റ് സല്യൂട്ട്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സമസ്ത നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും രക്ഷാപ്രവര്‍ത്തകരെ ആദരിക്കാന്‍ ഒരുമിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും ദുരന്തബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കര്‍ണാടകയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിഖായ സംഘത്തിന് എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സഹചാരി അവാര്‍ഡ് ദാനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഉരുള്‍പൊട്ടലില്‍ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ചവര്‍, ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ എന്നിവക്ക് എസ്.കെ.എസ്.എസ്.എഫ് ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് സംസ്ഥാനപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയില്‍ നിന്ന് 120 വൃക്കരോഗികളുടെ ഒരു വര്‍ഷത്തെ ഡയാലിസിസ് ധനസഹായ പദ്ധതിയും തങ്ങള്‍ പ്രഖ്യാപിച്ചു.
സമസ്ത മുശാവറ അംഗങ്ങളായ എ.മരക്കാര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.പി മുസ്തഫല്‍ ഫൈസി, മുസ്തഫ മുണ്ടുപാറ, ഷാഹുല്‍ ഹമീദ് മേല്‍മുറി, എസ്.വി മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി, തിരൂര്‍ ആര്‍.ഡി.ഒ. ജെ മോബി, ഡിവൈ. എസ്.പി ബിജു ഭാസ്‌കര്‍, തഹസില്‍ദാര്‍ പി.ടി ജാഫറലി, ഗള്‍ഫ് സംഘടനാ പ്രതിനിധികളായ ഗഫൂര്‍ ഫൈസി പൊന്മള, സുബൈര്‍ ഹുദവി പട്ടാമ്പി, അബ്ദുസമദ് ഫൈസി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും പി.എം റഫീഖ് അഹമ്മദ് നന്ദിയും പറഞ്ഞു.
രാവിലെ നടന്ന പരിശീലന ക്യാംപില്‍ വിഖായ ചെയര്‍മാന്‍ സലാം ഫറോക്ക് അധ്യക്ഷനായി. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, ഡോ. മുഹമ്മദ് ഷാഫി, റഷീദ് ഫൈസി വെള്ളായിക്കോട്, ജലീല്‍ ഫൈസി അരിമ്പ്ര ക്ലാസെടുത്തു. സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് സ്വാഗതവും നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.