
ചെറുതോണി: പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട വാഴത്തോപ്പ് പഞ്ചായത്തിലെ 15 കുടുംബങ്ങള്‍ക്ക് എഫ്.സി.എ ഇന്ത്യ കമ്പനി നിര്‍മ്മിച്ചു നല്കുന്ന വീടുകളിലേക്ക് ഇന്ന് താമസം തുടങ്ങും. രാവിലെ 9.30 ന് വാഴത്തോപ്പ് പാപ്പന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് താക്കോല്‍ദാനം നിര്‍വ്വഹിക്കും.
പ്രളയത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് വീടും ഉപജീവന മാര്‍ഗങ്ങളും നഷ്ടമായത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ സന്നദ്ധ സംഘടനകള്‍ സഹായ ഹസ്തവുമായി ജില്ലയില്‍ എത്തിച്ചേര്‍ന്നിരുന്നു. അന്ന് ജില്ലാ കലക്ടറായിരുന്ന കെ. ജീവന് ബാബുവിന്റെ അടുക്കലെത്തിയ എഫ്സിഎ കമ്പനി പ്രതിനിധികള്‍ തങ്ങളുടെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് ഇടുക്കിയിലെ പ്രളയബാധിതര്‍ക്ക് സഹായം നല്‍കുന്നതിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കൂടുതല്‍ പ്രളയം ബാധിച്ച വാഴത്തോപ്പ് പഞ്ചായത്തിലെ വീടുകള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് കലക്ടര്‍ ശുപാര്‍ശ ചെയ്യുകയും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും പദ്ധതിയുടെ മേല്‍നോട്ടത്തിനുമായി അന്നത്തെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസിനേയും വൈസ് പ്രസിഡന്റ് ഷിജോ തടത്തിലിനെയും ചുമതലപ്പെടുത്തുകയായിരുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവാലയ ആണ് പദ്ധതി നടത്തിപ്പിനുള്ള ഏജന്‍സിയായി പ്രവര്‍ത്തിച്ചത്.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, സിറ്റൗട്ട്, ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈല്‍ പാകിയ തറ, വയറിംഗ്, പ്ലംബിംഗ്, പെയിന്റിംഗ് ഉള്‍പ്പടെ പൂര്‍ത്തീകരിച്ച ഈ വീടുകളിലേക്ക് ആവശ്യമായ ഫാന്‍, എല്‍ഇഡി ബള്‍ബുകള്‍, ജലസംഭരണി ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ചെയ്തു നല്‍കിയിട്ടുണ്ട്. ഒരു വീടിന് ഏകദേശം 7 ലക്ഷം രൂപ വരെയാണ് ചെലവ് വന്നിട്ടുള്ളത്.15 കുടുംബങ്ങളില്‍ നാല് പേര്‍ക്ക് മാത്രമാണ് വീടു വയ്ക്കുന്നതിന് അനുയോജ്യമായ ഭൂമിയുണ്ടായിരുന്നത്. നാല് കുടുംബത്തിന് വീടിന് ആവശ്യമായ സ്ഥലം താന്നിക്കണ്ടം സെന്റ് മേരീസ് പള്ളി വാങ്ങി കൈമാറുകയായിരുന്നു. 3 കുടുംബങ്ങള്‍ക്ക് വിവിധ സംഘടനകളും വ്യക്തികളും ഭൂമി വാങ്ങി നല്‍കുകയും നാല് പേര് സ്വന്തമായി വീടിനാവശ്യമായ 5 സെന്റ് സ്ഥലം വീതം കണ്ടെത്തുകയും ചെയ്തതോടെ പദ്ധതി യാഥാര്‍ത്യമാവുകയായിരുന്നു.