പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം വിവാദമായിരിക്കുകയാണ്. നരേന്ദ്രമോദിയുടെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകം കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറും പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിലുള്ള അതൃപ്തി പരസ്യമായിത്തന്നെ പറഞ്ഞിരിക്കുകയാണ്.
രാജ്യത്തെ ഹൈക്കോടതികളില്‍ ജഡ്ജിമാരുടെ നിയമനം വൈകിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ അപലപിച്ചും പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ പരാമര്‍ശിക്കാതെ പോയതുമാണ് ചീഫ് ജസ്റ്റിസിനെ നിരാശപ്പെടുത്തിയത്. ജഡ്ജി നിയമനത്തിന് കാലങ്ങളായി തുടര്‍ന്നുവരുന്ന കൊളീജിയം സമ്പ്രദായം പുതുക്കിപ്പണിയുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സുപ്രിംകോടതി തടയിട്ടതോടെയാണ് സുപ്രിംകോടതിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞത് എന്നത് പരസ്യമായ രഹസ്യമാണ്.
എന്നാല്‍ മറ്റുചില കേന്ദ്രങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചത് രാജ്യത്തിന്റെ മഹത്തായ ഒരു പൊതുചടങ്ങ് അദ്ദേഹം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ദുരുപയോഗപ്പെടുത്തി എന്നതിനാലാണ്. മുന്‍സര്‍ക്കാരിനെ വിമര്‍ശിച്ചും തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചും സംസാരിക്കുവാനാണ് അദ്ദേഹം തന്റെ പ്രസംഗത്തിലെ ഏറിയ പങ്കും ഉപയോഗപ്പെടുത്തിയത്. യു.പി.എ സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കമ്മിഷന് ചെയ്ത റെയില്‍വേ ലൈനിനേക്കാള്‍ മൂന്നിരട്ടി തന്റെ സര്‍ക്കാര്‍ കമ്മിഷന് ചെയ്തുവെന്നും 350 രൂപയ്ക്ക് കിട്ടിയിരുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ തന്റെ സര്‍ക്കാര്‍ അന്‍പതു രൂപയ്ക്ക് ലഭ്യമാക്കിത്തുടങ്ങിയെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പത്തുശതമാനമായിരുന്ന നാണ്യപ്പെരുപ്പത്തെ ആറുശതമാനമാക്കാന് കഴിഞ്ഞുവെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം സ്വാതന്ത്ര്യദിനചടങ്ങില്‍ നടത്തേണ്ട ഒന്നായിരുന്നില്ല. നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി വിലക്കയറ്റം കുതിച്ചുയരുന്നതിനെക്കുറിച്ച് പരാമര്‍ശിക്കാതെ പോയി.
സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുസ്സഹമാക്കുംവിധമാണ് സാധനങ്ങള്‍ക്ക് അനുദിനം വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. മുന്‍വര്‍ഷം ജൂലൈ മാസത്തേക്കാള്‍ 3.55 ശതമാനം വില പരിപ്പിനും പഞ്ചസാരയ്ക്കും പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 23 മാസത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് കഴിഞ്ഞ ജൂലൈ മാസത്തില്‍ അനുഭവപ്പെട്ടത്. പച്ചക്കറികള്‍ക്ക് 28 ശതമാനവും പരിപ്പിന് വര്‍ഗങ്ങള്‍ക്ക് 36 ശതമാനവും പഞ്ചസാരയ്ക്ക് 32 ശതമാനവുമാണ് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തേക്കാള്‍ ഈ വര്‍ഷം ജൂലൈ മാസത്തില്‍ ഉയര്‍ന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് സംബന്ധിച്ച് ഒരുവാക്കുപോലുംപറയാതിരുന്ന പ്രധാനമന്ത്രി എല്‍.ഇ.ഡി ബള്‍ബുകളുടെ വിലകുറച്ചത് കൊണ്ട് അവശ്യസാധനങ്ങളുടെ വില കുറയുമോ, പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരമെങ്കിലും നേരേ ചൊവ്വേ കഴിക്കാനാവുമോ എന്നൊന്നും വ്യക്തമാക്കിയില്ല.
യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു കൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രസംഗമാണ് അദ്ദേഹം നടത്തിയതെന്ന് കോണ്‍ഗ്രസ് ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്ഷന് മുപ്പത് ശതമാനമായി വര്‍ധിപ്പിച്ചത് മാത്രമായിരുന്നു അദ്ദേഹം ചെങ്കോട്ടയില്‍ നടത്തിയ പ്രഖ്യാപനം. ബലൂചിസ്ഥാന്റെയും പാക് അധീന കശ്മിരിന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും തന്റെ പ്രസംഗം അദ്ദേഹം ഉപയോഗപ്പെടുത്തിയതിനെക്കുറിച്ച് രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്.
ജമ്മുകശ്മിരില് ഒരുമാസം കഴിഞ്ഞിട്ടും സമാധാനശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥയില്‍ നില്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് ബലൂചിസ്താനും പാക് അധീന കശ്മിരും എടുത്തിട്ടതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ഈ നീക്കത്തെ ശുഭസൂചനയായാണ് ബലൂചിസ്താന്‍ സ്വാതന്ത്ര്യസമര പോരാളികള്‍ കാണുന്നതെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് എത്രമാത്രം ഗുണം ചെയ്യുമെന്നത് സംശയാസ്പദമാണ്. പാകിസ്താന് ബലൂചിസ്താനിലും പാക് അധീനകശ്മിരിലും നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അക്രമങ്ങളും ലോകശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ ജമ്മുകശ്മിരില് പുകയുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമാകുമോ എന്നതാണ് ചിന്തിക്കേണ്ടത്. കശ്മിരിലും ഗുജറാത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ദലിതുകളും പിന്നോക്കജാതിക്കാരും മുസ്്ലിം ന്യൂനപക്ഷങ്ങളും സവര്‍ണരുടെ അക്രമങ്ങള്‍ക്കെതിരേ ഐക്യപ്പെട്ടുകൊണ്ടുള്ള സമരസന്നാഹങ്ങളുമായി മുന്നേറുമ്പോള്‍ അതു കണ്ടില്ലെന്നു നടിച്ച് ബലൂചിസ്താനില്‍ ഇന്ത്യ ഇടപെടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി തൊട്ടുകൂടായ്മക്കെതിരേയും തീണ്ടലുകള്ക്കെതിരേയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചുവെങ്കിലും അതൊന്നും ഉയര്‍ന്ന ജാതിക്കാരില്‍ അല്പം പോലും ചലനം സൃഷ്ടിക്കുന്നില്ല എന്നതാണ് വസ്തുത. പാകിസ്താന്റെ തനിനിറം തുറന്നുകാട്ടാന്‍ ബലൂചിസ്താന്‍ പ്രശ്നം ഉയര്‍ത്തിക്കാണിച്ചതിലൂടെ ഇന്ത്യക്ക് കഴിഞ്ഞിരിക്കും. അതോടൊപ്പം തന്നെ ഇന്ത്യയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സമരസന്നാഹങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ആപത്താണ്. ബീഫ് ആക്രമണവും ഗോരക്ഷാ ആക്രമണങ്ങളും സവര്‍ണര്‍ ലക്ഷ്യമിടുന്നത് പശുക്കളെ വിശുദ്ധരായിക്കാണുന്നത് കൊണ്ടല്ല. മുസ്ലിംകളെയും ദലിതുകളെയും വകവരുത്താനുള്ള ഉപായമായിട്ടാണ്. സ്വാതന്ത്ര്യദിനത്തില്‍ ഉനയില്‍ വന്റാലി നടത്തി ഗുജറാത്ത് സംസ്ഥാനത്ത് മാത്രമല്ല, ഇന്ത്യയൊട്ടാകെ വലിയൊരു മാറ്റത്തിന്റെ അനുരണമാണ് ദലിതര്‍ നടത്തിയിരിക്കുന്നത്. കശ്മിരില്‍ കഴിഞ്ഞ ദിവസവും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ മരണപ്പെട്ടിരിക്കുകയാണ്. ഇതിലൊന്നും സ്പര്‍ശിക്കാതെയാണ് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്.
സ്വാതന്ത്ര്യദിനത്തില്‍ ബലൂചിസ്താന്‍ ജനതയുടെ അനുഭാവം നേടിയെടുക്കുവാന്‍ തന്റെ പ്രസംഗം വഴി മോദിക്ക് കഴിഞ്ഞു. എന്നാല്‍ സെപ്തംബറില്‍ നടക്കുന്ന യു.എന്‍ സമ്മേളനത്തില്‍ ബലൂചിസ്താന്‍ പ്രശ്നം ഫലപ്രദമായി ഉന്നയിക്കുവാന്‍ ഇന്ത്യക്ക് കഴിയുമോ? വലിയൊരു മോഹത്തിന്റെ വിത്താണ് മോദി ബലൂചിസ്താന്‍ ജനങ്ങളുടെ നെഞ്ചിലേക്കിട്ടുകൊടുത്തത്. അത് സഫലമാക്കാന്‍ കഴിയാതെ പോയാല്‍ കശ്മിര് പ്രശ്നത്തിന്റെ മേല്‍ മറ്റൊരു പ്രശ്നവുംകൂടി ഇന്ത്യയെ അലട്ടും. കൂനിന്മേല് കുരു എന്നത് പോലെ ഭാവിയില്‍ ബലൂചിസ്താനും ഇന്ത്യക്ക് തലവേദനയായി മാറാനുള്ള സാധ്യത ഏറെയാണ്. നേരത്തേ തന്നെ പാകിസ്താന് ഇന്ത്യക്കുനേരേ ഉന്നയിക്കുന്ന ശക്തമായ ആരോപണം ബലൂചിസ്താനിലെ തീവ്രവാദികളെ ഇന്ത്യ സഹായിക്കുന്നുവെന്നാണ്.
ഈ ആരോപണത്തെ പരോക്ഷമായി ശരിവെക്കുന്നതായിപ്പോയി ബലൂചിസ്താന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. കശ്മിര് അസ്വസ്ഥതകളില്‍ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് കശ്മിര് ജനതയുടെ ആശങ്കകള്‍ അകറ്റുവാനും അവരുടെ വിശ്വാസം ആര്‍ജിക്കാനുമാണ് ശ്രമിക്കേണ്ടത്. അല്ലാതെ കശ്മിര് പുകയുന്നതിനു പകരം ബലൂചിസ്താനില്‍ ഇടപെടുന്നത് കൊണ്ട് ഒരു ഫലവും കിട്ടാന്‍ പോകുന്നില്ല.