2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

പ്രധാനമന്ത്രിയുടെ പ്രഖ്യാപനപ്രഹസനം വീണ്ടും


പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അതിമനോഹരങ്ങളായ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ വിസ്മയഭരിതരാക്കുന്ന മാജിക് പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി ദേശീയ പ്രവര്‍ത്തകസമിതിയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ ഉതകുന്ന ഉത്തേജക പദ്ധതികള്‍ പ്രവര്‍ത്തകസമിതിയില്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയും ചെയ്തു. 2019 മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി എത്തുന്നതോടെ രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തികമാന്ദ്യം പരിഹരിക്കാനാകുമോ? മാത്രമല്ല, ഈ പ്രഖ്യാപനം ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിന് കടകവിരുദ്ധവുമാണ്. 16,000 കോടി വകയിരുത്തിക്കൊണ്ട് സൗജന്യ വൈദ്യുതിവിളക്കുകള്‍ സ്ഥാപിക്കുന്ന സൗഭാഗ്യ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. സബ്‌സിഡികളും സൗജന്യങ്ങളും ഘട്ടംഘട്ടമായി നിര്‍ത്തുമെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. തുടര്‍ന്ന്, സാധാരണക്കാരന്റെയും ഉപയോഗവസ്തുവായ പാചകവാതകത്തിന്മേലുള്ള സബ്‌സിഡി എടുത്തുകളയുകയും ചെയ്തു. ഇത്തരമൊരവസ്ഥയില്‍ വൈദ്യുതി എത്താത്ത നാലുകോടി വീടുകളില്‍ സൗജന്യമായി വൈദ്യുതി എത്തിക്കുമെന്ന വാഗ്ദാനം പ്രധാനമന്ത്രിയുടെ മധുരിക്കുന്ന പഴയ വാഗ്ദാനങ്ങളുടെ ആവര്‍ത്തനം മാത്രമാണ്.
രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യത്തെ അഭിസംബോധന ചെയ്യാതെ ചെപ്പടിവിദ്യകാട്ടി പ്രശ്‌നത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രധാനമന്ത്രി. ലോകം മുഴുക്കെ സാമ്പത്തികപ്രതിസന്ധി അനുഭവപ്പെട്ടപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുത്ത് കൊണ്ടായിരുന്നു. അന്ന് മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്.

മോദി സര്‍ക്കാരാകട്ടെ പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് അവ തീറെഴുതി കൊടുത്തുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കര്‍ഷകര്‍ നിത്യേനയെന്നോണം ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നത് സര്‍ക്കാരിനെ അലട്ടുന്നില്ല. കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ മതിയായ വില കിട്ടുന്നില്ല. ഇതുമൂലം ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ തിരിച്ചടക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. കര്‍ഷകര്‍ക്ക് പണം ലഭ്യമാകാത്തതിനാല്‍ ക്രയവിക്രയങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യുന്നു. ബാങ്കുകളുടെ തിരിച്ചടവ് സാധ്യമാകാതെ വരുന്ന കര്‍ഷകര്‍ മരണത്തെ പുല്‍കിക്കൊണ്ടിരിക്കുകയാണ് ഡിജിറ്റല്‍ ഇന്ത്യയില്‍.

എന്നാല്‍, കോര്‍പ്പറേറ്റുകളെ കണക്കറ്റ് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അവരില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള ആറു ലക്ഷത്തി നാല്‍പത്തൊന്നായിരം കോടി തിരിച്ചുപിടിക്കുന്നതിന് പകരം പെട്രോളിനും ഡീസലിനും വിലകൂട്ടി സാധാരണക്കാരനെ പിഴിഞ്ഞുകൊണ്ടിരിക്കുന്നു. ഇതു തന്നെയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണം. നോട്ട് നിരോധനത്തിലൂടെ സാധാരണക്കാരന്റെ നട്ടെല്ലൊടിയുകയും ജി.എസ്.ടി അപരിഷ്‌കൃതമായി നടപ്പിലാക്കിയതിലൂടെ ചെറുകിട, കുടില്‍വ്യവസായം തകര്‍ക്കുകയും ചെയ്ത സര്‍ക്കാരിന് അവയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ല. വന്‍കിട കമ്പനികളും ചെറുകിടക്കാരും നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ നികുതി ഒരേനിരക്കില്‍ നിശ്ചയിച്ചുകൊണ്ട് കുടില്‍ വ്യവസായങ്ങളെ നശിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ യാഥാര്‍ഥ്യങ്ങളെല്ലാം മുന്നില്‍ നില്‍ക്കെ നാലു കോടി വീടുകളുടെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 2 എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കിയാല്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അവസാനിക്കുമോ? പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനവും തകരച്ചെണ്ടയിലെ മുഴക്കമായി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.